X

ലോകം വാണ് മെസി

ദോഹ: ഖത്തറിലെ താരം ആരാണ്…? ആര്‍ക്കും സംശയം വേണ്ട അത് ലിയോ മെസി തന്നെ. മനോഹരമായ ഫുട്‌ബോളിലുടെ തന്റെ ക്ലാസ് അദ്ദേഹം ആവര്‍ത്തിച്ച് തെളിയിക്കുന്നതിന്റെ മകുടോദാഹരമണായിരുന്നു നെതര്‍ലന്‍ഡ്‌സിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍. ഷൂട്ടൗട്ട് വരെ കാര്യങ്ങള്‍ പോയെങ്കിലും മെസിയുടെ കാലില്‍ പന്ത് കിട്ടിയാല്‍ ഡച്ച് പ്രതിരോധം പോലും പകച്ച് നില്‍ക്കുന്ന കാഴ്ച്ച. ഖത്തറില്‍ അഞ്ച് മല്‍സരങ്ങളാണ് ഇതിനകം പി.എസ്.ജി താരം കളിച്ചത്. അഞ്ചിലും വ്യക്തിപ്രഭാവം പ്രകടമായിരുന്നു.

ഗ്യാലറികള്‍ അദ്ദേഹത്തിനായി ഇളകി മറിയുന്നു. അര്‍ജന്റീന എന്ന് ടീമിനേക്കാള്‍ മെസി എന്ന താരത്തിന്റെ കളി കാണാനാണ് പതിനായിരങ്ങള്‍ ആരവങ്ങള്‍ മുഴക്കിയെത്തുന്നത്. ലുസൈലില്‍ കഴിഞ്ഞ ദിവസം നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ റെക്കോഡ് ജനക്കൂട്ടമായിരുന്നു. ഇതില്‍ 90 ശതമാനവും മെസി ഫാന്‍സ്. കൊച്ചു കുട്ടികള്‍ പോലും മെസിയുടെ പത്താം നമ്പര്‍ ജഴ്‌സിയുമായി അദ്ദേഹത്തിന്റെ കാലില്‍ പന്ത് കിട്ടുമ്പോള്‍ തുള്ളിച്ചാടുന്നു. മൊളീന നേടിയ ആദ്യ ഗോളിലേക്കുള്ള മെസിയുടെ അസിസ്റ്റ് മാത്രം മതി അദ്ദേഹത്തിലെ പ്രതിഭയെ മനസിലാക്കാന്‍.

ഓസ്‌ട്രേലിയക്കെതിരെ നേടിയ മനോഹരമായ ഗോള്‍ ഇന്നും ആഘോഷിക്കപ്പെടുമ്പോഴാണ് നെതര്‍ലന്‍ഡ്‌സിനെതിരെ അദ്ദേഹം നിറഞ്ഞാടിയത്. മല്‍സരത്തിലുടനീളം അദ്ദേഹമായിരുന്നു ടീമിന്റെ നിര്‍ണായക ഘടകം. കൂട്ടുകാര്‍ എത്തിക്കുന്ന പന്തിനെ അതിവേഗമദ്ദേഹം എതിര്‍ ബോക്‌സിലെത്തിക്കുന്നു. സുന്ദരമായ പാസുകള്‍ കൈമറുന്നു. വേഗതയില്‍ മാത്രമല്ല തന്ത്രങ്ങളിലും മെസിക്ക് മുന്നില്‍ വിര്‍ജില്‍ വാന്‍ ഡിയിക്കിന്റെ സംഘം പതറി നിന്നു.

പോളണ്ടിനെതിരായ ഗ്രൂപ്പ് മല്‍സരത്തില്‍ മെസി പെനാല്‍ട്ടി പാഴാക്കിയിരുന്നു. പക്ഷേ ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ട് വട്ടം അദ്ദേഹം ക്ലീന്‍ ഷോട്ടുകളുമായി ഗോളുകള്‍ നേടി. രണ്ടാം പകുതിയില്‍ നേടിയ പെനാല്‍ട്ടി കൂളായിരുന്നെങ്കില്‍ ഷൂട്ടൗട്ട് വേളയില്‍ അതി സമ്മര്‍ദ്ദമായിരുന്നു. അതിനെയും അതിജയിക്കാന്‍ അദ്ദേഹത്തിനായി. സെമി ഫൈനലില്‍ ക്രോട്ടുകാര്‍ക്കെതിരെയും മെസി മാജിക്കും വിജയവും പ്രതീക്ഷിക്കുന്നു കാണികള്‍.

Test User: