X

‘മുകേഷിന് മാത്രമായി പ്രത്യേക നിയമം ഇല്ല’; മുകേഷിനെതിരെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: മുകേഷിന് മാത്രമായി പ്രത്യേക നിയമം ഇല്ലെന്നും സര്‍ക്കാര്‍ ആരെയും രക്ഷിക്കില്ലെന്നും മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. പരാതിക്കാര്‍ നിയമപരമായി നീങ്ങിയാല്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു. നടനും ഇടത് എം.എല്‍.എയുമായ മുകേഷിനെതിരായ മീ ടൂ വെളിപ്പെടുത്തലിന് പിന്നാലെയാണ് മന്ത്രിയുടെ പരാമര്‍ശം.

സിനിമയിലെ വനിതാ കൂട്ടായ്മ ഡ.ബ്ല്യു.സി.സി ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഇരക്കൊപ്പം നില്‍ക്കും. വിഷയം അമ്മയും ഡ.ബ്ല്യു.സി.സിയും തമ്മില്‍ പരിഹരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പത്തൊമ്പത് വര്‍ഷം മുമ്പ് നടന്ന ഒരു പരിപാടിയുടെ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ താമസിക്കുമ്പോള്‍ മുകേഷ് നിരന്തം വിളിച്ച് ശല്യപ്പെടുത്തിയെന്നും മുകേഷിന്റെ മുറിയുടെ അടുത്തേക്ക് തന്നെ മാറ്റാന്‍ ശ്രമിച്ചെന്നുമാണ് സാങ്കേതിക പ്രവര്‍ത്തക ടെസ് ജോസഫ് വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ സമൂഹമാധ്യമത്തിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം മുകേഷിനെതിരെ കേസെടുക്കാനാകില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. സംഭവം വിവാദമായപ്പോള്‍ അവരെ അറിയില്ലെന്നായിരുന്നു മുകേഷിന്റെ പ്രതികരണം.

chandrika: