X

അര്‍ജന്റീനക്ക് ആശ്വാസം; പ്രതീക്ഷ നല്‍കി മെസിയെത്തുന്നു

ബ്യൂണസ് ഐറീസ്: നിറംമങ്ങിയ അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കി ഫിഫ നടപടി. റഫറിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് നേരിട്ട സസ്പെന്‍ഷന്‍ ഫിഫ വെട്ടിക്കുറച്ചതാണ് അര്‍ജന്റീനക്ക് അശ്വാസമായത്. ഇതോടെ ശേഷിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്റീനക്കായി മെസ്സിക്ക് കളിക്കാനാവും.

ചിലിക്കെതിരെ നടന്ന് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അസിസ്റ്റന്റ് റഫറിയോട് മോശമായി പെരുമാറിയതിനെത്തുടര്‍ന്നാണ് ഫിഫ മെസ്സിയെ നാല് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിലക്കിയത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ലാറ്റിനമേരിക്കന്‍ റൗണ്ടില്‍ അഞ്ചാം സ്ഥാനത്ത് തുടരുന്ന മുന്‍ ചാമ്പ്യന്മാര്‍ ഇതോടെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാവുകയായിരുന്നു.
തുടര്‍ന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ അപ്പീല്‍ നല്‍കുകയായിരുന്നു. മെസ്സി കുറ്റക്കാരനല്ലെന്ന് കാണിക്കാന്‍ തെളിവായി മത്സരത്തിന്റെ വീഡിയോ ദൃശ്യങ്ങളും അസോസിയേഷന്‍ ഹാജരാക്കി. ഇവ പരിഗണിച്ചാണ് മെസിക്കെതിരായ അച്ചടക്ക നടപടിയില്‍ ഫിഫ അയവു വരുത്തിയത്.

ലോകകപ്പ് യോഗ്യതയിലേക്കായി ഇനി നാല് മത്സരങ്ങള്‍ കൂടിയാണ് ശേഷിക്കുന്നത്. റഷ്യയില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടാന്‍ ഈ നാലിലും അര്‍ജന്റീനക്ക് ജയം അനിവാര്യവുമാണ്. ഓഗസ്റ്റ് 31ന് മോണ്ടെവിഡിയോയില്‍ ഉറുഗ്വായ്ക്കെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.

പോയിന്റ് പട്ടികയില്‍ ആദ്യ നാല് ടീമുകളില്‍ ഒന്നാവാന്‍ അര്‍ജന്റീനക്കായില്ലെങ്കില്‍ ഓഷ്യാനാ മേഖലയിലെ ടീമിനെതിരെ പ്ലേ ഓഫ് കളിക്കേണ്ടി വരും. ഈ കടമ്പയിലും ടീം തോല്‍ക്കുകയാണെങ്കില്‍ ഇത്തവണത്തെ ലോകകപ്പിന് അര്‍ജന്റീനയുണ്ടാവില്ല.

chandrika: