X

മെസ്സിക്ക് ലോക ഫുട്‌ബോളര്‍ പുരസ്‌കാരം കൊടുക്കാന്‍ വോട്ടിങ്ങില്‍ അട്ടിമറി നടത്തിയെന്ന് ആരോപണം

ടൂറിന്‍: അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് ലോക ഫുട്‌ബോളര്‍ പുരസ്‌കാരം നല്‍കാന്‍ ഫിഫ വോട്ടിങ്ങില്‍ അട്ടിമറി നടത്തിയെന്ന് ആരോപണം. മെസ്സിക്ക് താന്‍ വോട്ടുചെയ്തില്ലെന്നും അദ്ദേഹത്തിന് വോട്ടുചെയ്തവരുടെ ലിസ്റ്റില്‍ തന്റെ പേര് എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും നിക്കരാഗ്വ ക്യാപ്റ്റന്‍ യുവാന്‍ ബാരിറ ട്വീറ്റ് ചെയ്തു. നിക്കരാഗ്വന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തന്ന വിവരം അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നാണ് ഫിഫയുടെ വിശദീകരണം.

മുഹമ്മദ് സലക്കായി ഈജിപ്ത് ക്യാപ്റ്റനും കോച്ചും ചെയ്ത വോട്ടുകള്‍ എണ്ണിയില്ലെന്ന് ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനും ആരോപിച്ചു. ഇരുവരുടേയും ഒപ്പ് വലിയക്ഷരത്തിലായതിനാലാണ് പരിഗണിക്കാതിരുന്നതെന്ന് ഫിഫ അറിയിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുടെ ഒപ്പില്ലാത്തതും വോട്ട് അസാധുവാകാനിടയാക്കി.

ലിവര്‍പൂള്‍ താരം വിര്‍ജിന്‍ വാന്‍ ഡൈക്ക് യുവെന്റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ മറികടന്നാണ് മെസ്സി ഇത്തവണ ഫിഫയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ദേശീയ ടീമുകളുടെ പരിശീലകര്‍, ക്യാപ്റ്റന്‍മാര്‍, ഓരോ രാജ്യത്തു നിന്നും തിരഞ്ഞെടുക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഫിഫയുടെ മികച്ച താരത്തെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കുക. പുരസ്‌കാര വിജയിയെ തിരഞ്ഞെടുക്കുന്നത് ഈ വോട്ടുകള്‍ അടിസ്ഥാനമാക്കിയാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: