സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹാട്രിക്കും രണ്ട് അസിസ്റ്റുമായി കളംനിറഞ്ഞ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയക്കെതിരെ അര്‍ജന്റീനക്ക് 6-0ന്റെ തകര്‍പ്പന്‍ ജയം. മത്സരത്തിന്റെ 19, 84, 86 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. ലൗറ്റാറോ മാര്‍ട്ടിമെസ്, ഹൂലിയന്‍ അല്‍വാരസ്, തിയാഗോ അല്‍മാഡ എന്നിവരും അര്‍ജന്റീനക്ക് വേണ്ടി വല കുലുക്കി.
അവസാന മത്സരത്തില്‍ വെനസ്വേലയോട് 1-1ന് സമനില വഴങ്ങിയതിന്റെ ക്ഷീണം തീര്‍ക്കുകയായിരുന്നു ബൊളീവിയയോട് അര്‍ജന്റീനക്ക്. 19ാം ലൗറ്റാറോ മാര്‍ട്ടിനിസിന്റെ അസിസ്റ്റില്‍ നിന്ന് മെസ്സി തന്നെയാണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. 43ാം മിനിറ്റില്‍ മാര്‍ട്ടിനെസും ഗോള്‍ നേടി. ആദ്യ പകുതിയുടെ അധികസമയത്ത് ജൂലിയന്‍ അല്‍വാരസും വലകുലുക്കിയതോടെ അര്‍ജന്റീന മൂന്ന് ഗോളിന് മുന്നിലെത്തി. മൂന്നാംഗോളിന് പിന്നിലും മെസ്സിയുടെ അസിസ്റ്റായിരുന്നു.
69ാം മിനിറ്റില്‍ തിയാഗോ അല്‍മാഡയുടെ ആദ്യ രാജ്യന്തര ഗോള്‍ പിറന്നു. അര്‍ജന്റീന 4-0ന് മുന്നില്‍. അവസാന മിനുറ്റുകളില്‍ കളംനിറഞ്ഞ മെസ്സി 84ാം മിനിറ്റിലും 86ാം മിനിറ്റിലും വലകുലുക്കി ഹാട്രിക് തികച്ചു.
ജയത്തോടെ ലാറ്റിനമേരിക്കന്‍ യോഗ്യതാ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തുടരുകയാണ് അര്‍ജന്റീന. 10 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റാണുള്ളത്. നവംബര്‍ 15ന് പരാഗ്വായുമായാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.