X

ബാഴ്‌സയെ ചൊടിപ്പിച്ച് മെസിയും സുവാരസും നെയ്മറിനൊപ്പം

പാരീസ്: ബാഴ്‌സലോണ ക്ലബ്ബ് വിട്ട നെയ്മറെ ക്ലബ്ബ് പലവട്ടം പലരീതിയില്‍ തള്ളിപ്പറഞ്ഞതാണ്. എന്നാല്‍ ഇപ്പോള്‍ ബാഴ്‌സ താരങ്ങള്‍ ക്ലബ്ബിനെ തള്ളി രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മെസിയും നെയ്മറും പിക്വെയും എല്ലാം പുറത്ത് വിട്ട ചില ചിത്രങ്ങളാണ് ഇക്കാര്യം പരോക്ഷമായി സമ്മതിക്കുന്നത്. നെയ്മര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന ബാഴ്‌സയുടെ മുന്നറിയിപ്പ് ഫുട്‌ബോള്‍ ലോകത്ത് കത്തിപടരുന്നതിന് പിന്നാലെ നെയ്മര്‍ക്കൊപ്പം സമയം ചെലവഴിക്കുന്ന ബാഴ്‌സ താരങ്ങളുടെ ചിത്രമാണ് ലോകം കണ്ടത്. സാക്ഷാല്‍ ലയണല്‍ മെസി തന്നെയാണ് ഈ ചിത്രം ആദ്യം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

നെയ്മര്‍ തിരിച്ചുവന്നു എന്ന ക്യാപ്ഷനാണ് മെസി ഇന്‍സ്റ്റഗ്രാം പോസ്റ്റിന് നല്‍കിയത്. രസകരമായ ഒരു ഇമോജിയും താരം പങ്കുവെച്ചു. മെസിയെ കൂടാതെ നെയ്മറും സുവാരസും പിക്വെയും എല്ലാം നെയ്മര്‍ക്കും മറ്റൊരു പിഎസ്ജി താരം ഡാനി ആല്‍വസിനും ഒപ്പമുളള നിരവധി ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. നെയ്മര്‍ക്കെതിരെ ബാഴ്‌സ ബോര്‍ഡ് കടുത്ത നടപടി സ്വീകരിക്കും എന്ന് പ്രഖ്യാപിച്ചിരിക്കെ താരങ്ങള്‍ നെയ്മര്‍ക്കൊപ്പം സമയം ചെലവഴിച്ചതും അത് സോഷ്യല്‍ മീഡിയയിലൂടെ സ്വയം പരസ്യപ്പെടുത്തിയതും ബാഴ്‌സ മാനേജ്‌മെന്റിനെ പ്രകോപിപ്പിക്കുമെന്ന് തീര്‍ച്ചയാണ്. ആരാധകര്‍ക്കിടയില്‍ ലോകം മുഴുവന്‍ ബാഴ്‌സ മാനേജ്‌മെന്റിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെയാണ് കളിക്കാരും ബാഴ്‌സ അധികൃതരെ കൈവിടുന്നതായ സൂചന പുറത്ത് വരുന്നത്.

അതെ സമയം കരാര്‍ ലംഘിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെയ്മറിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകും എന്ന ബാഴ്‌സയുടെ ഭീഷണിയെ പിഎസ്ജിയും തള്ളിപറഞ്ഞ് രംഗത്തെത്തി. ബാഴ്‌സയുടെ ഭീഷണി അത്ഭുതപ്പെടുത്തുന്നതായും നിയമങ്ങളും ചട്ടങ്ങളും എല്ലാം പാലിച്ച് കൊണ്ടാണ് പിഎസ്ജി നെയ്മറെ സ്വന്തമാക്കിയതെന്നും പിഎസ്ജി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

chandrika: