ലോകമെമ്പാടും ആരാധകരുള്ള ഫുട്‌ബോള്‍ താരമാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. കോടിക്കണക്കിന് പേര്‍ക്ക് ഊര്‍ജവും പ്രചോദനവുമായ മനുഷ്യന്‍. കളിക്കളത്തിലെന്ന പുറത്തും മാന്യതയുടെ ആള്‍രൂപം. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമായിരിക്കുമ്പോള്‍ തന്നെയും ഏറ്റവും വിനയാന്വിതനായ കായികതാരം.
കാല്‍പന്തു കൊണ്ട് ഇത്രമേല്‍ വൈദഗ്ധ്യം കാണിക്കുന്ന താരങ്ങള്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ അപൂര്‍വമാണ്. അതുകൊണ്ടു തന്നെ മെസിയുടെ ഡ്രിബ്ലിങ്ങും പന്തടക്കവും കണ്ടുകണ്ട് അനുകരിച്ച് കളി പഠിക്കുന്ന കൊച്ചു താരങ്ങള്‍ ലോകത്തെല്ലായിടത്തുമുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് മലപ്പുറം മമ്പാട് സ്വദേശിയായ എട്ടാംക്ലാസുകാരന്‍ മിഷാല്‍ അബുലൈസ്.
മിഷാലിനെപ്പറ്റി ഇപ്പോള്‍ ഇവിടെ പറയാന്‍ ഒരു കാരണമുണ്ട്. മെസിയുടെ ഏറ്റവും ലേറ്റസ്റ്റ് ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക് പോസ്റ്റില്‍ മിഷാലും ഇടം നേടിയിരിക്കുന്നു. അഡിഡാസിന്റെ പങ്കാളിത്തത്തോടെ മെസിയുടെ ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മിഷാല്‍ അബുലൈസുള്ളത്. മെസിയുടെ ചെറുപ്പം മുതലുള്ള ഫുട്‌ബോള്‍ വീഡിയോയില്‍ തുടങ്ങി അര്‍ജന്റീന ജഴ്‌സിയിലും ബാലന്‍ ദ്യോര്‍ നിമിഷങ്ങളിലൂടെയുമൊക്കെ കടന്നു പോവുന്ന വിഡിയോ അവസാനിക്കുന്നത് മിഷാലിലാണ്. അസാധ്യമായത് ഒന്നുമില്ല എന്ന സന്ദേശമാണ് വീഡിയോ നല്‍കുന്നത്. അതിനായി മെസിയുടെ നേട്ടങ്ങള്‍ ഓരോന്നും വീഡിയോയില്‍ കാണിക്കുന്നു. അവസാനമായി അബുലൈസിന്റെ മെസി സ്‌റ്റൈലിലുള്ള ഗോളാഘോഷത്തിന്റെ ചിത്രമുണ്ട്. ചിത്രത്തോടൊപ്പം തന്നെ അസാധ്യമായത് ഒന്നുമില്ല എന്നും എഴുതിക്കാണിക്കുന്നുണ്ട്.
ടയര്‍ ഗോള്‍ പോസ്റ്റാക്കി അതിനകത്തൂടെ ഗോള്‍ അടിച്ചുകയറ്റിയ മിഷാലിന്റെ വീഡിയോ നേരത്തെ തന്നെ പ്രസിദ്ധമായിരുന്നു. ലോക ഫുട്‌ബോള്‍ താരങ്ങള്‍ക്കിടയിലും മിഷാലിന്റെ വിഡിയോ ശ്രദ്ധ പിടിച്ചുപറ്റി. അത്തരത്തിലുള്ള ഒരു വീഡിയോയില്‍ ടയറിനുള്ളിലൂടെ പന്ത് അടിച്ചു കയറ്റിയ ശേഷം മെസി സ്റ്റൈലില്‍ വിജയമാഘോഷിക്കുന്നുണ്ട് മിഷാല്‍. മുട്ടുകുത്തിയിരുന്ന് തലയും ചൂണ്ടുവിരലുകളും വാനിലേക്കുയര്‍ത്തിയുള്ള മെസിയുടെ സ്വതസിദ്ധമായ ശൈലി. ഇതാണ് മലയാളികള്‍ക്ക് ആകെ അഭിമാനമായി മെസിയുടെ സോഷ്യല്‍ മീഡിയ പേജിലും ഇടംപിടിച്ചത്.
മിഷാലിന്റ ഫുട്‌ബോള്‍ വീഡിയോ നേരത്തെ നെയ്മറും റോബര്‍ട്ടോ കാര്‍ലോസും ഷെയര്‍ ചെയ്തിട്ടുണ്ട്.