X

മെസി പോകുന്നു, പകരം നെയ്മര്‍; ബാഴ്‌സയുടെ പുതിയ പദ്ധതി ഇങ്ങനെയെന്ന് സ്പാനിഷ് മാധ്യമങ്ങള്‍

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോടേറ്റ ദയനീയ പരാജയത്തിന് പിന്നാലെ അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി ബാഴ്സലോണ ക്ലബ് വിടുകയാണെന്ന വാര്‍ത്ത ഇതിനകം ഫുട്ബോള്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കാല്‍പന്തിന്റെ ബാലപാഠം പഠിച്ച സ്വ്പാനിഷ് ക്ലബില്‍ നിന്നും പടിയിറങ്ങുന്ന സൂപ്പര്‍ താരം ഇംഗ്ലീഷ് ക്ലബിലേക്കാണ് ചേക്കേറുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഈ വര്‍ഷത്തോടെ മെസി ക്ലബിനോട് ഗുഡ്ബൈ പറയുന്ന സാഹചര്യം മുന്നില്‍ കണ്ട് ബാഴ്സലോണ മറ്റൊരു നീക്കം നടത്തുന്നുണ്ടെന്നാണ് പുതിയ റിപ്പോട്ടുകള്‍ വ്യക്തമാക്കുന്നത്. 2021 വരെയാണ് മെസി ബാഴ്‌സയില്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഒരുപക്ഷേ ഇതിനുമുമ്പേ പത്താം നമ്പര്‍ താരം ക്ലബ് വിടാനുള്ള പദ്ധതിയുമുണ്ടെന്ന് സ്പാനിഷ് മാധ്യമമായ എസ്പോര്‍ട്ട് ഇന്ററാറ്റിവോ റിപ്പോര്‍ട്ട് ചെയ്യുന്നു. മെസി ബാഴ്‌സ വിടുന്ന സാഹചര്യത്തില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറെ തിരിച്ചെത്തിക്കാനുള്ള ലക്ഷ്യത്തിലാണ് സ്പാനിഷ് ക്ലബ്.

എന്നാല്‍, ബാഴ്സലോണയില്‍ നിന്ന് റെക്കോര്‍ഡ് തുകക്ക് ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ് പാരിസ് സെന്റ് ജെര്‍മെയ്നിലേക്ക് പോയ നെയ്മറെ തിരികെ ടീമിലെത്തിക്കുക എന്നതും ക്ലബിന് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. കഴിഞ്ഞ സീസണിലും ബാഴ്സലോണ നെയ്മറെ തിരികെയെത്തിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ അത് വിജയിച്ചില്ല. തുടര്‍ന്ന് അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്നും ഫ്രഞ്ച് സൂപ്പര്‍ താരം അന്റോയിന്‍ ഗ്രിസ്മാനെ സ്വന്തമാക്കുകയാണ് ബാഴ്‌സ ചെയ്തത്. എന്നാല്‍ ഗിസ്മാന്‍ വേണ്ട പോലെ തിളങ്ങാതെ പോയതും ക്ലബിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചിരുന്നു. പുതിയ സീസണിലേക്ക് നെയ്മറെ എത്തിക്കാന്‍ പകരം ഗ്രിസ്മാനെ പിഎസ്ജിക്ക് നല്‍കുകയെന്ന ആലോചനയും ബാഴ്‌സ നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിനായുള്ള നീക്കങ്ങള്‍ ക്യാമ്പ് നൗവില്‍ നടക്കുന്നതായും നെയ്മറിനായി ബാഴ്‌സലോണ ഗ്രിസ്മാന് പുറമെ 60 മില്യണ്‍ ഡോളറും വാഗ്ദാനം ചെയ്യാന്‍ തയ്യാറാണെന്നും സ്‌പോര്‍ട്ട് റിപ്പോര്‍ട്ടു ചെയ്തു.

അതേസമയം, നിലവില്‍ ബാഴ്സലോണ പുറത്തായ ചാമ്പ്യന്‍സ് ലീഗിന്റെ സെമി കളിക്കുന്ന പിഎസ്ജി നെയ്മറിനെ പുതിയ സീസണില്‍ വിട്ടുകൊടുക്കുമോ എന്നതും ബാഴ്‌സ ആരാധകര്‍ കാത്തിരുന്നു കാണേണ്ടതാണ്.

കഴിഞ്ഞ 16 വര്‍ഷമായി ബാഴ്സലോണയില്‍ കളിക്കുന്ന മെസി കരിയറില്‍ മറ്റൊരു ക്ലബിന് വേണ്ടിയും കളത്തിലിറങ്ങിയിട്ടില്ല. ബാഴ്സലോണയില്‍ നിന്ന് തന്നെ വിരമിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് മെസി പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോട് 8-2ന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ക്ലബിനോട് വിട പറയാനുള്ള തീരുമാനം താരം എടുത്തതായാണ് മെസിയോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

chandrika: