X

മെസ്സിയും എംബാപ്പേയും നെയ്മറും ദോഹയിലെത്തും; 18ന് ഖലീഫ സ്‌റ്റേഡിയത്തില്‍ പരിശീലനം

അശ്‌റഫ് തൂണേരി

ദോഹ: ലോക ഫുട്‌ബോളിലെ വന്‍കിട താരങ്ങളായ ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പേ, നെയ്മര്‍, അഷ്‌റഫ് ഹക്കീമി ഉള്‍പ്പെടുന്ന പി.എസ്.ജി ടീം ദോഹയിലെത്തുന്നു. സഊദിഅറേബ്യയില്‍ നടക്കുന്ന സൗഹൃദ മത്സരത്തിന്റെ മുന്നോടിയായുള്ള പരിശീലനത്തിനാണ് ദോഹയിലെത്തുന്നതെന്ന് പാരിസ് സെന്റ് ജെര്‍മെയ്ന്‍ (പി.എസ്.ജി) അറിയിച്ചു. ഈ മാസം 18ന് ദോഹയില്‍ ഖലീഫ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങുന്ന ടീം ഖത്തറിലെ പ്രായോജകരുടെ പരിപാടികളിലും സാന്നിധ്യമറിയിക്കും.

ഖത്തര്‍ എയര്‍വേസ്, എക്കോര്‍ ലൈവ് ലിമിറ്റ്‌ലസ് (എ.എല്‍.എല്‍), ഖത്തര്‍ ടൂറിസം, ഖത്തര്‍ നാഷനല്‍ ബാങ്ക്, ഉരീദു, ആസ്‌പെറ്റാര്‍ തുടങ്ങിയവയാണ് ഖത്തറിലെ സ്‌പോണ്‍സര്‍മാര്‍. പിന്നീട് സഊദിഅറേബ്യയിലേക്ക് പറക്കുന്ന സംഘം 19ന് ടീം സൗദിയില്‍ അല്‍ ഹിലാല്‍ ക്ലബിലെയും അല്‍ നസ്ര് ക്ലബിലെയും താരങ്ങള്‍ അണിനിരക്കുന്ന ഓള്‍ സ്റ്റാര്‍ ഇലവനുമായി സൗഹൃദ മത്സരം കളിക്കും.

മെസ്സിയും നെയ്മറും എംബാപ്പെയുമുള്ള ടീമിനെതിരെ പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്‌്രൈടക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തിലിറങ്ങുന്ന മത്സരം കൂടിയാണിത്. ഇപ്പോള്‍ അല്‍നസ്ര്! ക്ലബ് താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍നിന്ന് പടിയിറങ്ങിയ ശേഷം ലോക റെക്കോര്‍ഡ് തുകക്കാണ് സൗദി ക്ലബിലെത്തിയത്. ഖത്തര്‍ ലോകകപ്പിന് ശേഷം ലോക താരങ്ങള്‍ അണിനിരക്കുന്ന ഈ മത്സരം ഇതിനകം ലോകശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

ജനുവരി 19 വ്യാഴാഴ്ച വൈകീട്ട് റിയാദിലെ കിംഗ് ഫഹദ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന സൗഹൃദ മത്സരത്തിന്റെ ടിക്കറ്റുകള്‍ ദിനങ്ങള്‍ മുമ്പു തന്നെ വിറ്റുതീര്‍ന്നു. 68,752 പേരെ ഉള്‍ക്കൊള്ളാനാവുന്ന സ്‌റ്റേഡിയമാണ് കിംഗ് ഫഹദ്. അതേസമയം ലോക ആരാധകര്‍ക്ക് കളി ലൈവായി ഓണ്‍ലൈനിലും ചാനലിലും കാണാനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. പി.എസ്.ജി ടിവി, പി.എസ്.ജി സോഷ്യല്‍ മീഡിയ, ബീന്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് മുഖേനയും മത്സരം രാത്രി എട്ടിന് തത്സമയം സംപ്രേക്ഷണം ചെയ്യും. മത്സരത്തിനുപിന്നാലെ റിയാദില്‍നിന്ന് മെസ്സിയും സംഘവും പാരിസിലേക്ക് തിരിച്ചുപറക്കുമെന്ന് വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

webdesk13: