ലണ്ടന്‍: യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്ന് കിടിലന്‍ അങ്കങ്ങള്‍. ഏറ്റവും മികച്ച പോരാട്ടം നടക്കുന്നത് ഇറ്റലിയിലെ ടൂറിനിലാണ്. അവിടെ ആതിഥേയരായ യുവന്തസ്് ശക്തരായ ബാര്‍സിലോണയുമായി കളിക്കുന്നു. കഴിഞ്ഞ സീസണില്‍ ഫൈനല്‍ വരെ എത്തിയവരാണ് യുവന്തസ്. ലോകകപ്പ് യോഗ്യതാ പ്ലേ ഓഫ് പോരാട്ടത്തില്‍ സ്വീഡനോട് പരാജയപ്പെട്ട് ഇറ്റലി പുറത്തായതിന് ശേഷം രാജ്യാന്തര രംഗം വിട്ട് ജിയാന്‍ ലുക്കാ ബഫണ്‍ നയിക്കുന്ന യുവന്തസ് സംഘത്തില്‍ അനുഭവ സമ്പന്നര്‍ക്കാണ് മുന്‍ത്തൂക്കം.
ഗ്രൂപ്പ് ഡിയില്‍ ബാര്‍സയാണ് ഒന്നാം സ്ഥാനത്ത്. ഇന്ന് തോല്‍ക്കാതിരുന്നാല്‍ മെസിക്കും സംഘത്തിനും നോക്കൗട്ട് ഉറപ്പിക്കാം. ഇന്ന് ജയിച്ചാല്‍ യുവന്തസിനും നോക്കൗട്ട് എളുപ്പമാവും. പക്ഷേ തോല്‍ക്കുന്ന പക്ഷം അത് അവരുടെ സാധ്യതകളെയും ബാധിക്കും. ഗ്രൂപ്പിലെ തന്നെ മറ്റൊരു മല്‍സരത്തില്‍ സ്‌പോര്‍ട്ടിംഗ് ക്ലബ് ഒളിംപിയാക്കസിനെ നേരിടുന്നുണ്ട്. സ്‌പോര്‍ട്ടിംഗ് ജയിക്കുന്ന പക്ഷം അവര്‍ക്കായിരിക്കും ഗ്രൂപ്പിലെ രണ്ടാം സ്ഥാനം. ബാര്‍സയും യുവന്തസും തമ്മില്‍ നുവോ കാംപില്‍ നടന്ന ആദ്യപാദ മല്‍സരത്തില്‍ ബാര്‍സ മറുപടിയില്ലാത്ത മൂന്ന് ഗോളിന് ജയിച്ചിരുന്നു. അത്തരമൊരു ഫലം സ്വന്തം മൈതാനത്ത് യുവെക്ക് സഹിക്കാനാവില്ല. പ്രത്യേകിച്ച് ബഫണ്‍ ഉള്‍പ്പെടെയുളവര്‍ രാജ്യാന്തര രംഗം വിട്ട സാഹചര്യത്തില്‍. ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ടീം നേരത്തെ പുറത്തായാല്‍ പല സീനിയര്‍ താരങ്ങള്‍ക്കും അത് ആഘാതമാവും. മുന്‍നിരയില്‍ കളിക്കുന്ന അര്‍ജന്റീനക്കാരന്‍ ഗോണ്‍സാലോ ഹ്വിഗീന്‍, യുവ വാഗ്ദാനം പൗലോ ഡിബാല എന്നിവരാണ് ടീമിന്റെ പ്രതീക്ഷ. എങ്കിലും സിരിയ മാച്ചില്‍ പോയ വാരത്തില്‍ സാംപദോറിയയോട് പരാജയപ്പെട്ടതിന്റെ ആഘാതം യുവെക്കുണ്ട്. ബാര്‍സിലോണ സംഘത്തില്‍ ജെറാര്‍ഡ് പിക്വേ കളിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. മെസി, സുവാരസ് എന്നിവരും ഫോമിലാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് ലാലീഗില്‍ ലഗാനസിനെ മൂന്ന് ഗോളിന് ബാര്‍സ തരിപ്പണമാക്കിയത്.
ഇംഗ്ലീഷ് ചാമ്പ്യന്മാരായ ചെല്‍സിക്ക് ഇന്ന് കുറബാഗയാണ് എതിരാളികള്‍. പ്രീമിയര്‍ ലീഗിലെ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ചെല്‍സി എവേ മല്‍സരം കളിക്കുന്നത്. ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണിന് മുന്നില്‍ വരുന്നത് ബെല്‍ജിയന്‍ ക്ലബായ ആന്‍ഡര്‍ലച്ചറ്റാണ്. നെയ്മര്‍ കളിക്കുന്ന പാരീസ് സെന്റ് ജര്‍മന്‍ നേരിടുന്നത് സ്‌ക്കോട്ടിഷ് ജേതാക്കളായ സെല്‍റ്റിക്കിനെയാണ്. അത്‌ലറ്റികോ മാഡ്രിഡും എ.എസ് റോമയും തമ്മിലുള്ള മല്‍സരവും ഇന്ന് നടക്കും.