ന്യൂഡല്‍ഹി: തമിഴ് സിനിമ ‘മെര്‍സലി’ല്‍ കേന്ദ്ര സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സംഭാഷണങ്ങള്‍ക്കെതിരെ ബി.ജെ.പി രംഗത്തു വന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിനിമ തമിഴ് സംസ്‌കാരത്തിന്റെയും ഭാഷയുടെയും പ്രകടനമാണെന്നും തമിഴ് ജനതയുടെ ആത്മാഭിമാനം തകര്‍ക്കരുതെന്നും രാഹുല്‍ ട്വീറ്റിലൂടെ മോദിയോടാവശ്യപ്പെട്ടു. ബി.ജെ.പിയുടെ ഇടപെടലിനെ തുടര്‍ന്ന് മെര്‍സലിലെ ചില സംഭാഷണ രംഗങ്ങള്‍ മ്യൂട്ട് ചെയ്യാന്‍ നിര്‍മാതാക്കള്‍ സമ്മതിച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് രാഹുലിന്റെ വിമര്‍ശനം.
‘മിസ്റ്റര്‍ മോദി. സിനിമ തമിഴ് സംസ്‌കാരത്തിന്റെയും ഭാഷയുടെയും ആഴത്തിലുള്ള പ്രകടനമാണ്. മെര്‍സലില്‍ ഇടപെടുക വഴി തമിഴ് ജനതയുടെ ആത്മാഭിമാനത്തെ പൈശാചികവല്‍ക്കരിക്കരുത്.’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
കേന്ദ്ര സര്‍ക്കാര്‍ തിടുക്കപ്പെട്ട് നടപ്പിലാക്കിയ നോട്ട് നിരോധനം, ചരക്കു സേവന നികുതി, ഡിജിറ്റല്‍ പേമെന്റ് പദ്ധതി, ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ ഓക്‌സിജന്‍ ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് നിരവധി കുഞ്ഞുങ്ങള്‍ മരിച്ച സംഭവം തുടങ്ങിയവ പരാമര്‍ശിച്ചതാണ് ബി.ജെ.പിയെ മെര്‍സലിനെതിരെ തിരിച്ചത്. തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജനാണ് സംഭാഷണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് രംഗത്തു വന്നത്.