അഭ്യൂഹങ്ങള്‍ക്കും ഉദ്വേഗങ്ങള്‍ക്കുമൊടുവില്‍ ലയണല്‍ മെസി ബാഴ്‌സലോണ ക്ലബ് വിടുന്നു. തന്റെ തീരുമാനം മെസി ബാഴ്‌സ മാനേജ്മമെന്റിനെ അറിയിച്ചതായാണ് വിവരം. ഇതിനെ തുടര്‍ന്ന് ബാഴ്‌സലോണ മാനേജ്‌മെന്റ് അടിയന്തിര യോഗം ചേരുകയാണ്. ക്ലബിന്റെ തീരുമാനം എന്തായിരിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് കായിക ലോകം. ഈ സീസണില്‍ ഒറ്റ കിരീടവും നേടാനാകാത്തതും പിന്നാലെ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിച്ചിനെതിരെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തത് മെസിയെ അങ്ങേയറ്റം നിരാശനാക്കിയിരുന്നു.
പുതിയ കോച്ച് കോമാനും ക്ലബ് പ്രസിഡന്റ് ബര്‍തേമ്യൂവുമായുള്ള അഭിപ്രായ വ്യത്യാസം ഇതോടെ രൂക്ഷമാകുകയും ചെയ്തു. ഈ രണ്ട് പേര്‍ക്കുമൊപ്പം ഇനി തുടരാനാവില്ലെന്ന കടുത്ത തീരുമാനത്തിലേക്ക് മെസി എത്തിയതായാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ബാഴ്‌സ ക്ലബാണ്. അതെ സമയം ബാഴ്‌സ വിട്ടാല്‍ മെസി എവിടേക്കായിരിക്കും പോകുകയെന്നാണ് ആരാധകരുടെ ചോദ്യം. സ്വപ്ന സമാനമായ ഓഫറുമായി മാഞ്ചസ്റ്റര്‍ സിറ്റിയും ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍മിലാനും നിലവില്‍ മെസിയെ സമീപിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തിലെല്ലാം വ്യക്തത വരുത്തേണ്ടത് മെസി തന്നെയാണ്