X
    Categories: Sports

ലോകകപ്പ് ഇല്ലെങ്കില്‍ മെസി ടീം വിടും

 

ബാര്‍സിലോണ:റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനക്ക് കിരീടം സമ്മാനിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പിന്നെ ദേശീയ ടീമില്‍ തുടരുന്നതില്‍ കാര്യമില്ലെന്ന് സൂപ്പര്‍ താരം ലിയോ മെസി. 2014 ബ്രസീല്‍ ലോകകപ്പില്‍ ഫൈനല്‍ വരെയെത്തിയ മെസിയുടെ സംഘം അവസാന നിമിഷത്തില്‍ ജര്‍മനിയോട് പരാജയപ്പെട്ട് പുറത്താവുകയായിരുന്നു. ബാര്‍സിലോണക്കായി നിരവധി കിരീടങ്ങളും ഗോളുകളും സ്വന്തമാക്കിയ മെസിക്ക് ഇത് വരെ രാജ്യത്തിനായി വലിയ കിരീടങ്ങള്‍ സമ്മാനിക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്ന് തവണ കോപ്പ് അമേരിക്ക ഫൈനലില്‍ അര്‍ജന്റീനയെ എത്തിച്ച് മെസിക്ക് ഒരു തവണ പോലും കപ്പ് സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ കോപ്പ ഫൈനലില്‍ ചിലിയോട് പരാജയപ്പെട്ടതിന് പിറകെ ദേശീയ ടീം വിടുന്നതായി മെസി പറഞ്ഞിരുന്നു. പിന്നീട് കാര്യമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അദ്ദേഹം തിരിച്ചുവന്നത്.
ഇത്തവണ യോഗ്യതാ റൗണ്ടില്‍ മെസിയുടെ ദേശീയ ടീം തപ്പിതടഞ്ഞിരുന്നു. അവസാന മല്‍സരത്തില്‍ വിജയം നേടിയാണ് ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ നിന്നും കടന്നു കയറിയത്. 30 വയസുള്ള മെസിക്ക് റഷ്യന്‍ ലോകകപ്പ് ചിലപ്പോള്‍ അവസാനത്തെ ലോകകപ്പായിരിക്കും. 2022 ല്‍ ഖത്തറില്‍ ലോകകപ്പ് നടക്കുമ്പോള്‍ അദ്ദേഹത്തിന് പ്രായം 34 ആവും. ഈ പ്രായത്തില്‍ മെസിയെ പോലെ ഒരാള്‍ക്ക് ദേശീയ ടീമില്‍ ഇടമുണ്ടാവുമോ എന്ന കാര്യത്തിലും ഉറപ്പില്ല. അതിനാല്‍ റഷ്യന്‍ ലോകകപ്പ് മെസിയുടെ ദേശീയ കരിയറില്‍ നിര്‍ണായകമാണ്.

chandrika: