X

ഖുര്‍ആന്‍ ഒത്തൊരുമയും സമാധാനവുമാണ് വിളംബരം ചെയ്യുന്നത്; സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി: ഖുര്‍ആനില്‍ ചേര്‍ത്തുവച്ച സന്ദേശങ്ങള്‍ നിങ്ങള്‍ ജീവിതത്തില്‍ പിന്തുടരണമെന്ന് കശ്മീര്‍ വിദ്യാര്‍ത്ഥികളോട് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഖുര്‍ആന്‍ അക്രമത്തിന് വേണ്ടി പ്രചാരം നടത്തുന്നില്ലെന്നും സമാധാനത്തിന്റേയും ഒത്തൊരുമയുടേയും സന്ദേശം വിശുദ്ധ ഖുര്‍ആനില്‍ മനോഹരമായി വരച്ചുവച്ചിട്ടുണ്ടെന്നും ബിപിന്‍ റാവത്ത പറഞ്ഞു. ഡല്‍ഹിയില്‍ മദ്രസാ വിദ്യാര്‍ത്ഥികളുമായി തന്റെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈന്യത്തിന്റെ അധ്യക്ഷതയില്‍ ഒരുക്കിയ ദേശീയ ഏകീകൃത ടൂറിന്റെ ഭാഗമായാണ് കുട്ടികള്‍ രാജ്യതലസ്ഥാനത്തെത്തിയത്.

കുട്ടികളും അധ്യാപകരുമായി ഹസ്തദാനം നടത്തിയ സൈനിക മേധാവി ഡല്‍ഹിയും കശ്മീരും തമ്മില്‍ എന്ത് വ്യത്യാസമാണ് നിങ്ങള്‍ക്ക് കാണാനാവുന്നതെന്ന് വിദ്യാര്‍ത്ഥികളോട് ചോദിച്ചു. ‘കശ്മീരിലേത് പോലെ ഇവിടെ ബങ്കറുകള്‍ നിങ്ങള്‍ക്ക് കാണാനാവില്ല. രാത്രിയിലും സമാധാനത്തോടെ ജനങ്ങള്‍ ഇറങ്ങി നടക്കുന്നു. ഇതേ സമാധാന അന്തരീക്ഷം കശ്മീരിലും നമുക്ക് സ്ഥാപിക്കണം. അപ്പോള്‍ മാത്രമാണ് ഒരു പേടിയും കൂടാതെ നിങ്ങള്‍ക്ക് മദ്രസയിലും സ്‌കൂളിലും പോകാന്‍ കഴിയുകയുളളൂ’, ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.

‘നിങ്ങള്‍ എത്ര പേര്‍ വിശുദ്ധ ഖുര്‍ആന്‍ വായിച്ചിട്ടുണ്ട്’ എന്ന് ചോദിച്ചാണ് അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സംഭാഷണം ആരംഭിച്ചത്. ‘ഖുര്‍ആന്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞ് തരാം. ഒത്തൊരുമയും സമാധാനവും ആണ് അത് വിളംബരം ചെയ്യുന്നത്. വളരെ മനോഹരമായാണ് സമാധാന സന്ദേശം പറയുന്നത്. ഐസിസ് ഉണ്ടാക്കുന്ന കോലാഹലങ്ങള്‍ ഖുര്‍ആനില്‍ എവിടെയും തന്നെ കാണാന്‍ കഴിയില്ല’, ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.

‘കശ്മീരിലേത് പോലെ ഇവിടെ ബങ്കറുകള്‍ നിങ്ങള്‍ക്ക് കാണാനാവില്ല. രാത്രിയിലും സമാധാനത്തോടെ ജനങ്ങള്‍ ഇറങ്ങി നടക്കുന്നു. ഇതേ സമാധാന അന്തരീക്ഷം കശ്മീരിലും നമുക്ക് സ്ഥാപിക്കണം. അപ്പോള്‍ മാത്രമാണ് ഒരു പേടിയും കൂടാതെ നിങ്ങള്‍ക്ക് മദ്രസയിലും സ്‌കൂളിലും പോകാന്‍ കഴിയുകയുളളൂ എന്ന് പറഞ്ഞ റാവത്ത് ക്രിക്കറ്റും ഫുട്‌ബോളും പോലെയുളള കായിക ഇനങ്ങളില്‍ ശോഭിക്കണമെന്നും ഇതിലൂടെ ഭീകരവാദത്തിനെതിരെ നിലകൊളളണമെന്നും വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. എങ്കില്‍ മാത്രമേ കശ്മീര്‍ താഴ്‌വരയില്‍ സമാധാനം നിലനിര്‍ത്താന്‍ കഴിയുകയുളളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കശ്മീരില്‍ തിരികെ എത്തി സമാധാന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥി സംഘം സൈനിക മേധാവിക്ക് ഉറപ്പു നല്‍കി. തലസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളും കുട്ടികള്‍ സന്ദര്‍ശിച്ചു.

chandrika: