റഷ്യന്‍ ലോകകപ്പിന് പിന്നാലെ രാജ്യന്തര മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്ന ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസി് തിരിച്ചെത്തിയിട്ടും അര്‍ജന്റീനയ്ക്ക് ദയനീയ തോല്‍വി. ഒമ്പത് മാസങ്ങള്‍ക്കു ശേഷം രാജ്യത്തിനായി മെസ്സി കളത്തിലിറങ്ങിയ ആദ്യ മത്സരത്തില്‍ വെനസ്വേലയ്ക്കെതിരെ ഒന്നിനെതിരേ മൂന്നു ഗോളുകളുടെ ദയനീയ തോല്‍വിയാണ് അര്‍ജന്റീവ ഏറ്റുവാങ്ങിയത്. കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായുള്ള രാജ്യാന്തര സൗഹൃദ മത്സരത്തിലേറ്റ തോല്‍വി മെസിക്കും ടീമിനും വലിയ തിരിച്ചടിയാണ്.
മെസിയുടെ മുഴുനീല പാസുകളൊഴിച്ചാല്‍ മത്സരത്തില്‍ ഉടനീളം ആധിപത്യം വെനസ്വേലയ്ക്കായിരുന്നു. മത്സരം ആരംഭിച്ച് ആറാം മിനിറ്റില്‍ തന്നെ വെനസ്വേല മുന്നിലെത്തി. സലോമോന്‍ റോണ്‍ഡണ്‍ (6), ജോണ്‍ മുറില്ലോ (44), ജോസഫ് മാര്‍ട്ടിനെസ് (75) എന്നിവരാണ് വെനസ്വേലയ്ക്കായി സ്്‌കോര്‍ ചെയ്തത്.
മെസി തന്റെ ശൈലിയില്‍ കളം നിറയാന്‍ ശ്രമിച്ചെങ്കിലും സഹതാരങ്ങളുടെ പോരായ്മ പന്ത് ലക്ഷ്യത്തിലെത്താതാക്കുകയാണുണ്ടായത്. മികച്ച ട്രിപ്പ്‌ളിങിലൂടെ സഹതാരങ്ങള്‍ക്ക് കൈമാറിയ പന്ത് തിരിച്ചെടുക്കാന്‍ മെസി എതിര്‍ പോസ്റ്റ് ലക്ഷ്യംവെച്ച് ഓടിയെങ്കിലും അത് മടക്കിനല്‍കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. പസുകള്‍ തിരിച്ചുകിട്ടാതെയുള്ള മെസിയുടെ കളത്തിലെ അവസ്ഥ ദയനീയമായിരുന്നു.
മെസിക്ക് ഗോളൊന്നും നേടാനായില്ല. കളത്തില്‍ ഇടയ്ക്കിടെ മെസിയുടെ കാലുകള്‍ ഇന്ദ്രജാലം കാണിച്ചെങ്കിലും അതിനും ടീമിന്റെ കുറവുകളെ നികത്താനാകാതെ പോവുകയായിരുന്നു. മാര്‍ട്ടിനെസ് ആണ് അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ നേടിയത്. മെസി ടീമിലേക്ക് തിരിച്ചെത്തിയിട്ടും ടീമിന്റെ ന്യൂനതകള്‍ തുറന്ന് കാട്ടുന്നതായിരുന്നു വെനസ്വേലയ്‌ക്കെതിരെയുള്ള അര്‍ജന്റീനയുടെ മത്സരം.