X

ക്രിസ്റ്റ്യാനോ, മെസ്സി, ബഫണ്‍ മികച്ചത് ആര് ?

 

ലിയോണ്‍: യൂറോപ്പിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തെ കണ്ടെത്താനുള്ള യുവേഫയുടെ ശ്രമം ഒടുവില്‍ എത്തി നില്‍ക്കുന്നത് മൂവര്‍ സംഘത്തില്‍.
ലോക ഫുട്‌ബോള്‍ ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, ലയണല്‍ മെസിയും ഒപ്പം ഇറ്റലിയുടെ വിഖ്യാത ഗോളി ജിയാന്‍ ലൂജി ബഫണുമാണ് സാധ്യതാ പട്ടികയില്‍ ഇടം തേടിയിരിക്കുന്നത്. 80 പരിശീലകരും 55 മാധ്യമപ്രവര്‍ത്തകരും അടങ്ങിയ പാനലാണ് പട്ടികയുടെ അന്തമ ലിസ്റ്റിലേക്ക് മൂന്ന് പേരെയും തെരഞ്ഞെടുത്തത്.
24 ന് നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഡ്രോയിലായിരിക്കും പുരസ്‌കാര പ്രഖ്യാപനവും വിതരണവും. അതേ സമയം ഇത്തവണയും ഏവരും സാധ്യത കല്‍പിക്കുന്നത് റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു തന്നെയാണ്. നേരത്തെ രണ്ടു തവണ ക്രിസ്റ്റ്യാനോ ഈ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് നിലനിര്‍ത്തിയപ്പോള്‍ അതില്‍ നിര്‍ണായകമായത് ക്രിസ്റ്റിയാനോയുടെ പ്രകടനമായിരുന്നു. സാന്റിയാഗോ ബര്‍ണബ്യൂവില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ ക്വാര്‍ട്ടറില്‍ ഹാട്രിക്ക് അടക്കം അഞ്ചു ഗോളുകളാണ് ക്രിസ്റ്റിയാനോ നേടിയത്. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ സെമിഫൈനലിന്റെ ആദ്യ പാദത്തിലും റൊണാള്‍ഡോ ഹാട്രിക് നേടിയിരുന്നു. ഫൈനലില്‍ യുവന്റസിനെതിരെ രണ്ടു ഗോളുകളും പോര്‍ച്ചുഗീസുകാരന്റെ ബൂട്ടില്‍ നിന്നും പിറന്നു. ഇറ്റാലിയന്‍ സിരി എയില്‍ യുവന്റസിനെ ആറാമതും ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഗോള്‍കീപ്പര്‍ ജിയാന്‍ ലൂജി ബഫണ്‍ നിര്‍വഹിച്ചത്.
ചാമ്പ്യന്‍സ് ലീഗില്‍ രണ്ടാം സ്ഥാനത്തെത്താനും യുവന്റസിന് സാധിച്ചു. അതേസമയം ലാലിഗയില്‍ കഴിഞ്ഞ സീസണില്‍ ടോപ് സ്‌കോററാണ് ലയണല്‍ മെസി. സ്പാനിഷ് കിങ്‌സ് കപ്പില്‍ ബാഴ്‌സക്ക് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു താരം.
ബാഴ്‌സക്കായി 54 ഗോളുകള്‍ നേടിയെങ്കിലും കഴിഞ്ഞ സീസണില്‍ സ്പാനിഷ് സൂപ്പര്‍ കപ്പും, കോപ ഡല്‍ റേയുമാണ് മെസ്സിയുടെ അക്കൗണ്ടിലുള്ളത്. മെസ്സിയും നേരത്തെ രണ്ട് തവണ യൂറോപ്പിലെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.

chandrika: