X

മെന്‍സ് അണ്ടര്‍ 23 സ്റ്റേറ്റ് ട്രോഫി: മണിപ്പൂരിനെതിരെ കേരളത്തിന് ജയം

മെന്‍സ് അണ്ടര്‍ 23 സ്റ്റേറ്റ് ട്രോഫിയില്‍ മണിപ്പൂരിനെതിരെ കേരളം ജയം. 162 റണ്‍സിന് കേരളം വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മണിപ്പൂര്‍ 47ആം ഓവറില്‍ 116 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

രണ്ടാം വിക്കറ്റില്‍ ഒമര്‍ അബൂബക്കറും കാമില്‍ അബൂബക്കറും ചേര്‍ന്ന് നേടിയ 66 റണ്‍സാണ് കേരള ഇന്നിങ്സിന് അടിത്തറയിട്ടത്. ഒമര്‍ 51 പന്തുകളില്‍ നിന്ന് 60ഉം കാമില്‍ 26ഉം റണ്‍സാണ് എടുത്തത്. അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ രോഹന്‍ നായരും അഭിജിത് പ്രവീണും ചേര്‍ന്ന് നേടിയ 105 റണ്‍സ് കേരളത്തിന്റെ ലീഡ് ഉയര്‍ത്തുകയായിരുന്നു. രോഹന്‍ നായര്‍ 65 പന്തില്‍ 54ഉം അഭിജിത് പ്രവീണ്‍ 74 പന്തില്‍ 55ഉം റണ്‍സെടുത്തു. അവസാന ഓവറുകളില്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്തിയ അക്ഷയ് ടി കെയുടെ പ്രകടനമാണ് കേരളത്തിന്റെ സ്‌കോര്‍ 278ലേക്ക് എത്തിച്ചത്. അക്ഷയ് 34 പന്തുകളില്‍ നിന്ന് 44 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മണിപ്പൂരിന് ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാനായില്ല. 28 റണ്‍സെടുത്ത ഡൊമിനിക് ആണ് മണിപ്പൂരിന്റെ ടോപ് സ്‌കോറര്‍.

 

webdesk17: