X

മിശിഹ തറവാടു വിടുന്നു

മാഡ്രിഡ്: ലിയോ മെസി എന്ന ഫുട്‌ബോള്‍ മാന്ത്രികന്‍ തന്റെ സ്ഥിരം തട്ടകമായ ബാര്‍സിലോണ വിടുകയാണോ…..? ഇടക്കാലത്ത് ഉയര്‍ന്നു വന്ന ഈ ചോദ്യത്തിന്റെ പ്രസക്തി വര്‍ധിപ്പിച്ചു കൊണ്ട് മെസി തന്നെ ഇന്നലെ പറഞ്ഞ കാര്യങ്ങള്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാണെന്ന് വ്യക്തമാക്കുന്നു. ബാര്‍സയുടെ മുഖ്യ പരിശീലകനായി പെപ് ഗുര്‍ഡിയോള എന്ന പഴയ കോച്ച് വരണമെന്ന് മെസി ആവശ്യപ്പെട്ടിരിക്കുന്നത് നിലവിലെ ടീം കോച്ച് ലൂയിസ് എന്‍ട്രികെയോടുള്ള പരസ്യ അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടാണ്. എന്‍ട്രികെയും മെസിയും തമ്മിലുള്ള സൗന്ദര്യപിണക്കങ്ങള്‍ ഫുട്‌ബോള്‍ ലോകത്തിനറിയാം.

കഴിഞ്ഞയാഴ്ച്ചയാണ് എന്‍ട്രികെ പറഞ്ഞത് ടീമിന്റെ രഹസ്യങ്ങള്‍ താന്‍ മെസിയുമായി ചര്‍ച്ച ചെയ്യാറില്ലെന്ന്. ദിവസങ്ങള്‍ക്ക് മുമ്പ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പി.എസ്.ജിക്ക് മുന്നില്‍ നാല് ഗോളിന് ബാര്‍സ തകര്‍ന്നതിന് ശേഷം ടീമിന് നേരെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. മെസിയും നെയ്മറും സുവാരസുമെല്ലാം കളിക്കുന്ന സൂപ്പര്‍ സംഘം ദയനീയമായി തോറ്റതിന് പിറകില്‍ കോച്ചിന്റെ പിഴവുകളാണെന്നാണ് ബാര്‍സ മാനേജ്‌മെന്റും കരുതുന്നത്. സീനിയര്‍ താരങ്ങളുമായി കോച്ചിന് നല്ല ബന്ധമില്ലതാനും. ഇത്തരം സാഹചര്യത്തില്‍ എന്‍ട്രികെയുമായുള്ള ബന്ധം വഷളായിട്ടുണ്ട്. ഇന്ന് ബാര്‍സ ലാലീഗയില്‍ ലഗാനസുമായി കളിക്കുന്ന സാഹചര്യത്തില്‍ കോച്ചിന്റെ കാര്യത്തില്‍ ഈ സീസണിനൊടുവില്‍ തീരുമാനമുണ്ടാവും.

എന്‍ട്രികെ തുടരുന്ന പക്ഷം മെസി ബാര്‍സയിലുണ്ടാവില്ലെന്നുറപ്പാണ്. ഗുര്‍ഡിയോളക്ക് വേണ്ടി മെസി രംഗത്ത് വന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പ്രശ്‌നം കോച്ചാണെന്ന് വ്യക്തമായിട്ടുണ്ട്. ബാര്‍സയുമായി മെസിയുടെ കരാര്‍ അടുത്ത വര്‍ഷം അവസാനിക്കുകയാണ്. അദ്ദേഹവുമായി കരാര്‍ ഉടന്‍ പതുക്കുമെന്ന് ബാര്‍സ മാനേജ്‌മെന്റ്് പറയുന്നുവെങ്കിലും മെസി ഈ കാര്യത്തില്‍ മനസ് തുറന്നിട്ടില്ല. ഗുര്‍ഡിയോളയാവട്ടെ മെസിക്കുളള മറുപടിയില്‍ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട് താന്‍ ബാര്‍സയിലേക്കില്ലെന്ന്. കൂടാതെ മെസിയെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് അദ്ദേഹം ക്ഷണിച്ചിട്ടുമുണ്ട്.

കുട്ടിക്കാലം മുതല്‍ ബാര്‍സയുടെ സ്വന്തമാണ് മെസി. തന്റെ കരിയര്‍ ബാര്‍സയില്‍ തുടങ്ങി ബാര്‍സയില്‍ തന്നെ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ മാറുന്ന സാഹചര്യങ്ങളില്‍ മെസി കളം മാറുമെന്ന് തന്നെയാണ് സ്പാനിഷ് ഫുട്‌ബോള്‍ ലോകം നല്‍കുന്ന സൂചന.

chandrika: