മെസി ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന് തീര്‍പ് കല്‍പിക്കാന്‍ മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജി മെസി ബാഴ്‌സ അധികൃതരുമായുള്ള ചര്‍ച്ചയ്ക്കായി സ്‌പെയിനില്‍ എത്തി. ബാഴ്‌സ പ്രസിഡന്റ് ജോസപ് ബര്‍ത്തോമ്യുവുമായും ടീം അധികൃതരുമായും ജോര്‍ജി മെസ്സി ചര്‍ച്ച നടത്തും. എപ്പോഴാണ് ചര്‍ച്ചയെന്ന് വ്യക്തമല്ല.
അര്‍ജന്റീനയില്‍ നിന്നും സ്‌പെയിനിലെത്തിയ ജോര്‍ജിയെ കാത്ത് നിരവധി മാധ്യമപ്രവര്‍ത്തകരും മെസ്സി ആരാധകരും എയര്‍പോര്‍ട്ടില്‍ തമ്പടിച്ചിരുന്നു. തനിക്ക് ഒന്നും അറിയില്ലെന്ന് മാത്രമായിരുന്നു ജോര്‍ജിയുടെ പ്രതികരണം.
കഴിഞ്ഞ ആഴ്ച്ചയാണ് ക്ലബ്ബ് വിടാനുള്ള തീരുമാനം മെസ്സി ബാഴ്‌സയെ അറിയിച്ചത്. ഇതിന് പിന്നാലെ തിങ്കളാഴ്ച്ച ആരംഭിച്ച പരിശീലനത്തില്‍ നിന്നും മെസ്സി വിട്ടു നിന്നു. എന്നാല്‍ ക്ലബ്ബ് വിടാനുള്ള മെസ്സിയുടെ തീരുമാനത്തോട് അനുകൂലമായ പ്രതിരണമല്ല ബാഴ്‌സയില്‍ നിന്ന് ഉണ്ടായത്.
സീസണ്‍ അവസാനിച്ചതോടെ കരാര്‍ പ്രകാരം ക്ലബ് വിടാന്‍ അനുമതിയുണ്ടെന്ന നിലപാടിലാണ് മെസ്സി. എന്നാല്‍, ഇതിന്റെ കാലാവധി ജൂണ്‍ പത്തിന് അവസാനിച്ചെന്നാണ് ബാഴ്‌സ അധികൃതര്‍ പറയുന്നത്. ഇതിന്റെ പേരിലാണ് അനിശ്ചിതത്വവും തര്‍ക്കവും നിലനില്‍ക്കുന്നത്.
2021 ജൂണ്‍ വരെയാണ് ബാഴ്‌സയുമായുള്ള കരാര്‍. മെസ്സിക്ക് ക്ലബ്ബ് വിടണമെങ്കില്‍ കരാര്‍ തുകയായ 700 മില്യണ്‍ ഡോളര്‍ നല്‍കണമെന്നും ബാഴ്‌സ വ്യക്തമാക്കുന്നു. മെസ്സിയെ പോകാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണു ബാര്‍സ.
രണ്ട് വര്‍ഷത്തേക്ക് കരാര്‍ നീട്ടാമെന്ന ഉപാധിയും മെസ്സിക്ക് മുന്നില്‍ ബാഴ്‌സ വെക്കുന്നു. അതായത് 2022-23 സീസണ്‍ കൂടി ബാഴ്‌സയ്ക്ക് വേണ്ടി മെസ്സി ബൂട്ടണിയേണ്ടി വരും. എന്നാല്‍ ഈ ഓഫര്‍ മെസ്സി തള്ളിക്കളഞ്ഞതായാണ് റിപ്പോര്‍ട്ട്. ടീം മാനേജ്‌മെന്റിനോടും പരിശീലകന്‍ റൊണാള്‍ഡ് കോമാനുമായും ഒത്തുപോകാനാകില്ലെന്നാണ് മെസ്സിയുടെ നിലപാട്.
മെസ്സിയുടെ പിതാവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അനുകൂലമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടീം അധികൃതര്‍. കൂടാതെ, മെസ്സിയുമായി നേരിട്ട് ചര്‍ച്ച നടത്തണമെന്നും ബാഴ്‌സ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരിട്ടുള്ള ചര്‍ച്ചയ്‌ക്കൊടുവില്‍ ക്ലബ്ല് വിടണമെന്ന തീരുമാനം മെസ്സി പുനഃപരിശോധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മെസ്സിയെ അനുനയിപ്പിക്കാന് കഴിയാവുന്നതെല്ലാം ചെയ്യാന്‍ ഒരുക്കമാണെന്നും അധികൃതര്‍ പറയുന്നു.