തിരുവനന്തപുരം: സംസ്ഥാനത്ത് പതിനെട്ടു വയസ്സിനു മുകളിലുള്ള 12.43 ശതമാനം പേര്‍ക്ക് അതായത് എട്ടില്‍ ഒരാള്‍ക്ക് ചികിത്സ ആവശ്യമുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ഇവരില്‍ത്തന്നെ ഗുരുതരമായ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ (സൈക്കോസിസ്) ഉള്ളവര്‍ 0.71 ശതമാനമാണെന്നും കേരള മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയും ദേശീയാരോഗ്യമിഷനും സംയുക്തമായി അഞ്ച് ജില്ലകളില്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
0.29 ശതമാനം പേര്‍ ഷിസോഫ്രീനിയയും 0.27 ശതമാനം പേര്‍ ബൈപോളാര്‍ ഡിസീസും ഉള്ളവരാണ്.
ഒമ്പതു ശതമാനം പേര്‍ വിഷാദ രോഗത്തിന് അടിമകളാണ്. മദ്യപാനവുമായി ബന്ധപ്പെട്ട മാനസിക പ്രശ്‌നങ്ങളനുഭവിക്കുന്നവര്‍ 1.46 ശതമാനമാണ്. ഗുരുതരമായ മാനസിക രോഗമുള്ളവരില്‍ 75 ശതമാനം പേരും ചികിത്സ ലഭിക്കുന്നവരാണ്. ഇവരില്‍ 42.88 ശതമാനം പേര്‍ സര്‍ക്കാര്‍ ആശുപത്രികളിലും 29.24 ശതമാനം പേര്‍ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടുന്നു. 22.9 ശതമാനം പേര്‍ തുടര്‍ ചികിത്സ ലഭ്യമായിട്ടുള്ളവരാണ്. ചികിത്സയോട് വിമുഖത കാണിക്കുന്നതും സാമ്പത്തിക പ്രശ്‌നങ്ങളും തുടര്‍ച്ചയായി മരുന്ന് ലഭിക്കാത്തതും ചികിത്സ എടുക്കാത്തതിനുള്ള മുഖ്യ കാരണങ്ങളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പരിധിയിലുള്ള 137 വാര്‍ഡുകളിലെ 45,886 വീടുകളിലായി 1,92,980 പേരില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
രോഗികള്‍ക്കായി തൊഴിലധിഷ്ഠിത പുനരധിവാസ കേന്ദ്രങ്ങളും ഷോര്‍ട്ട് സ്‌റ്റേ-ലോംഗ് സ്‌റ്റേ കെയര്‍ഹോമുകളും പകല്‍വീടുകളും ആരംഭിക്കണമെന്ന് രോഗികളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് പഠനം നടത്തുന്നതിനായി അനുവദിച്ചത്. അതില്‍ 35 ലക്ഷം രൂപ മാത്രമാണ് ചെലവായത്.
ബാക്കി തുക പ്രയോജനപ്പെടുത്തി മറ്റു ജില്ലകളിലും മാനസികാരോഗ്യ പഠനം നടത്തുമെന്ന് റിപ്പോര്‍ട്ട് സ്വീകരിച്ചുകൊണ്ട് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കി മാനസികാരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ജനങ്ങള്‍ നേരിടുന്ന മാനസിക വെല്ലുവിളികള്‍ സംബന്ധിച്ച് ഡേറ്റാബേസ് തയാറാക്കും.
നവകേരള മിഷന്റെ ഭാഗമായി നടപ്പാക്കുന്ന ആര്‍ദ്രം മിഷനില്‍ മാനസികാരോഗ്യ സംരക്ഷണത്തിനുതകുന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തുമെന്നും സംസ്ഥാനത്തെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കേരള മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി സെക്രട്ടറി ഡോ.ഡി. രാജു, ഡോ. സതീഷ് എന്നിവര്‍ പങ്കെടുത്തു.