ന്യൂഡല്‍ഹി: ലൈംഗിക ബന്ധത്തിനിടെ നിശ്ശബ്ദത പാലിച്ചു എന്നത് സമ്മതമായി കാണാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പത്തു വര്‍ഷം തടവ് വിധിക്കപ്പെട്ട മുന്ന എന്നയാളുടെ പുനഃപരിശോധനാ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സംഗീത ധിംഗ്ര സേഗാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ പീഡിപ്പിക്കുമ്പോള്‍ പെണ്‍കുട്ടി പ്രതികരിച്ചില്ലെന്നും മൗനം പാലിച്ചുവെന്നും കാണിച്ചാണ് മുന്ന, ശിക്ഷാവിധി പിന്‍വലിക്കാന്‍ അപ്പീല്‍ നല്‍കിയത്.
ഇരയാക്കപ്പെട്ട പെണ്‍കുട്ടി, മുന്ന തനിക്ക് മരുന്നുകള്‍ നല്‍കിയതായും പുറത്തു പറഞ്ഞാല്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും കോടതി മുമ്പാകെ അറിയിച്ചിരുന്നു. പ്രതിയുടെ ചെയ്തികള്‍ പരിഗണിക്കുമ്പോള്‍, നിശ്ശബ്ദയായി എന്നതു മാത്രം ലൈംഗിക ബന്ധം സമ്മതപ്രകാരമാണെന്നു സ്ഥാപിക്കുന്നതിനുള്ള തെളിവല്ലെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍, സമ്മത പ്രകാരമുള്ളതല്ലാത്ത ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കപ്പെടും.
മുന്ന ശിക്ഷിക്കപ്പെടാന്‍ കാരണമായ സംഭവം നടന്നത് 2011-ലാണ്. ചിറ്റമ്മയുടെ പീഡനം സഹിക്കവയ്യാതെ നാടുവിട്ട പെണ്‍കുട്ടി ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചേരുകയും അവിടെ കണ്ടുമുട്ടിയ ഒരു വൃദ്ധന്‍ അവളെ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കുകയും ചെയ്തു. ഇവിടെ വെച്ചാണ് മുന്ന പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മുന്ന പെണ്‍കുട്ടിയെ പാനിപ്പത്തിലേക്ക് കൊണ്ടുപോവുകയും, അവിടെ ഒരു ഫഌറ്റില്‍ രണ്ടര മാസത്തോളം താമസിപ്പിച്ച് പീഡിപ്പിക്കുകയുമായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മറ്റൊരു നഗരത്തില്‍ കൊണ്ടുപോയി പീഡനം തുടരുകയും ചെയ്തു.
പിന്നീട് ഡല്‍ഹി ശാസ്ത്രി പാര്‍ക്കിലെത്തിച്ച പെണ്‍കുട്ടിയെ സുമന്‍ എന്നയാളുടെ ഫഌറ്റില്‍ വെച്ചും പീഡനത്തിനിരയാക്കി. സുമന്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മുന്നയെ പൊലീസ് പിടികൂടിയത്. തുടക്കത്തില്‍, ബലാത്സംഗത്തിന് സഹായിച്ചതിന് സുമനെതിരെയും കേസുണ്ടായിരുന്നെങ്കിലും വിചാരണ കോടതി തെളിവില്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു. 2015-ലാണ് മുന്നയെ പത്ത് വര്‍ഷം തടവിന് ശിക്ഷിച്ചത്.