എം.ജെ അക്ബറിനെതിരെ അന്വേഷണം വേണം
ന്യൂഡല്‍ഹി: ലൈംഗിക പീഡന ആരോപണ വിധേയനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുന്‍ മാധ്യമ പ്രവര്‍ത്തകനുമായ എം. ജെ. അക്ബറിനെതിരെ അന്വേഷണം ആവശ്യമാണെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി.
‘മീ ടൂ’ കാമ്പയിനില്‍ പുറത്തുവന്നിട്ടുള്ള വിഷയത്തില്‍ അന്വേഷണം ആവശ്യമാണ്. അധികാരമുള്ള പുരുഷന്‍മാര്‍ പലപ്പോഴും സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നു. മാധ്യമ രംഗത്ത്, രാഷ്ട്രീയ രംഗത്ത്, കമ്പനികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലായിടങ്ങളിലും ഈ പീഡനം നിലനില്‍ക്കുന്നു. ഇപ്പോള്‍ സ്ത്രീകള്‍ അത് തുറന്നു പറയാന്‍ തയ്യാറായിട്ടുണ്ട്.
നാം അത് ഗൗരവമായി എടുക്കണമെന്നും മനേക ഗാന്ധി പറഞ്ഞു. പരാതി പറഞ്ഞാല്‍ സമൂഹം തങ്ങളെ കുറിച്ച് എന്തു കരുതും എന്ന് ചിന്തിച്ച് ഇതുവരെ സഹിക്കുകയായിരുന്നു സ്ത്രീകള്‍. ഇപ്പോള്‍ അവര്‍ തുറന്നു പറയാന്‍ തുടങ്ങിയിരിക്കുന്നു. ഓരോ ആരോപണങ്ങളും അന്വേഷിച്ച് കൃത്യമായ നടപടി സ്വീകരിക്കണമെന്നും മനേക ആവശ്യപ്പെട്ടു. അതേ സമയം എം.ജെ അക്ബറിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ പ്രതികരിക്കാതെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് തടിതപ്പിയിരുന്നു. അക്ബറിനെതിരെ നടപടിയെടുക്കുമോയെന്ന ചോദ്യത്തിന് സുഷമ പ്രതികരിച്ചില്ല. ഇതിനു പിന്നാലെ പ്രതിരോധ മന്ത്രി നിര്‍മല സീതാരാനും ഇതു സംബന്ധിച്ച ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറി.
ലൈവ്മിന്റ് നാഷണല്‍ ഫീച്ചേഴ്‌സ് എഡിറ്റര്‍ പ്രിയ രമണിയാണ് അക്ബറിനെതിരെ ട്വിറ്ററിലൂടെ ആദ്യം ആരോപണമുന്നയിച്ചത്. ഇതിനു പിന്നാലെ ഏഷ്യന്‍ ഏജില്‍ അക്ബറിന്റെ സഹപ്രവര്‍ത്തകയായിരുന്ന മറ്റൊരു യുവതി കൂടി പരാതിയുമായി എത്തിയതോടെ ബി.ജെ.പി വെട്ടിലായിരിക്കുകയാണ്. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര മന്ത്രിക്കെതിരായ ലൈംഗികാരോപ ണം തിരിച്ചടിയാകുമെന്ന ഭീതി ബി.ജെ.പിക്കുണ്ട്. അക്ബറിന്റെ രാജിക്കായി കോണ്‍ഗ്രസ് ഇതിനോടകം തന്നെ മുറവിളി തുടങ്ങിയിട്ടുണ്ട്.