ലണ്ടന്‍: ബാഴ്‌സലോണ വിടുമെന്ന് ഉറപ്പായ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ കൂടുമാറ്റത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്ക് ഫുട്‌ബോള്‍ ലോകത്ത് പഞ്ഞമില്ല. മാഞ്ചസ്റ്റര്‍ സിറ്റി, പി.എസ്.ജി, ഇന്റര്‍മിലാന്‍ തുടങ്ങിയ വന്‍കിട ക്ലബുകളുടെ പേരെല്ലാം പറഞ്ഞു കേള്‍ക്കുന്നുണ്ട്. പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂളും കൂട്ടത്തിലുണ്ടായിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പ്.
മെസ്സി ലിവര്‍പൂളിലേക്ക് വരാന്‍ ഒരു ചാന്‍സുമില്ല എന്നാണ് ക്ലോപ്പിന്റെ പ്രതികരണം. ‘അത് മാഞ്ചസ്റ്റര്‍ സിറ്റിയെയാണ് സഹായിക്കുക. അതോടെ അവര്‍ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടുള്ള ടീമായി മാറും. ഇപ്പോള്‍ തന്നെ അവര്‍ അങ്ങനെയാണ്. പ്രീമിയര്‍ ലീഗിനെ സംബന്ധിച്ചിടത്തോളം ഇത് നൂറു ശതമാനവും മഹത്തായ വാര്‍ത്തയാണ്. ലോകത്തെ ഏറ്റവും മികച്ച കളിക്കാരനാണ് ലീഗിലെത്തുന്നത്. ഞങ്ങള്‍ അതേക്കുറിച്ച് (മെസ്സിയുടെ വരവ്) ചിന്തിച്ചിട്ടില്ല. അതിന് ഒരു ചാന്‍സുമില്ല’ – അദ്ദേഹം പറഞ്ഞു.
അതിനിടെ, ഇറ്റാലിയന്‍ ക്ലബായ യുവന്റസ് മെസ്സിയെ സ്വന്തമാക്കാന്‍ രംഗത്തുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ക്ലബ് അധികൃതര്‍ അച്ഛന്‍ ജോര്‍ജ് മെസ്സിയുമായി ചര്‍ച്ച നടത്തിയതായി എല്‍എക്വിപ്പെ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ക്രിസ്റ്റിയാനോ റൊണോള്‍ഡോ ഉള്ള യുവന്റസിലേക്ക് മെസ്സി ചേക്കേറില്ല എന്നാണ് ഫുട്‌ബോള്‍ ലോകം കരുതുന്നത്.