മാഡ്രിഡ് : സ്പാനിഷ് ലാലീഗയില്‍ ബാര്‍സലോണയുടെ അപരാജിത കുതിപ്പ് തുടരുന്നു. സ്വന്തം മൈതാനമായ ന്യൂകാമ്പില്‍ അലാവസിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബാര്‍സ ലീഗില്‍ 18 വിജയം സ്വന്തമാക്കിയത്.
ഭീമമായ തുകക്ക് ലിവര്‍പൂളില്‍ നിന്നുമെത്തിയ ബ്രസീലിയന്‍ താരം ഫിലിപ്പ് കുട്ടീഞ്ഞോയെ ആദ്യ ഇലവനില്‍ ഇറക്കിയ ബാര്‍സയെ ഞെട്ടിച്ചുക്കൊണ്ട് അലാവസായിരുന്നു കളിയിലെ ആദ്യ ഗോള്‍ നേടിയത്. സ്വീഡിഷ് താരം ജോണ്‍ ഗ്വിഡേറ്റി മനോഹരമായ ഷോട്ടിലൂടെ 23-ാം മിനുട്ടില്‍ ബാര്‍സ വല തുള്ളക്കുകയായിരുന്നു. തിരിച്ചടിക്കാന്‍ കറ്റാലന്‍സ് കിണഞ്ഞു ശ്രമിച്ചെങ്കിലും ആദ്യ പകുതി ലീഡു വഴങ്ങി പിരിയേണ്ടി വന്നു.
രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ചു കളിച്ച ബാര്‍സ 72-ാം മിനുട്ടില്‍ ഉറൂഗ്വെയ്ന്‍ താരം ലൂയിസ് സുവാരസിലൂടെ ഒപ്പമെത്തി. കളി സമനിലയില്‍ അവസാനിക്കുമെന്ന സാഹചര്യത്തിലേക്ക് നീങ്ങുമ്പോള്‍ ബാര്‍സയുടെ രക്ഷകനായി ഒരിക്കല്‍കൂടി ലയണല്‍ മെസ്സി അവതരിച്ചു. മനോഹരമായ ഫ്രീ കിക്കിലൂടെ ടീമിനു വിജയമൊരുക്കുകയായിരുന്നു മെസ്സി. ഇതോടെ ലീഗില്‍ മെസ്സിയുടെ ഗോള്‍ നേട്ടം 20 ആയി.
അലാവസിനെതിരായ വിജയത്തോടെ ബാര്‍സ പരിശീലകന്‍ എര്‍ണസ്‌റ്റോ വാല്‍വരേദ് ഒരു റെക്കോര്‍ഡിന് ഉടമയായി. 2009-10 സീസണില്‍ പെപ് ഗ്വാര്‍ഡിയോളയ്ക്ക് കീഴില്‍ ബാര്‍സ തുടര്‍ച്ചയായി 21 മത്സരങ്ങള്‍ തോല്‍വിയറിയാതെ മുന്നേറിയിരുന്നു, ഇതിനൊപ്പമെത്താന്‍ എര്‍ണസ്‌റ്റോ വാല്‍വരേദക്കായി. അദ്ദേഹത്തിനു കീഴില്‍ 18 വിജയവും മൂന്ന് സമനിലയുമായി തോല്‍വിയറിയാതെ മുന്നേറുകയാണ് ബാര്‍സ. കൂടാതെ പോയന്റ് ടേബിളില്‍ രണ്ടാമതുള്ള അത്‌ലെറ്റിക്കോ മഡ്രഡിനേക്കാള്‍ 11 പോയിന്റ് മുന്നിലും നിലവിലെ ചാമ്പ്യരും ബന്ധവൈരികളുമായ റയല്‍ മഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം 19 ആക്കി ഉയര്‍ത്താനും ബാര്‍സക്കായി.