X
    Categories: MoreViews

മെസിയും സുവാരസും നെയ്മറും ഇന്ന് ദോഹയില്‍ പന്തുതട്ടും; ആവേശത്തില്‍ ഫുട്‌ബോള്‍ ആസ്വാദകര്‍

ദോഹ: ഖത്തറിലെ ഫുട്‌ബോള്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന പോരാട്ടം ഇന്ന്. യൂറോപ്യന്‍ ലീഗിലെ വമ്പന്‍മാരായ എഫ്‌സി ബാര്‍സിലോണയും സഉദി ക്ലബ്ബായ അല്‍ അഹ്‌ലിയും തമ്മിലുള്ള സൗഹൃദമത്സരം ഇന്നു വൈകുന്നേരം ഏഴിന് അല്‍ ഗറാഫയിലെ താനി ബിന്‍ ജാസിം സ്റ്റേഡിയത്തില്‍ നടക്കും. മത്സരത്തിനായി രണ്ടു ടീമുകളും ദോഹയിലെത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ബാര്‍സ ടീം ദോഹയിലെത്തിയത്. ഷെറാട്ടണ്‍ ഗ്രാന്‍ഡ് ദോഹ ഹോട്ടലിലാണ് ടീമിന് താമസമൊരുക്കിയിരിക്കുന്നത്. ഇന്നു രാവിലെ ബാര്‍സ ടീം പരിശീലനത്തിനിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്പാനിഷ് ലീഗായ ലാലിഗ ചാമ്പ്യന്‍ടീമായ ബാര്‍സയും സഉദി പ്രൊ ലീഗ് ചാമ്പ്യന്‍മാരായ അല്‍ അഹ്‌ലിയും തമ്മിലുള്ള മത്സരത്തിന് മാച്ച് ഓഫ് ചാമ്പ്യന്‍സ്(ചാമ്പ്യന്‍മാരുടെ പോരാട്ടം) എന്നാണ് പേരിട്ടിരിക്കുന്നത്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഖത്തര്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. ലോക ഫുട്‌ബോളിലെ വമ്പന്‍മാരായ ലയണല്‍ മെസ്സിയും ലൂയിസ് സുവാരസും നെയ്മറും ഇന്നു ബാഴ്‌സയ്ക്കായി ബൂട്ടണിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം പരിക്ക് നെയ്മറിനെ വലയ്ക്കുന്നുണ്ട്. ആദ്യ ഇലവനില്‍ പ്രമുഖതാരങ്ങള്‍ ഉണ്ടായിരിക്കും. ഇതു സംബന്ധിച്ച് ബാര്‍സലോണ ടീം മാനേജ്‌മെന്റ് സൂചന നല്‍കിയിട്ടുണ്ട്. സ്പാനീഷ് താരങ്ങളായ ജെറാള്‍ഡ് പൈക്, ആന്ദ്രെ ഇനിയസ്റ്റ എന്നിവരും ബാഴ്‌സ നിരയിലുണ്ടാകും. സൗഹൃദമത്സരത്തിനുള്ള ടീമിനെ മാനേജര്‍ ലൂയിസ് എന്റിഖ് പ്രഖ്യാപിച്ചിട്ടുണ്ട്. ബാര്‍സ ഫസ്റ്റ്്് ടീമിലെ 21 പേര്‍ക്കു പുറമെ ബി ടീമിലെ കാര്‍ലസ് അലേനയും ബോര്‍ജ ലോപ്പസും ടീമിലിടം നേടിയിട്ടുണ്ട്.പരിക്കുകാരണം ഒന്നാം ടീമിലെ ജെറിമി മത്യേവു ഖത്തറിലേക്ക് ഉണ്ടാകില്ല. ഖത്തര്‍ എയര്‍വേയ്‌സുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ബാഴ്‌സ ഇന്നു ദോഹയില്‍ കളിക്കുന്നത്. ഇതാദ്യമായാണ് ബാര്‍സലോണ ഖത്തറില്‍ കളിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ആദ്യമായി ഒരു സഉദി അറേബ്യന്‍ ക്ലബ്ബിനോട് ബാര്‍സ ഏറ്റുമുട്ടുന്നു എന്നതും ഇന്നതെ സൗഹൃദമത്സരത്തെ വേറിട്ടുനിര്‍ത്തുന്നു. ഇന്നത്തെ മത്സരത്തിന് ആവേശം പകരാനായി മുന്‍ ബാര്‍സ താരം സാവി ഹെര്‍ണാണ്ടസും സ്റ്റേഡിയത്തിലുണ്ടാകും.

നിലവില്‍ ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ അല്‍ സദ്ദിനുവേണ്ടി ബൂട്ടണിയുന്ന സാവി 2022 ഫിഫ ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ ജനറേഷന്‍ അമൈസിങ് പദ്ധതിയുടെ അംബാസഡര്‍ കൂടിയാണ്. കഴിഞ്ഞദിവസം ലേബര്‍ സിറ്റി സന്ദര്‍ശിച്ച സാവി തൊഴിലാളികള്‍ക്ക് ഇന്നത്തെ മത്സരത്തിന്റെ ടിക്കറ്റുകള്‍ സമ്മാനിച്ചു. ബാര്‍സ- അഹ്‌ലി മത്സരം ദോഹയിലെ ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായിരിക്കുമെന്നും ബാര്‍സ ടീമിനൊപ്പം താനുമുണ്ടാകുമെന്നും സാവി പറഞ്ഞു. ദോഹയിലെ മത്സരത്തിനുശേഷം ക്യാംപ്‌നൗവില്‍ എസ്പാന്യോളിനെതിരെയാണ് ബാര്‍സയുടെ അടുത്ത മത്സരം. ലാലിഗയില്‍ ഒസാസുന്നയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ബാര്‍സ ദോഹയില്‍ ബൂട്ടണിയുന്നത്. ഈ മത്സരത്തില്‍ രണ്ടാംപകുതിയില്‍ മെസ്സി രണ്ടു ഗോളുകള്‍ സ്‌കോര്‍ ചെയ്തിരുന്നു. അതേസമയം സഉദി ക്ലബ്ബായ അല്‍ അഹ്‌ലി ഞായറാഴ്ച പുലര്‍ച്ചെ ദോഹയിലെത്തി. അല്‍ അഹ്‌ലി ക്ലബ്ബിന്റെ സ്‌പോണ്‍സര്‍ഷിപ്പും ഖത്തര്‍ എയര്‍വേയ്‌സിനാണ്. അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്ബിലെ ഗ്രാന്‍ഡ് ഹമദ് സ്റ്റേഡിയത്തില്‍ ടീം പരിശീലനത്തിനായി ഇറങ്ങുകയും ചെയ്തു. മൂന്നുതവണ യൂറോപ്യന്‍ലീഗ് ചാമ്പ്യന്‍മാരായ ബാര്‍സിലോണയും ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റുമായി 2010ലുണ്ടാക്കിയ ധാരണപ്രകാരമാണ് ഈ മത്സരം. സ്‌പോണ്‍സര്‍ കമ്പനി തീരുമാനിക്കുന്ന നഗരത്തില്‍ സൗഹൃദ മത്സരം കളിക്കണമെന്നായിരുന്നു ധാരണ. നേരത്തെ ബാര്‍സലോണയുടെ ഖത്തറിലെ സൗഹൃദമത്സരം മൂന്നു തവണ നീട്ടിവെച്ചിരുന്നു.
സഉദി അറേബ്യന്‍ ലീഗ് ചാമ്പ്യന്‍മാരായ അല്‍ അഹ്‌ലിയുമായി മേയ് 24ന് ഖത്തറില്‍ സൗഹൃദ മത്സരത്തില്‍ കളിക്കുമെന്നായിരുന്നു ഒടുവിലത്തെ അറിയിപ്പ്. എന്നാല്‍ മത്സരത്തിന് മൂന്നുദിവസം മാത്രമുള്ളപ്പോള്‍ നീട്ടിവെയ്ക്കുകയായിരുന്നു. 2014, 2015 വര്‍ഷങ്ങളില്‍ ബാര്‍സലോണ ഖത്തറില്‍ സൗഹൃദമത്സരം കളിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും റദ്ദാക്കുകയായിരുന്നു. സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി, ഖത്തര്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍, ഖത്തര്‍ സ്റ്റാര്‍സ് ലീഗ് എന്നിവയാണ് ഇന്നത്തെ മത്സരത്തിന് ചൂക്കാന്‍ പിടിക്കുന്നത്. ഖത്തര്‍ ടൂറിസം അതോറിറ്റി, കത്താറ ഹോസ്പിറ്റാലിറ്റി, ഊരിദൂ, സാലേഹ് അല്‍ ഹമദ് അല്‍ മനാ കമ്പനി, ആന്റിഡോപ്പിങ് ലാബ് ഖത്തര്‍ എന്നിവയാണ് മത്സരത്തിന്റെ പ്രധാന സ്‌പോണ്‍സര്‍മാര്‍.

chandrika: