പനാജി: ഗോവയില്‍ വിനോദ സഞ്ചാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഗുജറാത്ത് സ്വദേശി അറസ്റ്റില്‍. ഓഗസ്റ്റ് 23നായിരുന്നു സംഭവം. യുവതിയുടെ പരാതിയില്‍ ഗുജറാത്ത് സ്വദേശിയായ 47കാരന് ലക്ഷ്മണ് ശിയാറിനെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയും ലക്ഷ്മണും തമ്മില്‍ നേരത്തെ തന്നെ പരിചയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇരുവരും വിമാനത്തില്‍വെച്ച് കണ്ടുമുട്ടുകയും പരസ്പരം നമ്പര്‍ കൈമാറുകയും ചെയ്തു. പിന്നീട് ഇവര്‍ പരസ്പരം ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച യുവതിയും ലക്ഷ്മണും വേറെവേറെയായി ഗോവ സന്ദര്‍ശിക്കാനെത്തിയതായിരുന്നു. ഓഗസ്റ്റ് 23ന് ലക്ഷ്മണ് യുവതിയ്ക്ക് ഫോണ്‍വിളിച്ചു.
തുടര്‍ന്ന് ഗോവയില്‍ താന്‍ താമസിക്കുന്ന റിസോര്‍ട്ടിലേക്ക് യുവതിയെ ക്ഷണിച്ചു. റിസോര്‍ട്ടിലെത്തിയ യുവതിയെ ലക്ഷ്മണ് റൂമില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് പുറത്തുപറയരുതെന്ന് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി എന്ന് പോലീസിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തുകയായിരുന്നു.