X
    Categories: MoreSports

ഡിബാലയുമായി എന്താണ് പ്രശ്‌നം? തുറന്നു പറഞ്ഞ് മെസ്സി

മാഡ്രിഡ്: യുവന്റസിന്റെ സൂപ്പര്‍ യുവതാരം പൗളോ ഡിബാല അര്‍ജന്റീനയുടെ ലോകകപ്പ് ടീമിലുണ്ടാകുമോ എന്ന കാര്യത്തില്‍ ഇനിയും ഉറപ്പായിട്ടില്ല. റഷ്യയിലെ മാമാങ്കത്തിനായി ടീമൊരുക്കുന്ന കോച്ച് ഹോര്‍ഹെ സാംപൗളി 24-കാരന് അവസരങ്ങള്‍ നല്‍കിയിട്ടില്ലെന്നു മാത്രമല്ല, ലോകകപ്പ് ടീമില്‍ താരം ഉണ്ടാകുമോ എന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുമായുള്ള വ്യക്തിപരമായ പ്രശ്‌നമാണ് ഡിബാലക്ക് ദേശീയ ടീമിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുന്നത് എന്നൊരു കിംവദന്തി കുറെ നാളായി നിലനില്‍ക്കുന്നുണ്ട്. യുവന്റസില്‍ താനും ബാര്‍സയില്‍ മെസ്സിയും ഒരേ പൊസിഷനില്‍ കളിക്കുന്നതാണ് കുഴപ്പമെന്ന് ഡിബാല തന്നെ ഒരിക്കല്‍ വ്യക്തമാക്കുകയുണ്ടായി. ഇന്ന് സൗഹൃദ മത്സരത്തില്‍ സ്‌പെയിനിനെ നേരിടുന്ന അര്‍ജന്റീനാ ടീമിലും ഡിബാലക്ക് ഇടം നേടാനായിട്ടില്ല.

പ്രതിഭാശാലിയായ യുവതാരത്തിന് ടീമില്‍ പ്രവേശനം ലഭിക്കാത്തത് താനുമായുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളാണെന്ന ആരോപണം തള്ളി ലയണല്‍ മെസ്സി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഡിബാലയുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും തങ്ങള്‍ സ്ഥിരം സംസാരിക്കാറുണ്ടെന്നും മെസ്സി പറയുന്നു.

‘എന്റെ കൂടെ കളിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് ഡിബാല പറഞ്ഞിട്ടുണ്ടെന്നോ? അതേപ്പറ്റി ഞാനും പൗളോ(ഡിബാല)യും സംസാരിച്ചിട്ടുണ്ട്. അവന്‍ പറയുന്നത് ശരിയാണ്. യുവന്റസിനു വേണ്ടി അവന്‍ കളിക്കുന്നത് ഞാന്‍ കളിക്കുന്നതു പോലെ തന്നെയാണ്.’ – ഫോക്‌സ് സ്‌പോര്‍ട്‌സിനോട് മെസ്സി പറഞ്ഞു.

‘ദേശീയ ടീമില്‍ അവന്‍ കുറച്ചു കൂടി ഇടത്തോട്ടു മാറിയാണ് കളിക്കുന്നത്. അതാകട്ടെ, അവന് ശീലമുള്ളതുമല്ല. ഞങ്ങള്‍ രണ്ടു പേരും ഒന്നിച്ച് കളിക്കുക എന്നതും ബുദ്ധിമുട്ടാണ്. ഞാന്‍ ഇടത്തോട്ട് അധികം പോകാറില്ല. വലതുവശത്താണ് ഞങ്ങള്‍ ഇരുവരും കളിക്കുന്നത്. അതുകൊണ്ടു തന്നെ, അവന്റെ വാക്കുകള്‍ ശരിയാണ്. അതേപ്പറ്റി കൂടുതല്‍ വിശദീകരണം നല്‍കേണ്ട കാര്യമില്ല’ മെസ്സി പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: