പി.കെ കുഞ്ഞാലിക്കുട്ടി
(ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ യൂണിയന്‍ മുസ്്ലിംലീഗ്)
മതമൈത്രിയുടെ സന്ദേശവാഹകന്‍ വിടചൊല്ലി. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ഉന്നതമൂല്യങ്ങളുടെ സംരക്ഷണത്തിനായി ആയുസുമുഴുവന്‍ പ്രവര്‍ത്തിച്ച ജനനായകന്റെ അപരിഹാര്യമായ നഷ്ടമാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാടിലൂടെ സംഭവിച്ചിരിക്കുന്നത്. ആദരണീയനായ ഹൈദരലി ശിഹാബ് തങ്ങളുടെ വിയേഗം സൃഷ്ടിച്ച വിടവ് നികത്താനാവാത്തതാണ്.
ഇത് കേവലം രാഷ്ട്രീയമായ ശൂന്യത മാത്രമല്ല സൃഷ്ടിക്കുന്നത്. നമ്മുടെ മത, സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളെയെല്ലാം ബാധിക്കുന്നതാണ്. കേരളീയ പൊതുസമൂഹത്തില്‍ പാണക്കാട് സയ്യിദ് കുടുംബം ചെലുത്തിയ സ്വാധീനം അളവറ്റതാണ്. ഒരേസമയം രാഷ്ട്രീയ നേതൃത്വത്തിലും മതനേതൃത്വത്തിലും പ്രവര്‍ത്തിച്ചുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ ഐക്യത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും കണ്ണികളായി വര്‍ത്തിക്കാനും ഒരുമയുടെ പൊതുവേദികള്‍ സൃഷ്ടിക്കാനും അവര്‍ക്കു കഴിഞ്ഞു.
മുസ്‌ലിംലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഉമറലി ശിഹാബ് തങ്ങളും ഇവ്വിധം സമൂഹത്തില്‍ നിറഞ്ഞുനിന്നു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മൂന്നര പതിറ്റാണ്ടോളം മുസ്്ലിംലീഗിനും സമൂഹത്തിനും സാംസ്‌കാരിക മണ്ഡലത്തിനും നല്‍കിയ ധൈഷണികവും സൗമ്യവും ദീപ്തവുമായ നേതൃത്വം അഭിമാനപൂര്‍വമായ നേട്ടങ്ങളുടെ കാലഘട്ടം കൂടിയായിരുന്നു. രാജ്യമാകെ അറിയപ്പെട്ട ആ ഗോപുര സമാനമായ വ്യക്തിത്വം വിടപറഞ്ഞപ്പോള്‍ ഉണ്ടായ കനത്ത നഷ്ടം എങ്ങനെ പരിഹരിക്കപ്പെടുമെന്ന ചിന്തയില്‍ നിന്ന് നാട് ഏകസ്വരത്തില്‍ വിളിച്ചു പറഞ്ഞ പേരായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കഴിഞ്ഞ ഒരു വ്യാഴവട്ടത്തിലധികം കാലം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സംഘടനയുടെയും സമുദായത്തിന്റെയും അമരം നയിച്ചു. മുസ്്ലിംലീഗിന്റെ സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും അനേകം വിദ്യാഭ്യാസ, അഗതി, അനാഥശാല സ്ഥാപനങ്ങളുടെ സാരഥിയുമായി. ആയിരത്തിലധികം മഹല്ലുകളുടെ ഖാസി സ്ഥാനം വഹിച്ചു. ഇങ്ങനെയെല്ലാം ജനഹൃദയങ്ങളുടെ ആഴത്തില്‍ സ്ഥാനം പിടിച്ച സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, താന്‍ നേതൃത്വം നല്‍കിയ സര്‍വ പ്രസ്ഥാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ജനതക്കും കിടയറ്റ നേട്ടങ്ങള്‍ സമ്മാനിച്ചു.
സമുദായത്തിനുള്ളിലെ ഐക്യത്തിനും സമുദായങ്ങള്‍ തമ്മിലെ ഐക്യത്തിനുമായി വിശ്രമമില്ലാതെ പ്രയത്നിച്ചു. ഉച്ചത്തില്‍ സംസാരിക്കാതെ, ബഹളമയമായ പ്രസ്താവനകള്‍ നടത്താതെ ചൂടേറിയ പ്രശ്നങ്ങളെപോലും സൗമ്യഭാവത്തിലൂടെ തണുപ്പിച്ച്,സാധാരണക്കാര്‍ക്ക് പ്രിയപ്പെട്ടവനായി, ഏറ്റവും ജനകീയത കൈവരിച്ച രാഷ്ട്രീയ നേതാവായി ഉയര്‍ന്നു.
അദ്ദേഹം മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായ ഘട്ടത്തില്‍ മുസ്‌ലിം ലീഗ് അതിന്റെ ചരിത്രത്തിലെ ശ്രദ്ധേയമായ പല നേട്ടങ്ങളും കൈവരിച്ചു.പാണക്കാട് കുടുംബത്തിന്റെ പരമ്പരാഗത സിദ്ധിവിശേഷങ്ങളായ സൗമ്യതയും മന്ദഹാസവും കൂടുതല്‍ സമയം ജനങ്ങള്‍ക്കിടയില്‍ കഴിയലും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളില്‍ വര്‍ധിത തോതില്‍ കാണപ്പെട്ടു.
ഉന്നതമായ പദവികള്‍ പലതും വഹിച്ചിട്ടും, പലവിഷയങ്ങളിലും ഇടപെടേണ്ടി വന്നിട്ടും വിവാദങ്ങളും വിഭാഗീയതയുമില്ലാതെ എല്ലാവരാലും അംഗീകരിക്കപ്പെട്ട, ആരും അനുസരിക്കുന്ന മഹത് വ്യക്തിത്വമായി നിലകൊണ്ടു. രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും നിറഞ്ഞു നില്‍ക്കുന്ന മറ്റാര്‍ക്കും നേടാനാവാത്ത ബഹുമതിയാണിത്. മാധ്യസ്ഥ ചര്‍ച്ചകളില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ കേള്‍ക്കുമ്പോള്‍ തങ്ങള്‍ ‘പറഞ്ഞതു കൊണ്ട് ഞങ്ങള്‍ അനുസരിക്കുന്നു’ എന്ന് ആ തീരുമാനം കൊണ്ട് നേട്ടം കുറഞ്ഞവര്‍ പോലും സമ്മതിക്കുമായിരുന്നു. ആ നിസ്വാര്‍ത്ഥതയും നിഷ്‌കളങ്കതയും ആരിലും മതിപ്പ് വര്‍ധിപ്പിച്ചു.
ബാല്യം തൊട്ട് ഒരുമിച്ചു വളര്‍ന്ന ഏറ്റവും പ്രിയപ്പെട്ട സഹോദരന്റെ നഷ്ടമാണ് വ്യക്തിപരമായി എന്നെ സംബന്ധിച്ച് ഈ വിയോഗം വരുത്തിയിട്ടുള്ളത്.അദ്ദേഹത്തിനു കീഴില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായും മറ്റുമുള്ള പല ഉത്തരവാദിത്തങ്ങളും നിറവേറ്റി. ഓരോ ചുവടിലും അദ്ദേഹത്തിന്റെ അനുവാദവും അംഗീകാരവും വാങ്ങി മാത്രമേ മുന്നോട്ട് പോയതുള്ളു.കൂടിയാലോചനകളും കൂടിക്കാഴ്ചകളുമില്ലാത്ത നാളുകള്‍ കുറവായിരുന്നു. ഇനിയതെല്ലാം മനസ്സു വിങ്ങുന്ന ഓര്‍മകള്‍ മാത്രം.
പാണക്കാട് കൊടപ്പനക്കല്‍ തറവാടുമായി ഞങ്ങളുടെ കുടുംബത്തിനുള്ള സ്നേഹബന്ധത്തിനും അടുത്തിടപഴകലിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. തലമുറകളിലൂടെ കൈമാറിവന്ന സ്നേഹമാണത്. ഒരു വീട് പോലെ കഴിഞ്ഞു പോന്നത്. ഇന്ന് അതില്‍ നിന്നൊരാള്‍, ഏറ്റവും പ്രധാനപ്പെട്ട കണ്ണി കൊഴിഞ്ഞു പോയിരിക്കുകയാണ്.
‘ആറ്റപ്പൂ’ എന്ന ഓമനപ്പേരിലാണ് എല്ലാവരും അദ്ദേഹത്തെ സംബോധന ചെയ്തത്. ‘ആറ്റപ്പൂവ്’ എന്നാല്‍ കൂടുതല്‍ ഇമ്പമുള്ള പൂവ് എന്ന അര്‍ത്ഥത്തില്‍. കുഞ്ഞുന്നാളിലെ മനസ്സുനിറഞ്ഞ ഇഷ്ടവും ഓമനത്തവും തുളുമ്പുന്ന പേര്. ആ സുഗന്ധം നിറഞ്ഞ,സ്നേഹ നൈര്‍മല്യം പരത്തിയ മഹാനായ നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.