ദോഹ: ആകാശ നീലയാണ് അര്‍ജന്റീനക്കാരുടെ ഹോം ജഴ്‌സിയുടെ നിറം. ലോകത്തിന് സുപരിചിതമായ ജഴ്‌സിയും കളറും. ഖത്തര്‍ ലോകകപ്പിനെത്തുന്ന മെസിയും സംഘവും ഇന്നലെ പുതിയ എവേ ജഴ്‌സി പ്രദര്‍ശിപ്പിച്ചു. പര്‍പ്പിള്‍ നിറത്തിലുള്ള ജഴ്‌സിയാണ് ടീം എവേ മല്‍സരങ്ങള്‍ക്കായി ഉപയോഗിക്കുക. മെസിയെ കൂടാതെ ഇറ്റാലിയന്‍ സിരിയ എ യില്‍ ഏ.എസ് റോമക്കായി കളിക്കുന്ന പൗളോ ഡിബാലേയും പുതിയ എവേ ജഴ്‌സിയില്‍ ഇന്നലെ ഫോട്ടോക്ക് പോസ് ചെയ്തു.
സാധാരണ ഗതിയില്‍ അര്‍ജന്റീനക്കാര്‍ ലോകകപ്പില്‍ സ്വന്തം ജഴ്‌സിയില്‍ തന്നെയാണ് കളിക്കാറ്. എന്നാല്‍ ഒരേ നിറത്തിലുള്ള ജഴ്‌സി പരസ്പരം കളിക്കുന്ന ടീമുകള്‍ അണിയുന്ന പക്ഷം നറുക്കെടുപ്പിലുടെ ഒരു ടീമിന് ഹോം ജഴ്‌സിയും ഒരു ടീമിന് എവേ ജഴ്‌സിയും നല്‍കും.ഖത്തര്‍ ലോകകപ്പില്‍ വ്യക്തമായ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളില്‍ ഒന്നാണ് അര്‍ജന്റീന. ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ഒരു മല്‍സരത്തിലും അവര്‍ തോറ്റിരുന്നില്ല,. വന്‍കരയില്‍ ബ്രസീലിന് പിറകെ രണ്ടാമതായാണ് ടീം ഫിനിഷ് ചെയ്തത്. തന്റെ അവസാന ലോകകപ്പിന് എത്തുന്ന മെസി അവസാന സീസണില്‍ രാജ്യത്തിന് രണ്ട് വലിയ കിരീടങ്ങള്‍ സമ്മാനിച്ചിരുന്നു-കോപ്പയും ഫൈനലിസിമയും. ലോകകപ്പോടെ രാജ്യന്തര കരിയര്‍ അവസാനിപ്പിക്കാനാണ് അദ്ദേഹം കൊതിക്കുന്നത്.