ഇസ്താംബൂള്‍: ജര്‍മന്‍ ഫുട്‌ബോള്‍ താരം മെസ്യൂദ് ഓസില്‍ രാജ്യാന്തര മത്സരങ്ങളില്‍ നിന്നും വിരമിച്ച തീരുമാനത്തില്‍ പ്രതികരിച്ച് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയിബ് ഉര്‍ദുഗാന്‍ രംഗത്ത്. ഓസിലിനെതിരായ വംശീയ ആക്രമണം അംഗീകരിക്കാന്‍ കഴിയില്ല, ജര്‍മന്‍ ദേശീയ ടീമിനായി വിയര്‍പ്പൊഴുക്കിയ ഒരാളാണ് ഓസില്‍ ഉര്‍ദുഗാന്‍ പ്രതികരിച്ചു.
ഓസിലിനെതിരായ വംശീയ മനോഭാവം അംഗീകരിക്കാന്‍ കഴിയില്ല. ജര്‍മ്മന്‍ ദേശീയ ടീമിന്റെ വിജയത്തിന് വേണ്ടി വിയര്‍പ്പൊഴുക്കിയ ഒരു താരത്തോടാണ് ഈ വംശീയത. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. തിങ്കാളാഴ്ച ഓസിലിനോട് സംസാരിച്ചു. സംഭാഷണത്തില്‍
ഓസിലിന്റെ പ്രസ്താവന വ്യക്തമാക്കുന്നത് അദ്ദേഹം ദേശസ്നേഹിയാണെന്നാണ്, ഉര്‍ദുഗാന്‍ പറഞ്ഞു.
തിങ്കഴാഴ്ച നടത്തിയ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ തനിക്കു നേരെ വംശീയാക്രമണം നടക്കുന്നുവെന്നും റഷ്യന്‍ ലോകകപ്പില്‍ നിന്നും പുറത്തായതിനു പിന്നാലെ താന്‍ ഭീഷണി നേരിടുന്നുണ്ടെന്നും ഓസില്‍ വ്യക്തമായിരുന്നു. അതേസമയം ജര്‍മന്‍ ദേശീയ ടീമില്‍ നിന്നും രാജി വെച്ചതിന്് പിന്നാലെ തുര്‍ക്കി ഫുട്ബോള്‍ ഫെഡറേഷന്‍ ഓസിലിനും കുടുംബത്തിനും പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആര്‍സെനല്ലിനായി കളിക്കുന്ന ഓസില്‍ ലണ്ടനില്‍ വെച്ച് ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതാണ് വിവാദത്തിന് വഴിയൊരുക്കിയത്. ജര്‍മനിയുടെ തന്നെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമായ ഗുഡോഗണും ഓസിലിനൊപ്പം ഉര്‍ദുഗാനെ സന്ദര്‍ശിച്ചിരുന്നു. തുര്‍ക്കി വംശജരായ ഇരുവരും തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാനെ സഹായിക്കാന്‍ വേണ്ടിയാണെന്ന തരത്തില്‍ അന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഉര്‍ദുഗാനുമായി സന്ദര്‍ശനം നടത്തിയതും ഫോട്ടോക്ക് പോസ് ചെയ്തതിനും പിന്നില്‍ ഒരു തരത്തിലുമുള്ള രാഷ്ട്രീയവും ഇല്ലെന്നും തന്റെ കുടുംബത്തിന്റെ രാജ്യത്തെ ഉന്നത പദവിയിലിരിക്കുന്ന ഒരാളോടുള ബഹുമാനമാണെന്നും താനൊരു കളിക്കാരന്‍ മാത്രമാണെന്നും ഓസില്‍ അന്ന് വ്യക്തമാക്കിയിരുന്നു.
ജര്‍മനിയില്‍ റഷ്യന്‍ ലോകകപ്പിന് മുമ്പുള്ള സൗഹൃദ സന്നാഹമത്സരങ്ങളില്‍ കളിക്കുമ്പോള്‍ തന്നെ ജര്‍മനി ആരാധകര്‍ ഗുഡോഗണിനെതിരെ കൂവിയിരുന്നു. സഊദി അറേബ്യക്കെതിരായ മത്സരത്തില്‍ പന്ത് ലഭിക്കുമ്പോള്‍ എല്ലാം ഗുഡോഗണ നെതിരെ ആരാധകര്‍ കൂവി. മത്സര ശേഷം ജോക്വിം ലോ സ്വന്തം കളിക്കാരനെതിരെ കൂവുന്നത് ടീമിന് മോശമായ രീതിയില്‍ ബാധിക്കുമെന്ന് പറഞ്ഞിരുന്നു. അതേസമയം ഓസിലും ഗുഡോഗണും ഉര്‍ദുഗാനെ സന്ദര്‍ശിച്ചതില്‍ തെറ്റില്ലെന്നും ലോ അന്ന് പറഞ്ഞിരുന്നു.
ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ ദക്ഷിണ കൊറിയയോട് രണ്ടു ഗോളിന് തോറ്റാണ് നിലവിലെ ചാമ്പ്യന്‍മാരായിരുന്ന ജര്‍മനി റഷ്യന്‍ ലോകകപ്പില്‍ നിന്നും പുറത്താവുന്നത്.
.