എം.കെ അഷ്‌റഫ്
നാദാപുരം
പാണക്കാട് കൊടപ്പനക്കല്‍ തറവാടുമായി നാദാപുരത്തുകാര്‍ക്ക് അഭേദ്യ ബന്ധമുണ്ട്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയ നാദാപുരത്തുകാര്‍ പിന്‍ഗാമിയായ ഹൈദരലി ശിഹാബ് തങ്ങളെയും എക്കാലവും താലോലിച്ചിരുന്നു. അത് കൊണ്ടുതന്നെ നാദാപുരത്തെ പരിപാടികളില്‍ പങ്കെടുക്കാന്‍ ഹൈദരലി തങ്ങള്‍ക്ക് പ്രത്യേക താല്‍പര്യമായിരുന്നു. നാദാപുരം മേഖലയില്‍ കലാപത്തിന്റെ ഭീകര നാളുകളില്‍ സമാധാനത്തിന്റെ സന്ദേശ വാഹകനായി ഹൈദരലി തങ്ങള്‍ എത്തിയത് നാടിനും നാട്ടുകാര്‍ക്കും മറക്കാനാവാത്ത കാര്യമാണ്.
തൂണേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വെള്ളൂരിലും മറ്റും ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കുകയും നിരവധി മുതലുകള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്ത സമയം. വിറങ്ങലിച്ചു നില്‍ക്കുകയായിരുന്ന ജനങ്ങള്‍ക്ക് മുന്നിലേക്ക് സമാധാന സന്ദേശവുമായി കടന്നു വന്ന തങ്ങള്‍ ആദ്യം പോയത് കൊല്ലപ്പെട്ട ഷിബിന്റെ വീട്ടിലേക്കായിരുന്നു. ഷിബിന്റെ അച്ഛനും അമ്മയും മറ്റു ബന്ധുക്കളും ഹൈദരലി തങ്ങളെ കണ്ടു അമ്പരന്നപ്പോള്‍ അദ്ദേഹം അവരോടായി പറഞ്ഞത് നിങ്ങളുടെ ദുഃഖത്തില്‍ ഞാനും പങ്കു ചേരുന്നു എന്ന ഒറ്റ വാക്കായിരുന്നു.
അത് കേട്ട് ഷിബിന്റെ അച്ഛന്‍ തങ്ങളെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞത് ഏവരെയും ആത്ഭുതപെടുത്തി. തുടര്‍ന്ന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ വിളിച്ചു ചേര്‍ത്ത് സമാധാനത്തിനു മുന്നിട്ടിറങ്ങാന്‍ ആഹ്വാനം ചെയ്തായിരുന്നു തങ്ങള്‍ മടങ്ങിയത്. പ്രദേശത്തെ സി.പി.എം നേതാക്കള്‍ അടക്കമുള്ളവര്‍ തങ്ങളുടെ ഈ നിലപാടിനെ ഏറെ പ്രശംസിക്കുകയുണ്ടായി. നാദാപുരത്തെ ചില വീടുകളില്‍ തങ്ങള്‍ക്ക് വേണ്ടി മാത്രം പ്രത്യേക റൂമുകള്‍ ഉണ്ടായിരുന്നു. ഈ മേഖലയില്‍ പരിപാടികള്‍ക്ക് വന്നാല്‍ വിശ്രമിക്കാന്‍ തങ്ങള്‍ എത്തിയിരുന്നത് ഈ വീടുകളിലാണ്.