സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ മുന്‍നിരക്കാരായ ബാര്‍സലോണയും തമ്മിലുള്ള പോര് കനക്കുന്നു. ഇന്നലെ നടന്ന മത്സരങ്ങളില്‍ റയല്‍ എയ്ബറിനെ ഒന്നിനെതിരെ നാലു ഗോൡന് തകര്‍ത്തപ്പോള്‍ എതിരില്ലാത്ത അഞ്ചു ഗോളിന് സെല്‍റ്റ വിഗോയെ തകര്‍ത്താണ് ബാര്‍സ പ്രതികരിച്ചത്. റയലിനേക്കാള്‍ ഒരു മത്സരം അധികം കളിച്ച ബാര്‍സലോണയാണ് ലാലിഗ പോയിന്റ് പട്ടികയില്‍ ലീഡ് ചെയ്യുന്നത്.
സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗരത് ബെയ്ല്‍ എന്നിവര്‍ പുറത്തിരുന്ന മത്സരത്തില്‍ കരീം ബെന്‍സേമയുടെ ഇരട്ട ഗോളുകളാണ് റയലിന് എവേ ഗ്രൗണ്ടില്‍ അനായാസ ജയം സമ്മാനിച്ചത്. 14-ാം മിനുട്ടില്‍ റീബൗണ്ടില്‍ നിന്ന് ലക്ഷ്യം കണ്ട ബെന്‍സേമ 25-ാം മിനുട്ടില്‍ ഹാമിസ് റോഡ്രിഗസിന്റെ ഫ്രീകിക്കില്‍ നിന്ന് ഫിനിഷ് ചെയ്തു. 29-ാം മിനുട്ടില്‍ ഹാമിസിന്റെ ഗോളിന് ബെന്‍സേമ വഴിയൊരുക്കി. ആദ്യപകുതി അവസാനിക്കുമ്പോള്‍ റയല്‍ മൂന്നു ഗോളിന് മുന്നിലായിരുന്നു. 60-ാം മിനുട്ടില്‍ ഹാമിസിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചപ്പോള്‍ മാര്‍കോ അസെന്‍സിയോ റീബൗണ്ടില്‍ നിന്ന് റയലിന്റെ സമ്പാദ്യം നാലു ഗോളായി ഉയര്‍ത്തി. 72-ാം മിനുട്ടില്‍ പെദ്രോ ലിയോണിന്റെ പാസില്‍ നിന്ന് റൂബന്‍ പെന്യ എയ്ബറിന്റെ ആശ്വാസ ഗോള്‍ നേടി.
രണ്ടു ഗോളടിച്ചും രണ്ടെണ്ണത്തിന് വഴിയൊരുക്കിയും സൂപ്പര്‍ താരം ലയണല്‍ മെസ്സി നിറഞ്ഞാടിയപ്പോള്‍ തകര്‍പ്പന്‍ ജയത്തോടെയാണ് ബാര്‍സ പോയിന്റ് ടേബിളിലെ ലീഡ് തിരിച്ചുപിടിച്ചത്. 24-ാം മിനുട്ടില്‍ മൈതാന മധ്യത്തുനിന്ന് ഒറ്റക്ക് മുന്നേറിയാണ് മെസ്സി അക്കൗണ്ട് തുറന്നത്. 40-ാം മിനുട്ടില്‍ മെസ്സിയുടെ പാസില്‍ നിന്ന് ചിപ്പ് ചെയ്ത് നെയ്മര്‍ ലീഡുയര്‍ത്തി. 57-ാം മിനുട്ടില്‍ റഫീഞ്ഞയുടെ പാസ് റാകിറ്റിച്ച് ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ 61-ാം മിനുട്ടില്‍ സാമുവല്‍ ഉംതിതിയുടെ കന്നി ബാര്‍സ ഗോളിനും മെസ്സി വഴിയൊരുക്കി. 64-ാം മിനുട്ടില്‍ തകര്‍പ്പന്‍ ഫിനിഷിലൂടെ മെസ്സി പട്ടിക പൂര്‍ത്തിയാക്കി.
26 മത്സരങ്ങളില്‍ നിന്ന് 60 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള ബാര്‍സലോണക്കുള്ളത്. ഒരു മത്സരം കുറച്ചു കളിച്ച റയല്‍ ഒരു പോയിന്റ് പിറകിലാണ്. 55 പോയിന്റോടെ സെവിയ്യയാണ് മൂന്നാം സ്ഥാനത്ത്.