X
    Categories: Video Stories

മെസ്സി മോഡലില്‍ നബീല്‍ ഫക്കീര്‍ ജഴ്‌സി ഊരിക്കാണിച്ചു; ഫ്രഞ്ച് ലീഗില്‍ കാണികള്‍ മൈതാനം കയ്യേറി

പാരിസ്: ഗോളടിച്ചതിനു ശേഷം ജഴ്‌സി ഊരി എതിര്‍ ടീമിന്റെ ആരാധകരെ തന്റെ പേര് കാണിക്കുക എന്ന ‘കല’ ജനകീയമാക്കിയത് ബാര്‍സലോണ താരം ലയണല്‍ മെസ്സിയാണ്. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിന്റെ ഗ്രൗണ്ടായ സാന്റിയാഗോ ബര്‍ണേബുവില്‍ കുപ്പായമഴിച്ച് കാണിച്ച മെസ്സിക്ക്, ഈ വര്‍ഷം സ്പാനിഷ് സൂപ്പര്‍ കപ്പില്‍ കാംപ്‌നൗവില്‍ ക്രിസ്റ്റ്യാനോ അതേ നാണയത്തില്‍ മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ ലോകത്തെ ഏറ്റവും മികച്ച താരങ്ങളെ അനുകരിച്ച് എതിര്‍ടീമിനെ കുപ്പായം കാണിച്ച ഫ്രാന്‍സിലെ ഒളിംപിക് ലിയോണ്‍ ക്യാപ്ടന്‍ ഗ്രൗണ്ടില്‍ കലാപത്തിന് കാരണക്കാരനായി.

ഫ്രാന്‍സിലെ റോണ്‍ നദിക്കരയിലെ ക്ലബ്ബുകളായ ലിയോണും സെന്റ് എറ്റിയന്നെയും തമ്മിലുള്ള ‘റോണ്‍ ഡെര്‍ബി’യിലാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. മത്സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ലിയോണിനു വേണ്ടി 84-ാം മിനുട്ടില്‍ അഞ്ചാം ഗോള്‍ നേടിയ ക്യാപ്ടന്‍ നബീല്‍ ഫക്കീര്‍ കുപ്പായമഴിച്ച് കാണികളെ കാണിച്ചാണ് ആഘോഷം നടത്തിയത്. ഇതില്‍ പ്രകോപിതരായ കാണികള്‍ ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങിയതിനെ തുടര്‍ന്ന് മത്സരം അര മണിക്കൂറിലേറെ സമയം നിര്‍ത്തി വെക്കേണ്ടി വന്നു. 24-കാരനായ ഫ്രഞ്ച് താരത്തെ റഫറി മഞ്ഞക്കാര്‍ഡ് കാണിച്ചപ്പോള്‍ ബാരിക്കേഡ് ഭേദിച്ച് ഗ്രൗണ്ടിലിറങ്ങിയ കാണികളെ പൊലീസാണ് വിരട്ടിയോടിച്ചത്.

ലിയോണിനെതിരായ മത്സരത്തെ വന്‍ പ്രാധാന്യത്തോടെയാണ് സെന്റ് എറ്റിയന്നെ കാണികള്‍ കണ്ടിരുന്നത്. ‘ഇന്ന് സിനിമയില്ല; ഇന്നു രാത്രി ഞങ്ങളുടെ കൈവശമുള്ളത് വെറുപ്പ് മാത്രം’ എന്നെഴുതിയ ബാനര്‍ ഗാലറിയില്‍ ഉയര്‍ത്തിയിരുന്നു. ഫുട്‌ബോളിന്റെ മാന്യതക്ക് നിരക്കാത്ത ആരാധകരുടെ പ്രവൃത്തിയുടെ പേരില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ പിന്നീട് എറ്റിയന്നെക്ക് പിഴ ചുമത്തി.

തന്റെ പെരുമാറ്റത്തില്‍ ഖേദമില്ലെന്ന് മത്സര ശേഷം നബീല്‍ ഫക്കീര്‍ പറഞ്ഞു. താരത്തിനെതിരെ അധികൃതര്‍ കൂടുതല്‍ അച്ചടക്ക നടപടി എടുത്തിട്ടില്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: