ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ക്രൊയേഷ്യയും അര്‍ജന്റീനയും ഇന്ന് ഏറ്റുമുട്ടുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികളുടെയുള്ളിലെ ആശങ്ക ക്വാര്‍ട്ടറില്‍ മെസി ഉള്‍പ്പടെയുള്ളവര്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് നേടിയ കാര്‍ഡുകളെ കുറിച്ചാണ്. ക്വാര്‍ട്ടറിനു പുറമേ സെമിയിലെങ്ങാനും മെസി മഞ്ഞക്കാര്‍ഡ് കണ്ടാല്‍ ഫൈനലില്‍ നായകന്‍ ഇല്ലാതെ അര്‍ജന്റീന ഇറങ്ങേണ്ടി വരുമോ എന്ന ആശങ്കാ വചനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അര്‍ജന്റീന്‍ ആരാധകരെക്കാള്‍ മറ്റു ടീമുകളുടെ ആരാധകര്‍ക്കാണ് ആശങ്കയേറെ.
പക്ഷേ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നതാണ് സത്യം. ഫിഫ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്ന പുതിയ കാര്‍ഡ് നിയമം ഇക്കാര്യം വ്യക്തമാക്കുന്നു. മികച്ച താരങ്ങള്‍ക്ക് ഫൈനലില്‍ അവസരം നഷ്ടമാകാതെ ഇരിക്കാന്‍ ‘ക്ലീന്‍ സ്ലേറ്റ്’ രീതിയാണ് ഖത്തറില്‍ ലോകകപ്പ് ആരംഭിക്കും മുമ്പേ തന്നെ ഫിഫ ഏര്‍പ്പെടുത്തിയത്. 1970ലെ ലോകകപ്പ് മുതലാണ് അച്ചടക്ക ലംഘനത്തിന് കാര്‍ഡ് നല്‍കുന്ന രീതി ഫിഫ കൊണ്ടുവരുന്നത്. ചെറിയ തെറ്റുകള്‍ക്ക് മഞ്ഞയും ഗുരുതര അച്ചടക്ക ലംഘനത്തിന് ചുവപ്പ് കാര്‍ഡും.
ഒരേ മത്സരത്തില്‍ രണ്ടു തവണ മഞ്ഞക്കാര്‍ഡ് കണ്ടാല്‍ രണ്ടാം മഞ്ഞയ്‌ക്കൊപ്പം ചുവപ്പ് കാര്‍ഡ് കൂടി നല്‍കി ആ താരത്തെ പുറത്താക്കുകയും ചെയ്യും. അതേപോലെ തുടര്‍ച്ചയായ രണ്ടു മത്സരങ്ങളില്‍ മഞ്ഞക്കാര്‍ഡ് വാങ്ങിയാല്‍ അടുത്ത മത്സരം കളിക്കുന്നതില്‍ നിന്നു വിലക്ക് ലഭിക്കും. ലോകകപ്പ്, യൂറോ കപ്പ് പോലുള്ള ചാമ്പ്യന്‍ഷിപ്പുകളിലും ക്ലബ് ലീഗ് മത്സരങ്ങളിലുമെല്ലാം ഈ നിയമം ബാധകമാണ്.
മുമ്പും ഇതു ലോകകപ്പുകളില്‍ പ്രയോഗിച്ചിട്ടുമുണ്ട്. ഗ്രൂപ്പ് മത്സരങ്ങളില്‍ പിഴവ് സംഭവിച്ച് തുടരെ കാര്‍ഡ് വാങ്ങിയ താരങ്ങള്‍ക്ക് പക്ഷേ നോക്കൗട്ട് മത്സരങ്ങള്‍ കളിക്കാനാകാതെ പോയതോടെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഫിഫ പഴയ നിയമം മാറ്റി. അതായത് ഗ്രൂപ്പ് റൗണ്ടിലെ അവസാന രണ്ടു മത്സരത്തില്‍ തുടരെ രണ്ടു മഞ്ഞക്കാര്‍ഡുകള്‍ കണ്ടാലും ആ താരത്തിന് പ്രീക്വാര്‍ട്ടര്‍ മത്സരം കളിക്കാനാകും എന്നതായിരുന്നു ആ ഭേദഗതി. വലിയ സ്വീകാര്യതയമാണ് ഇതിനു ലഭിച്ചത്.പക്ഷേ അപ്പോഴൂം നോക്കൗട്ടില്‍ നിയമം നില നിന്നിരുന്നു. തുടരെ രണ്ടു മത്സരങ്ങളില്‍ കാര്‍ഡ് കണ്ടാല്‍ അടുത്ത റൗണ്ടില്‍ മത്സരം നഷ്ടമാകുമെന്ന സ്ഥിതിയായിരുന്നു.
പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും മഞ്ഞക്കാര്‍ഡ് കിട്ടിയവര്‍ക്ക് സെമിയും ക്വാര്‍ട്ടറിലും സെമിയിലും മഞ്ഞ കണ്ടവര്‍ക്ക് ഫൈനലും നഷ്ടമായിട്ടുണ്ട്. ഇതിനു മുമ്പ് ആദ്യമായി ലോകകപ്പ് ഏഷ്യന്‍ ഭൂഖണ്ഡത്തിലെത്തിയപ്പോള്‍ ബ്രസീലിനെതിരായ ഫൈനലില്‍ ജര്‍മനിയുടെ മിഷേല്‍ ബല്ലാക്കിന് കളിക്കാനാകാതെ പോയത് ഈ നിയമം കാരണമാണ്. ഇത് വലിയ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു.