X

മെസി ഇനി ബാര്‍സക്കോ അതോ സഊദിക്കോ

പാരീസ്: സസ്‌പെന്‍ഷന്‍ പ്രഖ്യാപിക്കപ്പെട്ടതോടെ ഒന്നുറപ്പ്-മെസിയും പി.എസ്.ജിയും അകലുകയാണ്. കരാര്‍ പുതുക്കില്ലെന്ന് മെസിയുടെ പിതാവ് ജോര്‍ജ്് മെസി ഇന്നലെ പരസ്യമാക്കുകയും ചെയ്തു. ഈ സീസണോടെ സൂപ്പര്‍ താരവുമായുളള കരാര്‍ അവസാനിക്കുമ്പോള്‍ പുതിയ കരാറിനായി ഖത്തര്‍ ഉടമകള്‍ ശ്രമിക്കവെ നാടകീയമായി പ്രഖ്യാപിക്കപ്പെട്ട വിലക്ക് ഫുട്‌ബോള്‍ ലോകത്ത്് വലിയ ചര്‍ച്ചയാവുകയാണ്. ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്കാണ് പി.എസ്.ജി സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അച്ചടക്കലംഘനം എന്ന കുറ്റമാരോപിച്ചാണ സസ്‌പെന്‍ഷന്‍. ക്ലബിനെ സംബന്ധിച്ച് ഒരു കിരീടം പോലുമില്ലാതെ സീസണ്‍ അവസാനിപ്പിക്കേണ്ടി വരുമോ എന്ന ആശങ്ക നിലനില്‍ക്കവെയാണ് ടീമിലെ പ്രധാനിക്കെതിരെ നടപടി വന്നിരിക്കുന്നത്. പി.എസ്.ജിയില്‍ തുടരില്ല എന്ന് മെസി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ക്ലബ് ഇടഞ്ഞത്.

സ്പാനിഷ് ക്ലബായ ബാര്‍സിലോണ മെസിക്കായി ശക്തമായി രംഗത്തുണ്ട്. സാമ്പത്തിക പ്രതിസന്ധി മാത്രമാണ് ബാര്‍സക്ക് തടസ്സം. എന്നാല്‍ തന്റെ പ്രിയപ്പെട്ട തട്ടകത്തേക്ക് മടങ്ങാന്‍ വലിയ വിട്ടുവീഴ്ച്ചക്ക് മെസി ഒരുക്കമാണെന്നാണ് വിവരം. ക്ലബ് പ്രസിഡണ്ട് ജുവാന്‍ ലപ്പോര്‍ട്ടെ, കോച്ച് സാവി ഫെര്‍ണാണ്ടസ് എന്നിവരുമായി മെസിക്ക് ഉറ്റബന്ധമുണ്ട്. ഇത് മെയ് മാസം. യൂറോപ്പില്‍ ക്ലബ് സീസണ്‍ അവസാനിക്കുന്നത് ഈ മാസത്തിലാണ്. ജൂണ്‍ ആവുമ്പോള്‍ മെസി സ്വതന്ത്രനാണ്.

പക്ഷേ ഇപ്പോഴും ബാര്‍സ ഔദ്യോഗികമായി മെസിയെ സമീപിച്ചിട്ടില്ല. അതിന് കാരണം സാമ്പത്തികമാണ്. നിലവില്‍ ബാര്‍സയും ലാലീഗ മാനേജ്‌മെന്റും സാമ്പത്തികമായി രണ്ട് ധ്രുവങ്ങളിലാണ്. കണക്കില്‍ കവിഞ്ഞ പണം പ്രതിഫലമായി നിലവില്‍ ബാര്‍സ താരങ്ങള്‍ക്ക് നല്‍കുന്നതായാണ് ലാലീഗ പറയുന്നത്. കൂടാതെ കുപ്രസിദ്ധമായ ഒരു കേസും പൊന്തി വന്നിട്ടുണ്ട്. റഫറീസ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ടിന് അന്യായമായി കോടികള്‍ ബാര്‍സ നല്‍കിയന്നെ കേസ് വിചാരണയിലുമാണ്. മെസിയെ സ്വീകരിക്കണമെങ്കില്‍ നിലവിലെ പല താരങ്ങളെയും ക്ലബ് ഒഴിവാക്കണം. ഇതിനായി പത്ത് താരങ്ങളുടെ പട്ടിക സാവി തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ സ്വന്തം പ്രതിഫലത്തില്‍ മെസി വലിയ വീട്ടുവീഴ്ച്ചയും ചെയ്യേണ്ടി വരും. ഇത് സംഭവിക്കാത്തപക്ഷം മെസി സഊദിയിലെത്താനുള്ള വിദൂര സാധ്യതയും നിലനില്‍ക്കുന്നു.

webdesk11: