X

സമ്പാദ്യത്തിലും ക്രിസ്റ്റിയാനോയെ കടത്തിവെട്ടി മെസ്സി

ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന ഫുട്‌ബോളർ എന്ന റെക്കോർഡ് തിരിച്ചുപിടിച്ച് ബാഴ്‌സലോണ സൂപ്പർതാരം ലയണൽ മെസ്സി. ഫോബ്‌സിന്റെ പുതിയ പട്ടികയിലാണ് കളിക്കളത്തിലെ തന്റെ ചിരവൈരി ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്തള്ളി അർജന്റീനക്കാരൻ ഒന്നാം സ്ഥാനത്തെത്തിയത്. $126 ദശലക്ഷം ഡോളർ (924 കോടി രൂപ)യായിരുന്നു കഴിഞ്ഞ 12 മാസത്തിൽ മെസ്സി സമ്പാദിച്ചത്.

രണ്ടാം സ്ഥാനത്തുള്ള യുവന്റസ് സൂപ്പർ സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോയവർഷത്തെ സമ്പാദ്യം 117 ദശലക്ഷം ഡോളറാണ് (858 കോടിരൂപ). പി.എസ്.ജി താരങ്ങളായ നെയ്മറും (96 ദശലക്ഷം) കെയ്‌ലിയൻ എംബാപ്പെയുമാണ് (42) തുടർന്നുള്ള സ്ഥാനങ്ങളിൽ. ലിവർപൂളിന്റെ ഈജിപ്ഷ്യൻ സ്‌ട്രൈക്കർ മുഹമ്മദ് സലാഹ് (37) അഞ്ചാം സ്ഥാനത്തുണ്ട്.

ബാഴ്‌സലോണയിലെ വേതനമായി 96 ലക്ഷവും ഇമേജ് റൈറ്റ്‌സ് അടക്കമുള്ള മറ്റ് മാർഗങ്ങളിൽ 34 ദശലക്ഷവും മെസ്സി സമ്പാദിക്കുന്നതായാണ് ഫോബ്‌സ് പറയുന്നത്. ടാക്‌സ് അടക്കം നൂറു കോടി ഡോളർ മെസ്സി ഇതിനകം സമ്പാദിച്ചു കഴിഞ്ഞതായും ഫോബ്‌സ് സമ്പാദിക്കുന്നു. നൂറു കോടി ഡോളർ സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് മെസ്സി. ക്രിസ്റ്റിയാനോ ഈ നാഴികക്കല്ല് കഴിഞ്ഞ ജൂണിൽതന്നെ പിന്നിട്ടിരുന്നു.

കഴിഞ്ഞ സീസൺ അവസാനത്തിൽ ബാഴ്‌സലോണ വിടാൻ ഒരുങ്ങിയ മെസ്സിക്ക് ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി ശമ്പള ഇനത്തിൽ മാത്രം 100 ദശലക്ഷം യൂറോ (118 മില്യൺ ഡോളർ) നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ക്ലബ്ബ് വിടണമെങ്കിൽ റിലീസ് ക്ലോസായ 700 ദശലക്ഷം യൂറോ നൽകണമെന്ന നിലപാടിൽ ബാഴ്‌സ പ്രസിഡണ്ട് ജോസപ് മരിയ ബർതമ്യു ഉറച്ചുനിന്നതിനെ തുടർന്ന് മെസ്സി തീരുമാനം മാറ്റുകയായിരുന്നു. ഈ സീസൺ അവസാനിക്കുന്നതോടെ മെസ്സി സിറ്റി ബാഴ്‌സ വിട്ട് സിറ്റിയിൽ ചേരാനാണ് സാധ്യത. അഞ്ചുവർഷത്തിന് 700 ദശലക്ഷം യൂറോ എന്ന വൻ ഓഫറാണ് അറബ് ഉടമസ്ഥതയിലുള്ള ക്ലബ്ബ് അർജന്റീനക്കാരനു മുന്നിൽ വെച്ചിരിക്കുന്നത്.

Web Desk: