കമാല്‍ വരദൂര്‍
ബെര്‍ണബുവിലെ എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ മെസി ഫൗള്‍ ചെയ്യപ്പെട്ടത് പതിനാല് തവണ..! റയലിന്റെ ബ്രസീല്‍ ഡിഫന്‍ഡര്‍ മാര്‍സിലോയുടെ ഫൗളില്‍ മേല്‍ചുണ്ട് പൊട്ടി, പല്ല് നഷ്ടമായി രക്തം വാര്‍ന്നൊലിച്ചു. ടീം ഡോക്ടര്‍ നല്‍കിയ ടിഷ്യുവുമായി രക്തം തുടച്ച്, ആ ടിഷ്യു കടിച്ചുപിടിച്ച് കളി തുടര്‍ന്നു മെസി. കാസിമിറോ, സെര്‍ജിയോ റാമോസ് തുടങ്ങി റയല്‍ ഡിഫന്‍സിലെ പലരും അര്‍ജന്റീനക്കാരനെ മാരകമായി കൈകാര്യം ചെയ്തു. റാമോസ് ചുവപ്പ് കാര്‍ഡുമായി പുറത്തായപ്പോള്‍ മെസിയെ തുടക്കത്തിലേ ഫൗള്‍ ചെയ്ത് മഞ്ഞ വാങ്ങിയ കാസിമിറോയെ റയല്‍ കോച്ച് സിദാന്‍ രണ്ടാം പകുതിയില്‍ പിന്‍വലിച്ചു. പ്രതിയോഗികളുടെ ബലിഷ്ട കരങ്ങള്‍ക്കും കാലുകള്‍ക്കും നടുവിലും തന്റെ ഫുട്‌ബോളിനും സമീപനത്തിനും മാറ്റമില്ലെന്ന് പലവട്ടം തെളിയിച്ചിട്ടുള്ള മെസി പ്രതിഷേധത്തിനും തിരിച്ചടികള്‍ക്കും നില്‍ക്കാതെ രണ്ട് വട്ടം ഗോളടിച്ചു. രണ്ടും എണ്ണം പറഞ്ഞ ഗോളുകള്‍. രണ്ടാം ഗോള്‍ മല്‍സരത്തിന്റെ അവസാന സെക്കന്‍ഡില്‍-അതും കളം നിറഞ്ഞ റയല്‍ ഗോള്‍ക്കീപ്പര്‍ കൈലര്‍ നവാസിനെ നിഷ്പ്രഭനാക്കി കൊണ്ട്. എല്‍ക്ലാസിക്കോയിലെ ബാര്‍സയുടെ ജയത്തില്‍ മാത്രമല്ല ലോക ഫുട്‌ബോളില്‍ നിറയുന്ന പ്രപഞ്ച സത്യമായി മെസി മാറുകയാണ്-പകരം വെക്കാനില്ലാത്ത പ്രതിഭയായി. ക്ലബ് ഫുട്‌ബോളില്‍ അദ്ദേഹം 500 ഗോളുകള്‍ തികച്ചത് ഒരു ലക്ഷത്തോളം വരുന്ന റയല്‍ ഫാന്‍സിന് നടുവിലായിരുന്നു. ലോക ഫുട്‌ബോളില്‍ നിറയുന്ന രണ്ട് താരങ്ങള്‍-കൃസ്റ്റിയാനോയും മെസിയും. ഇവര്‍ തമ്മിലുളള ബലാബലത്തില്‍ കണ്ടത് രണ്ട് പേരും തമ്മിലുള്ള മാറ്റം തന്നെ. കഠിനാദ്ധ്വാനത്തിന്റെ പ്രതിഫലന രൂപമാണ് കൃസ്റ്റിയാനോ. പന്ത് ലഭിച്ചാല്‍ ഞൊടിയിടയില്‍ മാറുന്നയാളാണ് അദ്ദേഹം-ഏത് ആങ്കിളിലും അദ്ദേഹം വല ലക്ഷ്യമാക്കും. അത് രണ്ട് കാലുകളാവാം, തലയാവാം- അസാമാന്യമായ ശരീര മെയ്‌വഴക്കത്തില്‍ പ്രതിയോഗികളെ മറികടക്കുന്ന കൃസ്റ്റിയാനോക്ക് പക്ഷേ സ്വന്തം മൈതാനത്ത് അവസരങ്ങള്‍ പലത് ലഭിച്ചു-ഒന്നും ഫലവത്തായില്ല. അതേ സമയം മെസിക്ക് നാല് സുവര്‍ണാവസരങ്ങള്‍ കിട്ടി-അതില്‍ രണ്ടും ഗോളായി. നെയ്മറെ പോലെ ശക്തനായ കൂട്ടുകാരന്‍ ഇല്ലാതിരുന്നിട്ടും മെസിയിലെ താരം നിരാശനായി മൈതാനത്ത് നടന്നില്ല. പന്ത് ലഭിക്കുമ്പോഴെല്ലം അദ്ദേഹം അപകടകാരിയായി. അദ്ദേഹത്തെ തടയാനുള്ള ശ്രമത്തിലാണ് കാസിമിറോയും റാമോസും മാര്‍സിലോയുമെല്ലാം സ്വന്തം ഗെയിമിനെ പണയം വെച്ചത്.
റയല്‍ സംഘത്തില്‍ കൃസ്റ്റിയാനോയെക്കാള്‍ തകര്‍ത്തു കളിച്ചത് പരുക്കേറ്റ ബെയിലിന് പകരം അവസരം ലഭിച്ച അസുന്‍സിയോയായിരുന്നു. വലത് വിംഗില്‍ നിന്നും അദ്ദേഹത്തിന്റെ കുതിച്ചുകയറ്റം ബാര്‍സ ഡിഫന്‍സിന് തലവേദനയായിരുന്നു. പക്ഷേ ലക്ഷ്യബോധത്തില്‍ മെസിയോളമെത്തിയില്ല ആരും. ആ അവസാന ഗോള്‍ തന്നെ ചരിത്രമല്ലേ-ലോക ഫുട്‌ബോളില്‍ ഇത്തരത്തിലൊരു ഗോള്‍, അതും ക്ലബിനായി അഞ്ഞുറാമത് ഗോള്‍ ആരും നേടിയിട്ടുണ്ടാവില്ല. ആ ഗോള്‍ നേട്ടത്തിന് ശേഷം അത് വരെ അടക്കിവെച്ച വികാരങ്ങളെല്ലാം മെസി പുറത്തെടുത്തു. റയല്‍ ഫാന്‍സിനെ നോക്കി അദ്ദേഹം തന്റെ ജഴ്‌സി അഴിച്ചു-ആരാണ് താനെന്ന് വിളിച്ച് പറഞ്ഞു. ലോകം മറക്കാത്ത മറ്റൊരു മെസി മുദ്ര…!