X

മെസി പറയുന്നു ലോകകപ്പില്‍ സാധ്യത ഈ രാജ്യങ്ങള്‍ക്ക്

ബ്യൂണസ് അയേഴ്‌സ്: ലോകത്തെ ഫുട്‌ബോള്‍ പ്രമേകളെല്ലാം നവംബര്‍ 20ന് ഖത്തറില്‍ ആരംഭിക്കുന്ന ലോകകപ്പ് ഫുട്‌ബോളിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്. ഇത്തവണ ട്രോഫി ആര്‍ക്കെന്നതാണ് എല്ലാവരും ചര്‍ച്ച ചെയ്യുന്നത്. ഇപ്പോഴിതാ അര്‍ജന്റീനയുടെ ക്യാപ്റ്റനും പാരീസ് സെന്റ് ജര്‍മയ്‌ന്റെ സൂപ്പര്‍ താരവുമായ ലയണല്‍ മെസി കപ്പ് നേടാന്‍ സാധ്യത കല്‍പിക്കപ്പെടുന്ന രണ്ട് ടീമുകള്‍ ഏതെന്ന് വെളിപ്പെടുത്തിയിരിക്കുന്നു.

തന്റെ നേതൃത്വത്തില്‍ അര്‍ജന്റീനയെ കപ്പ് നേട്ടത്തിലേക്ക് നയിക്കാനാവുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുന്ന മെസി അര്‍ജന്റീനക്കൊപ്പം മറ്റ് രണ്ട് രാജ്യങ്ങള്‍ കൂടി കപ്പ് നേടാന്‍ സാധ്യതയുള്ളതായാണ് വിലയിരുത്തുന്നത്. ഫേവറിറ്റ് ആരെന്ന ചോദ്യത്തിന് ബ്രസീല്‍, ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്‌പെയിന്‍ അങ്ങിനെ നിരവധി ടീമുകളുണ്ടെന്ന് പറഞ്ഞ മെസി ഒന്നോ രണ്ടോ ടീമുകളെയാണ് താന്‍ വ്യക്തിപരമായി കാണുന്നതെന്നും വ്യക്തമാക്കുന്നു.

ബ്രസീലും ഫ്രാന്‍സുമാണ് തന്റെ കാഴ്ചപ്പാടില്‍ കപ്പിനായി മുന്നിലുള്ള ടീമുകളെന്നാണ് മെസി പറയുന്നത്. ഡിരക്റ്റ് ടിവി സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം വെളിപ്പെടുത്തിയത്. പരിക്കാണ് ഏറ്റവും വലിയ ആശങ്കയെന്നും മുന്‍ ടൂര്‍ണമെന്‍ുകളില്‍ നിന്നും വ്യത്യസ്ഥമായ സമയത്ത് നടക്കുന്ന ടൂര്‍ണമെന്റായതിനാല്‍ ചെറിയ ആകസ്മികമായ സംഭവങ്ങള്‍ പോലും നിങ്ങള്‍ക്ക് പുറത്തേക്കുള്ള വഴി കാണിച്ചേക്കാമെന്നും മെസി പറഞ്ഞു.

ഡിബാല, ഡി മരിയ എന്നിവര്‍ക്ക് സംഭവിച്ചത് പോലുള്ള പരിക്കുകള്‍ വല്ലാതെ ആശങ്കപ്പെടുത്തും. നേരത്തെ ഈ മാസം ആദ്യം സ്റ്റാര്‍ പ്ലസ് അര്‍ജന്റീനയുമായി സംസാരിക്കുമ്പോള്‍ ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് മെസി വ്യക്തമാക്കിയിരുന്നു. ഞങ്ങള്‍ ഫേവറിറ്റുകളാണോ എന്ന് എനിക്കറിയില്ല. പക്ഷേ അര്‍ജന്റീന ചരിത്രപരമായി എന്നും പരമാര്‍ത്ഥമായ ഒരു ടീമാണ്. ഞങ്ങള്‍ ടോപ് ഫേവറിറ്റുകളല്ലെന്നാണ് തന്റെ കാഴ്ചപ്പാടെന്നും മറ്റു ടീമുകള്‍ തങ്ങളേക്കാളും മികച്ചവരാണെന്നും പറഞ്ഞ മെസി പക്ഷേ അര്‍ജന്റീന കപ്പിനടുത്ത് തന്നെ ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

Test User: