യുണൈറ്റഡ് നേഷന്‍സ്: മാനസികാരോഗ്യ രംഗത്ത് ഇന്ത്യ പിന്നിലെന്ന് ലോകാരോഗ്യ സംഘടന. വിഷാദ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മുന്നിലാണെന്നാണ് ആരോഗ്യസംഘടനയുടെ കണ്ടെത്തല്‍. വിഷാദരോഗം, അമിത ഉത്കണ്ഠ, ബൈപോളര്‍ ഡിസോര്‍ഡര്‍ എന്നീ രോഗങ്ങള്‍ ഇന്ത്യയില്‍ വര്‍ധിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്.
2015-2016 വര്‍ഷങ്ങളില്‍ നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് സര്‍വേ പ്രകാരം ഇന്ത്യയില്‍ ആറില്‍ ഒരാള്‍ക്ക് മാനസിക ബുദ്ധിമുട്ടുകള്‍ക്ക് വേണ്ട ചികിത്സ നല്‍കണമെന്നാണ് പറയുന്നത്. വിഷാദ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യക്കു തൊട്ടുപിന്നിലായി ചൈനയും അമേരിക്കയുമുണ്ട്.
നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഇന്ത്യയിലെ ജനസംഖ്യയുടെ 6.5 ശതമാനം ആളുകള്‍ക്ക് കടുത്ത മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. കൗമാരക്കാരിലാണ് വിഷാദരോഗം കൂടുതലായി കണ്ടുവരുന്നത്.