ഇതിഹാസപൂര്‍ണതയ്ക്ക് ലോകകപ്പ് വേണമെന്ന് വാശി പിടിക്കുന്നവര്‍ക്ക് മറുപടിയായി ഖത്തറില്‍ മെസിയുടെ കിരീടധാരണത്തിന് ഇന്നേക്ക് ഒരാണ്ട്. ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തിലെ ആര്‍ത്തിരമ്പിയ നീലക്കടലാരവത്തിന് മുന്നില്‍ കരുത്തരായ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ലോക ഫുട്ബോളിന്റെ സിംഹാസനത്തിലേക്ക് അര്‍ജന്റീനയുടെ സ്ഥാനാരോഹണം. വിമര്‍ശകരുടെ വായടപ്പിച്ച് നൂറ്റാണ്ടിന്റെ ലോകകപ്പ് സമ്മാനിച്ച് ഖത്തറും ആഘോഷമാക്കുകയായിരുന്നു.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനല്‍ മത്സരത്തിനാണ് ആരാധകര്‍ സാക്ഷിയായത്. 36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോകമെമ്പാടുമുള്ള അര്‍ജന്റൈന്‍ ആരാധകര്‍ കാത്തുകാത്തിരുന്ന നിമിഷമായിരുന്നുവത്.
ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ കലാശപ്പോരാട്ടം. ലയണല്‍ മെസിയുടെ ചിറകിലേറി കിരീടമുറപ്പിച്ച അര്‍ജന്റീനയ്ക്ക് മുന്നില്‍ ചാട്ടൂളി പോലെ ഫ്രാന്‍സിന്റെ രക്ഷകനായി അവതരിച്ച എംബാപ്പെ.
ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിന്റെ 2 കിക്കുകള്‍ ലക്ഷ്യം കാണാതെ പോകുന്നതോടെ മത്സരം മെസിക്കും സംഘത്തിനും സ്വന്തം.. കാല്‍പന്തിനെ നെഞ്ചോടുചേര്‍ക്കുന്ന ഒരോ ആരാധകനും മറക്കാത്ത ഓര്‍മയായി മനസില്‍ കൊണ്ടുനടക്കുന്ന നിമിഷങ്ങളായിരുന്നു അതെല്ലാം.
ലോകഫുട്ബോളിന്റെ രാജാക്കന്‍മാരെ തങ്കക്കസവുള്ള മേലങ്കി ചാര്‍ത്തി ആദരിക്കുകയായിരുന്ന ഖത്തര്‍. ഏറെ വൈകി അറബിക്കുപ്പായമണിഞ്ഞ ഫുട്ബോളിന് അതൊരു പുതിയൊരു അനുഭവമായിരുന്നു.
ആദ്യ മത്സരത്തില്‍ സഊദി അറേബ്യയോട് അപ്രതീക്ഷിത പരാജയുമായി തുടങ്ങിയ അര്‍ജന്റീന.. നിരാശയിലേക്കുവീണ ഒരു രാജ്യത്തിന്റെ പ്രതീക്ഷകള്‍ വഹിച്ചുകൊണ്ടുള്ള മെസിയുടെ പ്രയാണം കിരീടമുര്‍ത്തുന്നതിലാണ് ചെന്നുനിന്നത്. ഗോളടിച്ചും ഗോളടിപ്പിച്ചും നീലാകാശത്തോളം പരന്നുകിടക്കുന്ന അര്‍ജന്റൈന്‍ ആരാധകരുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും വീണ്ടും പുതുജീവന്‍ നല്‍കിയ പ്രകടനമായരുന്നുവത്. ഈ പ്രയാണത്തിനിടയില്‍ യൂറോപ്പിലെ പേരുകേട്ട വമ്പന്‍മാരെയെല്ലാം തകര്‍ത്തെറിഞ്ഞിരുന്നു.