കൊടുവള്ളിനഗരസഭയുടെ അതിര്‍ത്തിയിലെ പുളളാവൂര്‍ പൂഴയില്‍ ഫുട്‌ബോള്‍ ആരാധകര്‍ സ്ഥാപിച്ച ബ്രസീല്‍, അര്‍ജന്റീന താരങ്ങളുടെ കട്ടൗട്ടുകള്‍ അവിടെതന്നെ തുടരും. നവംബര്‍ 20ന് ആരംഭിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മേളയുടെ ഭാഗമായി ആദ്യം മെസിയുടെയും പിന്നീട് നെയ്മറുടെയും വലിയ കട്ടൗട്ടുകള്‍ ആരാധകര്‍ സ്ഥാപിക്കുകയായിരുന്നു.
ഇത് പുഴയുടെ നീരൊഴുക്കിന് തടസ്സമാകുമെന്ന് കാട്ടി ചാത്തമംഗലം പഞ്ചായത്ത് അധികൃതര്‍ക്ക് പരിസ്ഥിതി സ്‌നേഹിയായ വ്യക്തി പരാതിനല്‍കിയെങ്കിലും അതെടുത്ത് മാറ്റാന്‍ സ്ഥാപിച്ചവര്‍തയ്യാറായില്ല.അതിനിടെ ഇരുകട്ടൗട്ടുകളും നില്‍ക്കുന്നത് കൊടുവള്ളി നഗരസഭക്ക് പരിധിയിലാണെന്നും ആയത് മാറ്റില്ലെന്നും നഗരസഭാചെയര്‍മാന്‍ അറിയിച്ചു.
ഇത് ഫുട്‌ബോള്‍ ആരാധകരില്‍ വലിയആഹ്ലാദമുണ്ടാക്കിയിരിക്കുകയാണ്. പലകാരണത്താലും പുഴകളില്‍ മാലിന്യംതള്ളുന്നത് പതിവാണെങ്കിലും അവ ഒഴിവാക്കുന്നതില്‍ കാണിക്കാത്ത ധൃതിയാണ് ഇക്കാര്യത്തില്‍ ഗ്രാമപഞ്ചായത്ത് കാണിച്ചതെന്നാണ് ആരാധകരുടെ പക്ഷം. നീരൊഴുക്ക് തടസ്സമാകുന്ന തരത്തിലല്ല കട്ടൗട്ടുകള്‍ സ്ഥാപിച്ചിരിക്കുന്നതും. 30 അടി ഉയരത്തിലാണ് ഇരു കട്ടൗട്ടുകളും സ്ഥാപിച്ചിട്ടുള്ളത്.