X

കേരളത്തില്‍ ഗവേഷകരില്‍ പെണ്‍കുട്ടികള്‍ ബഹുദൂരം മുന്നില്‍

ദാവൂദ് മുഹമ്മദ്

കണ്ണൂര്‍: സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ ഗവേഷകരില്‍ പെണ്‍കുട്ടികള്‍ ബഹുദൂരം മുന്നില്‍. കണ്ണൂര്‍ ഒഴികെയുള്ള എല്ലാ സര്‍വ്വകലാശാലകളിലും പെണ്‍കുട്ടികളാണ് മുന്നില്‍. ഇതില്‍ ഏറെയും ജെ.ആര്‍.എഫ് നേടിയവരുമാണ്.
പ്രധാന ഒന്‍പത് സര്‍വ്വകലാശാലകളിലായി പി.എച്ച്ഡി ചെയ്യുന്ന 2928 ഗവേഷകരില്‍ 1733 പേരും പെണ്‍കുട്ടികളാണ്. മാനവിക, ശാസ്ത്ര, ഭാഷാ വിഷയങ്ങളില്‍ പെണ്‍കുട്ടികള്‍ നേട്ടം കൊയ്യുമ്പോള്‍ ആരോഗ്യം, നിയമം, വിവര സാങ്കേതിക മേഖലകളിലാണ് ആണ്‍കുട്ടികള്‍ കണ്ണൂവെക്കുന്നത്. എപിജെ അബ്ദുല്‍കലാം ടെക്‌നിക്കല്‍ സര്‍വ്വകലാശാല, കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാല,ആരോഗ്യ, വെറ്ററിനറി, ഫിഷറീസ് എന്നീ സര്‍വ്വകലാശാലകളിലെ പൂര്‍ണ്ണ വിവരം ലഭിച്ചിട്ടില്ല. എങ്കിലും ഇവിടെ സ്ഥിതിയും വ്യത്യസ്തമല്ല.

കൊച്ചി ശാസ്ത്ര സാങ്കേതിക(കുസാറ്റ്) സര്‍വ്വകലാശലയില്‍ ഗവേഷണം നടത്തുന്ന 785 പേരില്‍ 430ഉം കേരള സര്‍വ്വകലാശലാശാലയില്‍ 690പേരില്‍ 438 ഉം പെണ്‍കുട്ടികളാണ്. എന്നാല്‍ കണ്ണൂര്‍ സര്‍വ്വകലാശാല, നാഷണല്‍ യൂണിവേഴ്‌സിറ്റി അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ്(നുഹാല്‍സ്) എന്നിവിടങ്ങളിലാണ് നേരിയ തോതില്‍ പുരുഷ മേധാവിത്തമുള്ളമുള്ളത്. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഗവേഷണം നടത്തുന്ന 119 പേരില്‍ 65ഉം നുഹാല്‍സില്‍ 13ല്‍ എട്ടും ആണ്‍ കുട്ടികളാണ്. എന്നാല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ 188 പെണ്‍കുട്ടികളും 149 ആണ്‍കുട്ടികളുമാണ് ഗവേഷണം നടത്തുന്നത്. തിരൂര്‍ മലയാള സര്‍വ്വകലാശാലയിലും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലും പെണ്‍കുട്ടികളാണ് ഏറെയും. തിരൂരില്‍ 54 ഗവേഷകരില്‍ 43ഉം കാലടിയില്‍ 511പേരില്‍ 343പേരും പെണ്‍കുട്ടികളാണ്. സംസ്‌കൃത സര്‍വ്വകലാശാല പ്രധാന കാമ്പസിലും എട്ട് പ്രദേശിക കേന്ദ്രങ്ങളിലുമായി പഠനം നടത്തുന്ന 2800 ഓളം കുട്ടികളില്‍ 90 ശതമാനവും പെണ്‍കുട്ടികളാണ്. പലകോഴ്‌സുകളിലും ഇവിടെ ആണ്‍കുട്ടികള്‍ പേരിനു മാത്രമാണ്.

സംസ്ഥാനത്തെ പ്രധാന ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലെല്ലാം 60 ശതമാനത്തിലധികം പെണ്‍കുട്ടികളാണ്. എം. ഫില്‍ കോഴ്‌സിലും ഇതുതന്നെയാണ് അവസ്ഥ. ആണ്‍കുട്ടികള്‍ പരമ്പരാഗത കോഴ്‌സുകളില്‍ നിന്നുമാറി നില്‍ക്കുന്നതാണ് ഈ മേഖലയില്‍ പെണ്‍മേധാവിത്തത്തിനു കാരണമെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നു.

chandrika: