മാഡ്രിഡ്: ഈ വാചകം കേള്‍ക്കുക: ലോകത്തെ നമ്പര്‍ വണ്‍ ഫുട്‌ബോളര്‍ ലിയോ മെസി തന്നെ. എനിക്ക് സംശയമില്ല. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ജീവിച്ചിരിക്കുന്ന നമ്മള്‍ ഭാഗ്യവാന്മാരാണ്…..
ഒരു പുതുമയും ഈ വാചകത്തില്‍ തോന്നുന്നില്ലല്ലോ-കാരണം ഇതേ വാചകങ്ങള്‍ ഫുട്‌ബോള്‍ ലോകം എത്രയോ തവണ കേട്ടതാണ്. ഇന്നലെ ഇങ്ങനെ പറഞ്ഞത് മറ്റാരുമല്ല-ബാര്‍സിലോണയുടെ പരിശീലകന്‍ എണെസ്റ്റോ വെല്‍വാര്‍ഡേ. റയല്‍ ബെറ്റിസിനെതിരായ സ്പാനിഷ് ലാലീഗ മല്‍സരത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് കോച്ച് വാചാലനായത്.
അതില്‍ കാര്യവുമുണ്ടായിരുന്നു-ബെറ്റിസിനെതിരായ മല്‍സരത്തില്‍ മെസി നേടിയ ഒരു നീക്കം അത്ര മാത്രം സുന്ദരമായിരുന്നു. സ്വന്തം ഹാഫില്‍ നിന്നും പന്തുമായി കുതിക്കുമ്പോള്‍ മെസിക്ക് മുന്നില്‍ നാല് ബെറ്റിസുകാര്‍. മുന്നോട്ടുള്ള പ്രയാണം എളുപ്പമല്ല. ആദ്യ പ്രതിയോഗിയെ മറികടക്കാന്‍ മെസി അതിവേഗതയില്‍ തന്റെ ദിശയങ്ങ് മാറ്റി. പിന്നെ അതിവേഗം മുന്നോട്ട്, പിന്നെ രണ്ട് പേര്‍ കൂടി. അവരിലൊരാളെ മറികടക്കാന്‍ പന്ത് വലത് കാലില്‍ നിന്ന് ഇടത്തേക്ക് മാറ്റി. അല്‍പ്പം സ്‌പേസ് ഉണ്ടാക്കി മുന്നോട്ട്-ആ വേഗതയില്‍ രണ്ടാമനും പിറകിലായി. അങ്ങനെ ആ കുതിപ്പ് കണ്ടപ്പോള്‍ റയല്‍ ബെറ്റിസ് ആരാധകര്‍ പോലും സീറ്റില്‍ നിന്ന് എഴുന്നേറ്റ് കൈയ്യടിച്ചു. ആ മാജിക്ക് നീക്കത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായി. ഗാരി ലിനേക്കര്‍ ട്വിറ്ററില്‍ കുറിച്ചു- എനിക്ക് വിവരിക്കാന്‍ വാക്കുകളില്ല. എത്രമാത്രം സുന്ദരമായാണ് അദ്ദേഹം കളിക്കുന്നത്.
മെസിയുടെ ഈ മുന്നേറ്റ ദൃശ്യം സോഷ്യല്‍ മീഡിയയയില്‍ ലക്ഷങ്ങളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.