അമേരിക്കന്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള സിന്‍സിനാറ്റിയെ വീഴ്ത്തി അവസാന സ്ഥാനത്തുള്ള ഇന്റര്‍മയാമി ഈ സീസണില്‍ രണ്ടാം ഫൈനലില്‍ കടന്നു.
അമേരിക്കന്‍ ഓപ്പണ്‍ കപ്പിന്റെ സെമിഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ഇന്റര്‍ മയാമി ഫൈനലില്‍ കടന്നത്. നിശ്ചിത സമയവും അധിക സമയവും ഇരുടീമുകളും സമനിലയിലായതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു മെസ്സി പടയുടെ വിജയം. മെസ്സി എത്തിയതിന് ശേഷം തുടര്‍ച്ചയായ എട്ടാം മത്സരത്തിലാണ് മയാമിയുടെ ജയം. മത്സരത്തില്‍ 2:0 ത്തിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്റര്‍ മയാമിയുടെ തിരിച്ചുവരവ്.
ആദ്യ പകുതിയുടെ 18ാം മിനിറ്റില്‍ തന്നെ സിന്‍സിനാറ്റി മുന്നില്‍ എത്തി. മയാമിയുടെ പ്രതിരോധ പിഴവ് മുതലെടുത്തായിരുന്നു സിന്‍സിനാറ്റി മുന്നിലെത്തിയത്. ലൂസിയാനോ അക്കോസ്റ്റ ആണ് ഗോള്‍ നേടിയത്. തൊട്ടു പിന്നാലെ 21ാം മിനിറ്റില്‍ സിന്‍സിനാറ്റി വീണ്ടും വലചലിപ്പിച്ചു. പക്ഷേ ഇത്തവണ ഓഫ്‌സൈഡില്‍ കുരുങ്ങി സിന്‍സിനാറ്റിയുടെ ഗോള്‍ നഷ്ടമായി. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡില്‍ സിന്‍സിനാറ്റി മുന്നില്‍ നിന്നു.
ആവേശവും അപ്രതീക്ഷിത ട്വിസ്റ്റുകളും ഒരുപോലെ നിറഞ്ഞ് നിന്നതായിരുന്നു രണ്ടാം പകുതി. തുടക്കത്തില്‍ പന്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത സിന്‍സിനാറ്റി 53ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി. ബ്രാന്‍ഡന്‍ വാസ്‌ക്വസ് ആണ് രണ്ടാം ഗോള്‍ നേടിയത്. 60 മിനിറ്റ് പിന്നിട്ട ശേഷമാണ് മയാമി മത്സരത്തിലേക്ക് തിരികെ വന്നത്. 67ാം മിനിറ്റില്‍ ലിയോനാര്‍ഡോ കാമ്പാന മയാമിയുടെ ആദ്യ ഗോള്‍ നേടി. പിന്നീട് മയാമിയ്ക്ക് സമനില നല്‍കാതിരിക്കാന്‍ സിന്‍സിനാറ്റി കിണഞ്ഞ് ശ്രമിച്ചു. ലീഡ് ഉയര്‍ത്താനുള്ള സിന്‍സിനാറ്റിയുടെ ശ്രമങ്ങളും ശക്തമായിരുന്നു. പക്ഷേ ഇഞ്ചുറി ടൈമില്‍ മയാമിയുടെ തിരിച്ചുവരവ്. മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ ലിയോനാര്‍ഡോ കാമ്പാനയുടെ രണ്ടാം ഗോള്‍. സ്‌കോര്‍ 22 ന് തുല്യം. ഇതോടെ മത്സരം അധിക സമയത്തിലേക്ക്.
അധിക സമയത്ത് തുടക്കം തന്നെ മയാമി ലീഡെടുത്തു. ജോസഫ് മാര്‍ട്ടിനെസ് ആയിരുന്നു ?ഗോള്‍ കുറിച്ചത്. സ്‌കോര്‍ 32 ന് മയാമി മുന്നില്‍. 02 പിന്നില്‍ നിന്ന ശേഷം മയാമിയുടെ തിരിച്ചുവരവ്. സമനില ഗോളിനായി സിന്‍സിനാറ്റി ആക്രമണം കടുപ്പിച്ചു. ഒരു വിധം പ്രതിരോധിച്ച് മയാമി പിടിച്ചുനിന്നു. എന്നാല്‍ 113ാം മിനിറ്റില്‍ സിന്‍സിനാറ്റി ഒപ്പമെത്തി. യുയ കുബോയുടെ ഗോള്‍ സിന്‍സിനാറ്റിയെ ഒപ്പമെത്തിച്ചു. ബാക്കിയുള്ള ഏഴ് മിനിറ്റില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. മറ്റൊരു ആവേശകരമായ മത്സരത്തിനൊടുവില്‍ ഇന്റര്‍ മയാമിക്ക് ജയം.