X

റഷ്യന്‍ ലോകകപ്പിനു ശേഷം വിരമിക്കുമെന്ന സൂചന നല്‍കി മെസ്സി

മോസ്‌കോ: ഇതിഹാസ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി റഷ്യന്‍ ലോകകപ്പോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിക്കുമെന്ന് റിപ്പോര്‍ട്ട് .ലോകകപ്പിന് ശേഷം വീണ്ടും ദേശീയ ജേഴ്‌സിയില്‍ കളിക്കാന്‍ സാധിക്കുമോ എന്ന് സംശയമാണെന്ന് മെസി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പിലെ പ്രകടനം അനുസരിച്ചായിരിക്കും അര്‍ജന്റീന്‍ നായകന്റെ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഭാവി. റഷ്യയിലേക്കുള്ള യാത്ര അന്താരാഷ്ട്ര താരമെന്ന നിലയില്‍ അവസാനത്തേതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, തീരുമാനം സ്ഥിരികരിക്കപ്പെട്ടിട്ടില്ല.

അര്‍ജന്റീന തുടര്‍ച്ചയായി മൂന്ന് ഫൈനലില്‍ പരാജയപ്പെട്ടു എന്നത് വസ്തുതയാണ്. പക്ഷെ ഫൈനല്‍ വരെ എത്തുന്നത് ഒരിക്കലും നിസാരമായ കാര്യമല്ല. അത് ആളുകള്‍ വിസ്മരിച്ചു. കഴിഞ്ഞ ലോകകപ്പില്‍ ആതിഥേയരായ ബ്രസീല്‍ വമ്പന്‍മാരായ സ്‌പെയിന്‍, ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ നോക്കൗട്ടില്‍ പരാജയപ്പെട്ട വേളയിലും അര്‍ജന്റീന ഫൈനലില്‍ എത്തിയെന്നും മെസ്സി പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു.

ക്ലബ് തലത്തില്‍ സ്പാനിഷ് ക്ലബ് ബാര്‍സലോണക്കൊപ്പം ചാമ്പ്യന്‍സ് ലീഗ്, ലാലീഗ, ഫിഫ ക്ലബ് ലോകകപ്പ് തുടങ്ങി നിരവധി ട്രോഫികള്‍ നേടിയിട്ടുണ്ടെങ്കിലും അര്‍ജന്റീനക്കൊപ്പം ആദ്യ കിരീടമെന്ന മെസ്സിയുടെ കാത്തിരിപ്പ് നീളുകയാണ്. ബ്രസീലില്‍ കപ്പിനും ചുടിനുമിടയില്‍ നഷ്ടമായ സ്വര്‍ണ്ണകപ്പ് റഷ്യയില്‍ നേടി രാജകീയമായി വിടവാങ്ങാനാവും താരത്തിന്റെ ശ്രമം.

ലോകകപ്പ് അടക്കം തുടര്‍ച്ചയായി അര്‍ജന്റീനയെ മൂന്നു ഫൈനലുകളില്‍ എത്തിച്ച മെസ്സി. കഴിഞ്ഞ കോപ്പ അമേരിക്കയുടെ ഫൈനലിലെ ചിലിയോടുള പരാജയത്തിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ലോകകപ്പോടെ 11 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയര്‍ തങ്ങളുടെ പ്രിയതാരം അവസാനിപ്പുക്കമോയെന്നുള്ള ആശങ്കയിലാണ് ലോകമെമ്പാടുമുള്ള മെസ്സി ആരാധകര്‍.

2005ല്‍ അന്താരാഷ്ട്ര തലത്തില്‍ അരങ്ങേറിയ മെസ്സി 124 മത്സരങ്ങളില്‍ നിന്നായി 64 ഗോളുകള്‍ നേടിയിട്ടുണ്ട്. 2014 ല്‍ ലോകകപ്പില്‍ ഫൈനലില്‍ ജര്‍മനിയോട് തോറ്റെങ്കിലും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ മെസ്സിക്കായിരുന്നു. ഫിഫ പ്ലയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് അഞ്ചു തവണയാണ് മെസ്സി സ്വന്തമാക്കിയത്. റഷ്യന്‍ ലോകകപ്പില്‍ ഐസ് ലാന്റിനെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം.

chandrika: