X

അര്‍ജന്റീനക്ക് സ്‌നേഹ ഗോളുമായി ലയണല്‍ മെസി

ലോകോത്തര താരമാണെങ്കിലും ലോകകപ്പ്, കോപ്പ അമേരിക്ക തുടങ്ങി ഫുട്‌ബോള്‍ മത്സര ഫൈനലുകളില്‍ അര്‍ജന്റീനക്കേറ്റ തോല്‍വിയില്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടിവന്ന താരമാണ് ടീം ക്യപ്റ്റന്‍ കൂടിയായ ലയണല്‍ മെസി.

ജയത്തിനായി മൈതാനത്ത് പലപ്പോളും രാജ്യത്തെ സ്വയം തോളിലേറ്റേണ്ടി വന്ന മെസിക്ക്, എന്നാല്‍ ടീമിന്റെ തോല്‍വിയില്‍ പലപ്പോഴും രൂക്ഷമായ ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടിയും വന്നു.

വിമര്‍ശനങ്ങള്‍ക്ക് മൈതാനത്ത് ഗോളുകള്‍ കൊണ്ടു മറുപടി നല്‍കുന്ന മെസി എന്നാല്‍, മൈതാനത്തിന് പുറത്തും രാജ്യത്തിനായി വമ്പന്‍ ഗോളടിച്ച് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കയാണ് ക്യാപ്റ്റന്‍.

ബാഴ്‌സ ടീമിലെ രാജകുമാരന്‍ കളിക്കപ്പുറം സ്വന്തം രാജ്യത്തിന് നല്‍കിയ സാമ്പത്തിക സഹായമാണ് അര്‍ജന്റീനന്‍ ആരാധകരെ പുളകം കൊള്ളിച്ചിരിക്കുന്നത്.

അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ടീം കഴിഞ്ഞ കുറേ കാലമായി സാമ്പത്തിക ബുദ്ധിമുട്ടുകളിലാണ്. ടീമിനു ആവശ്യമായ പണം കണ്ടെത്താനാകാതെ വിഷമഘട്ടത്തിലാണ് ഫുട്ബോള്‍ ഫെഡറേഷന്‍. സാമ്പത്തിക ബുദ്ധിമുട്ടില്‍ പലപ്പോഴും ടീമിനൊപ്പമുള്ള സ്റ്റാഫിന് പോലും ശമ്പളം നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു.

ആറ് മാസത്തിലധികമായി ടീമിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കിട്ടിയിട്ട്. കാത്തിരിപ്പിന് ഫലം കാണില്ലെന്ന് ഉറപ്പായതോടെ അവര്‍ വിവരം ടീം നായകനായ മെസിയെ അറിയിക്കുകയായിരുന്നു.

എന്നാല്‍ ടീം അനുഭവിക്കുന്ന ദുരിതം മനസിലാക്കിയ മെസി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം കൈയ്യില്‍ നിന്നും പണമെടുത്ത് നല്‍കുകയാണ് ചെയ്തത്.

കഴിഞ്ഞ ആറു മാസമായി മുടങ്ങിയിരുന്ന ഉദ്യോഗസ്ഥരുടെ ശമ്പളമാണ് മെസി സ്വന്തം കീശയില്‍ നിന്നും കൊടുത്തു വീട്ടിയതെന്നാണ് റിപ്പോര്‍ട്ട്.

മുറിയില്‍ വിശ്രമിക്കുകയായിരുന്ന മെസിയുടെ അടുത്തേക്ക് വിഷയം അവതരിപ്പിക്കാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. സംഭവത്തിന്റെ ഗൗരവം വിവരിക്കുകയും ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ മെസിയോട് വിഷയത്തില്‍ എന്തെങ്കിലും പരിഹാരം കാണുകയുമായിരുന്നു ലക്ഷ്യം.
പക്ഷേ വിഷയം അറിഞ്ഞയുടന്‍ മെസി തന്റെ പിതാവിനെ വിളിക്കുകയും തുടര്‍ന്നു പണമെത്തിക്കുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഫെഡറേഷനിലെ വീഴ്ച്ചകള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ തന്നെ പലപ്പോഴും മെസി രംഗത്തെത്തിയിട്ടുണ്ട്. സംഘാടനത്തിലെ പിഴവും താരങ്ങളുടെ യാത്ര സൗകര്യത്തിലെ പ്രശ്നങ്ങളും മറ്റുമെല്ലാം മെസി നേരത്തെ തുറന്നടിച്ചതാണ്.

കോപ്പ അമേരിക്കയുടെ സമയത്ത് താരങ്ങളുടെ വിമാന യാത്രയില്‍ ഫെഡറേഷന്റെ ഭാഗത്തുനിന്നുമുണ്ടായ കെടുകാര്യസ്ഥതയെക്കുറിച്ചുള്ള മെസിയുടെ ട്വീറ്റ് രാജ്യത്ത് വലിയ ചലനങ്ങളുണ്ടാക്കിയിരുന്നു. കോപ്പയുടെ ഫൈനലിന് ശേഷം അപ്രതീക്ഷതമായി മെസി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നിലും ഫെഡറേഷനോടുള്ള പ്രതിഷേധമായിരുന്നു എന്ന് പറയപ്പെടുന്നുണ്ട്. അതേസമയം തിരിച്ചു വരവിന് ശേഷം മെസിയുടെ രാജ്യ സ്‌നേഹം കൂടിയതായും സംസാരമുണ്ട്.

chandrika: