മാഡ്രിഡ്: യൂറോപ്പിലെ മികച്ച ഗോള്‍വേട്ടക്കാരനുള്ള സുവര്‍ണ പാദുകം സ്വീകരിച്ചതിനു തൊട്ടുപിന്നാലെ ബാര്‍സലോണയുമായുള്ള കരാര്‍ ലയണല്‍ മെസ്സി 2021 വരെ പുതുക്കി. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് 700 ദശലക്ഷം യൂറോ (5391 കോടി രൂപ) ‘ബയ്ഔട്ട്’ വ്യവസ്ഥയുമായുള്ള പുതിക കരാറില്‍ സൂപ്പര്‍ താരം ഒപ്പുവെച്ചത്. കരാര്‍ കാലാവധി കഴിയുംമുമ്പ് ഉഭയകക്ഷി സമ്മത പ്രകാരമല്ലാതെ ക്ലബ്ബ് വിടണമെങ്കില്‍ കളിക്കാരന്‍ ബയ്ഔട്ട് തുക നല്‍കേണ്ടി വരും.
2018 വേനല്‍ക്കാലത്തോടെ കരാര്‍ അവസാനിക്കുന്ന മെസ്സിക്കു വേണ്ടി മാഞ്ചസ്റ്റര്‍ സിറ്റിയടക്കമുള്ള ക്ലബ്ബുകള്‍ ശ്രമം നടത്തവെയാണ് അര്‍ജന്റീനക്കാരനെക്കൊണ്ട് കരാര്‍ ഒപ്പുവെപ്പിക്കുന്നതില്‍ ബാര്‍സ പ്രസിഡണ്ട് ജോസപ് മരിയ ബര്‍ത്തമ്യൂ വിജയിച്ചത്. കരാര്‍ പുതുക്കാന്‍ കഴിഞ്ഞ ജൂണില്‍ മെസ്സി സമ്മതം അറിയിച്ചിട്ടുണ്ടായിരുന്നെങ്കിലും ഒപ്പുവെക്കല്‍ നീട്ടിക്കൊണ്ടു പോകുന്നത് അഭ്യൂഹങ്ങള്‍ക്കിടയാക്കി. ക്ലബ്ബുമായി മൂന്ന് വ്യത്യസ്ത ധാരണകളില്‍ മെസ്സി ഒപ്പുവെച്ചതായി ഈ മാസാദ്യം ബര്‍ത്തമ്യൂ പറഞ്ഞിരുന്നു.
മുന്‍ കരാറിലെ 300 ദശലക്ഷം യൂറോ എന്ന ബയ്ഔട്ട് തുക ഗണ്യമായി വര്‍ധിപ്പിക്കാന്‍ ബാര്‍സയെ നിര്‍ബന്ധിച്ചത് സൂപ്പര്‍ താരം നെയ്മര്‍ ക്ലബ്ബ് വിട്ട സാഹചര്യമാണ്. ബ്രസീലിയന്‍ താരത്തെ വിട്ടുനല്‍കാന്‍ ബാര്‍സ തയാറായില്ലെങ്കിലും 222 ദശലക്ഷം യൂറോ എന്ന ബയ്ഔട്ട് 24കാരന്‍ പി.എസ്.ജിയിലേക്ക് കൂടുമാറിയിരുന്നു. സമാനമായ സാഹചര്യം മെസ്സിയുടെ കാര്യത്തില്‍ ഉണ്ടാകാതിരിക്കാനാണ്, നിലവിലെ സാഹചര്യത്തില്‍ ഒരു ക്ലബ്ബും മുടക്കാന്‍ മടിക്കുന്ന വലിയ തുക പുതിയ കരാറില്‍ ബാര്‍സ ഉള്‍പ്പെടുത്തിയത്.
പുതിയ കരാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ 34 വയസ്സ് പ്രായമുണ്ടാവുന്ന മെസ്സി പ്രൊഫഷണല്‍ കരിയറില്‍ 17 വര്‍ഷങ്ങള്‍ ബാര്‍സയില്‍ പിന്നിട്ടിട്ടുണ്ടാവും. 2004ല്‍ 17ാം വയസ്സില്‍ ബാര്‍സലോണയുടെ ലാ മസിയ അക്കാദമിയില്‍ നിന്നാണ് താരം സീനിയര്‍ ടീമിലേക്കു വന്നത്.
13 വര്‍ഷങ്ങളിലായി എട്ട് ലാലിഗ, നാല് ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടങ്ങളില്‍ ബാര്‍സക്കൊപ്പം പങ്കാളിയായ മെസ്സി 602 മത്സരങ്ങളില്‍ നിന്ന് 523 ഗോളുകളും നേടിയിട്ടുണ്ട്. ലോകത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ ബാളന്‍ ഡിഓര്‍ പുരസ്‌കാരം അഞ്ചു തവണ മെസ്സി സ്വന്തമാക്കി.
ലാലിഗയില്‍ ഏറ്റവുമധികം ഗോള്‍ (361), ബാര്‍സലോണയ്ക്കു വേണ്ടി ഏറ്റവുമധികം ഗോള്‍ (523), ബാര്‍സയും റയല്‍ മാഡ്രിഡും തമ്മിലുള്ള എല്‍ ക്ലാസിക്കോയില്‍ ഏറ്റവുമധികം ഗോള്‍ (24), ചാമ്പ്യന്‍സ് ലീഗില്‍ ഒരു ടീമിനു വേണ്ടി ഏറ്റവുമധികം ഗോള്‍ (97), തുടര്‍ച്ചയായി എട്ട് സീസണുകളില്‍ 40 ഗോള്‍ നേടിയ ഏക കളിക്കാരന്‍ തുടങ്ങി നിരവധി ബഹുമതികള്‍, ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായി വാഴ്ത്തപ്പെടുന്ന മെസ്സി ഇതിനകം ബാര്‍സയില്‍ സ്വന്തമാക്കിയിട്ടുണ്ട്.