ബാര്‍സലോണ: പരിക്കില്‍ നിന്നു മുക്തനായ ലയണല്‍ മെസ്സി ഗോളുമായി തിരിച്ചെത്തി. പത്തു പേരുമായി പൊരുതിയ ഡിപ്പോര്‍ട്ടീവോ ലാ കൊരൂണയെ 4-0ന് തകര്‍ത്ത് ലാലീഗയില്‍ ബാര്‍സലോണ വിജയ വഴിയില്‍ തിരിച്ചെത്തി. പോയിന്റ് ടേബിളില്‍ റയല്‍ മാഡ്രിഡിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ലെഗാനസിനെ 2-3ന് തോല്‍പ്പിച്ച് സെവിയയാണ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്. ഇരട്ട ഗോളുമായി റാഫീഞ്ഞയും ഒരു ഗോള്‍ കുറിച്ച് ലൂയിസ് സുവാരസും സ്‌കോര്‍ ഷീറ്റില്‍ ഇടംകണ്ടു. മെസ്സിയുടേയും സുവാരസിന്റേയും ഗോളുകള്‍ അസിസ്റ്റ് ചെയ്ത് നെയ്മറും തിളങ്ങി. അടുത്തവാരം ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടാനിരിക്കെ ബാര്‍സയുടെ ആത്മവിശ്വാസമുയര്‍ത്തുന്നതായി മത്സര ഫലം.
ജയത്തോടെ എട്ടു മത്സരങ്ങളില്‍ 16 പോയിന്റുമായി ര്ണ്ടാം സ്ഥാനത്ത് ബാര്‍സ. 17 പോയിന്റാണ് സെവിയയുടെ നേട്ടം. ഓരോ കളി കുറവുള്ള റയലിനും അത്‌ലറ്റിക്കോ മാഡ്രിഡിനും 15 പോയിന്റ് വീതമുണ്ട്.
സെല്‍റ്റാവിഗോക്കെതിരായ 4-3ന്റെ ഞെട്ടിക്കുന്ന തോല്‍വിയുടെ ആഘാതത്തിലായിരുന്നു ബാര്‍സ. പരിക്കുമാറിയെത്തിയ മെസ്സി പകരക്കാരുടെ ബെഞ്ചിലായപ്പോള്‍ സുവാരസിനും നെയ്മറിനുമൊപ്പം റാഫീഞ്ഞയാണ് ആക്രമണത്തില്‍ ഇറങ്ങിയത്. 21-ാം മിനുട്ടില്‍ ബ്രസീലിയന്‍ താരം അക്കൗണ്ട് തുറക്കുകയും ചെയ്തു. സുവാരസിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. 36-ാം മിനുട്ടില്‍ റാഫീഞ്ഞ ഡബിള്‍ തികച്ചു. 43-ാം മിനുട്ടില്‍ സുവാരസിന്റെ ഗോളെത്തി.
55-ാം മിനുട്ടില്‍ ബുസ്‌ക്വെറ്റ്‌സിന്റെ പകരക്കാരനായി കളത്തിലെത്തിയ മെസ്സി മൂന്നു മിനുട്ടിനകം ഗോള്‍ കണ്ടെത്തുകയായിരുന്നു. 65-ാം മിനുട്ടില്‍ പ്രതിരോധ താരം ലോറ നേരിട്ട് ചുവപ്പ് കണ്ട് മടങ്ങിയതോടെ ഡിപ്പോര്‍ട്ടീവോ വന്‍ തോല്‍വി മുന്നില്‍ കണ്ടു. എന്നാല്‍, കൂടുതല്‍ ഗോള്‍ വഴങ്ങാതിരിക്കുന്നതില്‍ സന്ദര്‍ശകര്‍ വിജയിച്ചു.
- 8 years ago
chandrika
Categories:
Video Stories