X

മെസ്സിക്ക് വലയെറിഞ്ഞ് മാഞ്ചസ്റ്റര്‍ സിറ്റി

മാഡ്രിഡ്: നെയ്മറിനു പിന്നാലെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ബാര്‍സലോണ വിടാനുള്ള സാധ്യത ശക്തമാകുന്നു. ഈ സീസണോടെ അവസാനിക്കുന്ന കരാര്‍ 2021 വരെ പുതുക്കാന്‍ മെസ്സി ബാര്‍സ മാനേജ്‌മെന്റിനോട് സമ്മതിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒപ്പുവെച്ചിട്ടില്ല. അതിനിടെ, ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റി വന്‍തുകയുമായി അര്‍ജന്റീനക്കാരന് പിന്നാലെയുണ്ടെന്നും മെസ്സിയുടെയും സിറ്റിയുടെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞതായും ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നെയ്മറിനെ ക്ലബ്ബില്‍ പിടിച്ചുനിര്‍ത്തുന്നതിലും മികച്ച താരങ്ങളെ ക്ലബ്ബിലെത്തിക്കുന്നതിലും പരാജയപ്പെട്ട ബാര്‍സലോണ മാനേജ്‌മെന്റുമായി മെസ്സി അത്ര സുഖത്തിലല്ല എന്നാണ് സ്‌പെയിനില്‍ നിന്നുള്ള വാര്‍ത്തകള്‍. മൊണാക്കോയുടെ കെയ്‌ലിയന്‍ എംബാപ്പെ, ലിവര്‍പൂള്‍ മിഡ്ഫീല്‍ഡര്‍ ഫിലിപ് കുട്ടിന്യോ, ബൊറുഷ്യ ഡോട്മുണ്ട് സ്‌ട്രൈക്കര്‍ ഉസ്മാന്‍ ഡെംബലെ, യുവന്റസിന്റെ പൗളോ ഡിബാല തുടങ്ങിയവര്‍ക്കു വേണ്ടി ബാര്‍സ ശക്തമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല. നെയ്മര്‍ പോയതിനു ശേഷം നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ഒന്നിനെതിരെ അഞ്ച് ഗോളിന് റയല്‍ മാഡ്രിഡിനോട് തോറ്റതോടെ ടീമിന്റെ കാര്യത്തില്‍ മെസ്സി കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. മുന്‍നിരയിലേക്കും മധ്യനിരയിലേക്കും മികച്ച താരങ്ങളെ എത്തിക്കുന്നതിന് മാനേജ്‌മെന്റില്‍

സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമാണ് കരാര്‍ ഒപ്പുവെക്കുന്നത് മെസ്സി നീട്ടിക്കൊണ്ടു പോകുന്നത് എന്നാണ് സൂചന. മെസ്സിയുമായുള്ള കരാര്‍ പൂര്‍ണമാണെന്നും ഒപ്പുവെക്കേണ്ട കാര്യമേ ബാക്കിയുള്ളൂ എന്നുമാണ് ഇതു സംബന്ധിച്ച് ബാര്‍സലോണ ടെക്‌നിക്കല്‍ സെക്രട്ടറി റോബര്‍ട്ട് ഫെര്‍ണാണ്ടസ് പറഞ്ഞത്. ഒപ്പുവെക്കുന്നതിനുള്ള ശരിയായ സമയത്തിന് കാത്തിരിക്കുകയാണെന്നും അക്കാര്യത്തില്‍ ആശങ്കയില്ലെന്നും ഫെര്‍ണാണ്ടസ് പറയുന്നു. നെയ്മറിന്റെ കാര്യത്തിലും ഫെര്‍ണാണ്ടസ് അങ്ങേയറ്റം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു എന്നതിനാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ മുഖവിലക്കെടുക്കാന്‍ സമയമായിട്ടില്ലെന്നാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ പറയുന്നത്.

ഇതാദ്യമായല്ല മാഞ്ചസ്റ്റര്‍ സിറ്റി മെസ്സിക്കു വേണ്ടി വലയെറിയുന്നത്. അബുദാബിക്കാരായ മാനേജ്‌മെന്റ് ക്ലബ്ബ് ഏറ്റെടുത്തതിനു ശേഷം പലതവണ ഇത്തരത്തിലുള്ള ശ്രമങ്ങളുണ്ടായെങ്കിലും മെസ്സിയോ ബാര്‍സയോ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായ നിലവിലെ സാഹചര്യത്തില്‍ മെസ്സിയുടെ മനം മാറാനുള്ള സാധ്യതയുണ്ടെന്ന് മാഞ്ചസ്റ്റര്‍ സിറ്റി കണക്കുകൂട്ടുന്നു. കോച്ച് പെപ് ഗ്വാര്‍ഡിയോളക്ക് മെസ്സിയുമായുള്ള വ്യക്തിപരമായ അടുപ്പം താരത്തെ ഇത്തിഹാദ് സ്റ്റേഡിയത്തിലെത്തിക്കാന്‍ ഉപയോഗപ്പെടുത്താമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ. നെയ്മര്‍ പി.എസ്.ജിയില്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ വേതനമാണ് സിറ്റി അര്‍ജന്റീനക്കാരന് വാഗ്ദാനം ചെയ്യുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2014-നു ശേഷം പ്രീമിയര്‍ ലീഗ് കിരീടവും യൂറോപ്യന്‍ ഫുട്‌ബോളില്‍ മേല്‍വിലാസവും ലക്ഷ്യമിടുന്ന മാഞ്ചസ്റ്റര്‍ സിറ്റി ഇത്തവണ മികച്ച ടീമുമായാണ് ഇറങ്ങുന്നത്. 51.75 ദശലക്ഷം പൗണ്ട് നല്‍കി ബെഞ്ചമിന്‍ മെന്‍ഡിയെ മൊണാക്കോയില്‍ നിന്നും 45.9 ദശലക്ഷത്തിന് കെയ്ല്‍ വാക്കറെ ടോട്ടനം ഹോട്‌സ്പറില്‍ നിന്നും വാങ്ങി പ്രതിരോധം ശക്തമാക്കിയ ഗ്വാര്‍ഡിയോള, ആക്രമണതാരം ബെര്‍ണാര്‍ഡോ സില്‍വ (മൊണാക്കോ – 45 ദശലക്ഷം), ഗോള്‍കീപ്പര്‍ എഡേഴ്‌സണ്‍ (ബെന്‍ഫിക്ക – 36 ദശലക്ഷം) എന്നിവരെയും ടീമിലെത്തിച്ചിട്ടുണ്ട്. പാബ്ലോ സബലേറ്റ, വില്ലി കാബയറോ, ഗെയ്ല്‍ ക്ലിച്ചി, ജീസസ് നവാസ്, കെലെച്ചി ഇഹ്യാനാച്ചോ തുടങ്ങിയവരെ പോകാന്‍ അനുവദിക്കുക വഴി ടീമിനെ കെട്ടിപ്പടുക്കുകയാണിപ്പോള്‍ ഗ്വാര്‍ഡിയോള.

chandrika: