റസാഖ് ആദൃശ്ശേരി
ഹിന്ദു ഫാസിസം അവരുടെ രാഷ്ട്രീയ പരീക്ഷണം നടത്തിയതിന്റെ ആദ്യ ഫലമായിരുന്നു 2002ല്‍ നടന്ന ഗുജറാത്ത് കലാപം. രണ്ട് പതിറ്റാണ്ട് പിന്നിടുന്ന വേളയില്‍ കലാപത്തെക്കുറിച്ച് ഓര്‍ക്കുന്നതുപോ ലും ഞെട്ടലുളവാക്കുന്നതാണ്. ഗോധ്രയില്‍ 58 ഹിന്ദുക്കളെ സബര്‍മതി എക്‌സ്പ്രസില്‍ മുസ്‌ലിം തീവ്രവാദികള്‍ ജീവനോടെ ചുട്ടുകരിച്ചുവെന്നതായിരുന്നു അതിനുള്ള കാരണമായി സംഘ്പരിവാര്‍ പ്രചരിപ്പിച്ചത്. ഗോധ്ര കൂട്ടക്കുരുതിക്കുശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും മുസ്‌ലിം സമുദായത്തിനെതിരെ കൂട്ടക്കുരുതി നടത്തി. ഔദ്യോഗികമായി മരിച്ചവര്‍ 800. സ്വതന്ത്ര റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് മൂവ്വായിരത്തിനും മുകളിലാണ് മരണ സംഖ്യയെന്നാണ്. ഭവനരഹിതരായത് ഏകദേശം ഒന്നര ലക്ഷം പേര്‍. സ്ത്രീകളെ നഗ്‌നരാക്കുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. പൂര്‍ണ ഗര്‍ഭിണികളെപ്പോലും വെറുതെ വിട്ടില്ല. അവരെ ബലാത്സംഗം ചെയ്തു വയറു കീറി കുഞ്ഞിനെ പുറത്തെടുത്തു കൊന്ന എത്രയോ സംഭവങ്ങള്‍ പോലും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. കുട്ടികളുടെ കണ്‍മുമ്പില്‍ വെച്ചു മാതാപിതാക്കളെ കൊലക്കത്തിക്കിരയാക്കി. ഇരുന്നൂറ്റി നാല്‍പതു ദര്‍ഗകളും നൂറ്റി എണ്‍പതു മസ്ജിദുകളും തകര്‍ക്കപ്പെട്ടു. പ്രശസ്ത ഉറുദു കവി വാലി ഗുജറാത്തിയുടെ ഖബറിടം നിരപ്പാക്കി ഒറ്റ രാത്രി കൊണ്ടതിനുമീതെ റോഡുപണിതു. മുസ്‌ലിംകളുടെ കടകള്‍, വീടുകള്‍, തുണിമില്ലുകള്‍, വാഹനങ്ങള്‍ ഒക്കെ തീവെക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ആയിരങ്ങള്‍ക്ക് ഉപജീവനമാര്‍ഗം തന്നെ നഷ്ടപ്പെട്ടു.
ഇതിനിടയില്‍ കുറച്ചുപേര്‍ മുന്‍ കോണ്‍ഗ്രസ് എം.പി ഇഖ്ബാല്‍ ഇഹ്‌സാന്‍ ജാഫ്രിയുടെ വീട്ടില്‍ അഭയം തേടിയിരുന്നു. ആ വീടും ഹിന്ദു തീവ്രവാദികള്‍ വളഞ്ഞു. ഡി.ജി.പിയെയും പൊലീസ് കമ്മീഷണറെയും ചീഫ് സെക്രട്ടറിയെയും അദ്ദേഹം ഫോണില്‍ വിളിച്ചപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. പൊലീസ് തിരിഞ്ഞു നോക്കിയില്ല. അക്രമികള്‍ അദ്ദേഹത്തിന്റെ വീടു തകര്‍ത്ത് അകത്തു കയറി പെണ്‍മക്കളെ നഗ്‌നരാക്കി ജീവനോടെ തീകൊളുത്തി. പിന്നെ അവര്‍ ഇഹ്‌സാന്‍ ജാഫ്രിയെ ഗളഛേദം ചെയ്തു. അവയവങ്ങള്‍ വെട്ടിമാറ്റി. ഒരു മുന്‍ എം.പി പോലും ഇത്രയും ക്രൂരമായി കൊലചെയ്യപ്പെട്ടിട്ടും അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അവിടേക്ക് തിരിഞ്ഞു നോക്കിയില്ല. രാജ്‌കോട്ടില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി ജനവിധി തേടിയപ്പോള്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതില്‍ മുന്‍പന്തിയില്‍ ജാഫ്രിയുണ്ടായിരുന്നുവെന്നത് യാദൃച്ഛികം മാത്രം.
ഗുജറാത്തിലങ്ങോളമിങ്ങോളം അക്രമികള്‍ അഴിഞ്ഞാടി. പെട്രോള്‍ ബോംബുകള്‍, തോക്ക്, കത്തി, വാള്‍, ത്രിശൂലം എന്നിവയായിരുന്നു ആയുധങ്ങള്‍. വര്‍ഗീയ വിഷം ആളി കത്തിക്കുന്നതില്‍ ബി.ജെ.പിയും സംഘ്പരിവാര്‍ ശക്തികളും മത്സരിച്ചു. ഭരണകൂടത്തിന്റെ സര്‍വ പിന്തുണയും അവര്‍ക്ക് ലഭിച്ചു. ദലിതുകളും ആദിവാസികളും വരെ അക്രമിസംഘങ്ങളിലേക്ക് അണിചേര്‍ക്കപ്പെട്ടു. മുസ്‌ലിം വീടുകളുടെയും കച്ചവട സ്ഥാപനങ്ങളുടെയും കമ്പ്യൂട്ടര്‍ പ്രിന്റുകളുമായി അക്രമിസംഘങ്ങളുടെ നേതൃത്വം ചുറ്റിത്തിരിഞ്ഞു. മൊബൈല്‍ ഫോണുകള്‍ നിരന്തരം ശബ്ദിച്ചു കൊണ്ടിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് സ്വരുക്കൂട്ടിയ ആയിരക്കണക്കിനു ഗ്യാസ് സിലിണ്ടറുകള്‍ അവരുടെ കൈവശമുണ്ടായിരുന്നു. അതുപയോഗിച്ചാണ് മുസ്‌ലിം വ്യാപാര സ്ഥാപനങ്ങള്‍ അവര്‍ തകര്‍ത്തത്. പൊലീസാകട്ടെ, അക്രമികളെ ചെറുക്കുന്നവര്‍ക്കെതിരെ വെടിയുതിര്‍ത്ത് അക്രമികള്‍ക്ക് സര്‍വ സുരക്ഷിതത്വവും നല്‍കി.
ഗുജറാത്തില്‍ ആയിരങ്ങള്‍ കൊല ചെയ്യപ്പെടുമ്പോള്‍ ഇന്ത്യക്ക് ഒരു പ്രധാനമന്ത്രിയുണ്ടായിരുന്നു. ഒന്നര മാസത്തിനു ശേഷമാണ് അദ്ദേഹം ഗുജറാത്ത് സന്ദര്‍ശിച്ചത്. അപ്പോഴേക്കും ഗുജറാത്ത് ആളി കത്തിയമര്‍ന്നു കഴിഞ്ഞിരുന്നു. അദ്ദേഹം അനുകമ്പയുടെ വാക്കുകള്‍ ഉരുവിട്ടു. പക്ഷേ, ആ വാക്കുകള്‍ക്ക് ആരും വില കല്‍പ്പിച്ചില്ല. അതിലെ ആത്മാര്‍ഥതയില്ലായ്മ എല്ലാവര്‍ക്കും ബോധ്യമായിരുന്നു. അവിടെ നിന്നും വാജ്‌പേയി നേരെ പോയത് സിംഗപ്പൂരിലെ ബിസിനസുകാരുമായി കരാറിലേര്‍പ്പെടാനായിരുന്നല്ലോ. ഗുജറാത്തിലെ വംശഹത്യ അദ്ദേഹത്തിന്റെ മനസിനെ തീരെ അലട്ടിയിരുന്നില്ലയെന്നത് വ്യക്തം.
യഥാര്‍ഥത്തില്‍ ഗുജറാത്തില്‍ നടന്ന മുസ്‌ലിം വംശഹത്യയുടെ നേര്‍കാഴ്ചകള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമങ്ങളും വിളിച്ചു പറഞ്ഞതിനേക്കാള്‍ എത്രയോ ഭീകരമായിരുന്നു. അഹ്മദാബാദ്, ബറോഡ, ഗോധ്ര എന്നീ നഗരങ്ങളില്‍ ഇപ്പോഴും ഈ ഭീകരതയുടെ അവശേഷിപ്പുകള്‍ കാണാം. ഗുജറാത്തില്‍ നടന്ന കൊടും ക്രൂരതകള്‍ പുറത്തറിയിക്കുന്നതില്‍ മാധ്യമ പ്രവര്‍ത്തകരും മനുഷ്യാവകാശ ഗ്രൂപ്പുകളും പുലര്‍ത്തിയ ആര്‍ജ്ജവവും ജാഗ്രതയും ഏറെ പ്രശംസിക്കപ്പെട്ടു. വര്‍ഗീയ വേതാളങ്ങള്‍ പൂര്‍ണായുധ സജ്ജരായി ഉറഞ്ഞുതുള്ളുകയും സര്‍ക്കാര്‍ മെഷിനറി വംശഹത്യക്ക് ഉപയോഗിക്കപ്പെടുകയും ചെയ്ത വേളയില്‍ ഈ മിന്നാമിനുങ്ങുകളുടെ ഇത്തിരിവെട്ടം മാത്രമാണ് പ്രകാശം പരത്താനുണ്ടായിരുന്നത്.
ജനങ്ങളെ ഭയചകിതരും നിരാശരരുമാക്കി മാറ്റുന്നതിനു ഗോധ്രാ സംഭവത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങള്‍ കാരണമായി. ഫലപ്രദമായ പ്രതിരോധത്തിനു പോലും കഴിയാത്തവിധം ജനങ്ങളെയത് നിര്‍വീര്യരാക്കി. ഗോധ്രയില്‍ തീവണ്ടിയാത്രക്കാരെ മുസ്‌ലിംകള്‍ ചുട്ടെരിച്ചുവെന്ന ആര്‍.എസ്.എസ് ഭാഷ്യം ഏറ്റുപിടിച്ചു കൊണ്ടു മുസ്‌ലിംകളെ അപലപിച്ചവര്‍ അവരുടെ ആത്മവിശ്വാസം തകര്‍ത്തു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഉന്മൂലന പദ്ധതി നടപ്പിലാക്കാന്‍ ഹിന്ദുത്വ ശക്തികള്‍ തന്നെ നടത്തിയ കൊടും പാതകമായിരുന്നു ഗോധ്രയിലെ തീവണ്ടി തീവെച്ച സംഭവമെന്ന കാര്യത്തില്‍ അവിടത്തെ മുസ്‌ലിംകള്‍ ഏകാഭിപ്രായക്കാരായിരുന്നു. റെയില്‍വെ സുരക്ഷാ സേനയുടെയും ഫോറന്‍സിക ലബോറട്ടറി പരിശോധനയുടെയും റിപ്പോര്‍ട്ട് പുറത്തുനിന്നുള്ള തീവെപ്പ് തള്ളിക്കളഞ്ഞിരുന്നു. റെയില്‍വെ മന്ത്രാലയം നിയോഗിച്ച യു.സി ബാനര്‍ജി കമ്മീഷനാകട്ടെ തീപിടുത്തം അബദ്ധത്തില്‍ സംഭവിച്ചതാണെന്നു വിലയിരുത്തി. എന്നിട്ടും മുസ്‌ലിംകളെ പ്രതിക്കൂട്ടില്‍ കയറ്റിയവര്‍ മാപ്പു പറയാന്‍ തയ്യാറായില്ലയെന്നത് വര്‍ത്തമാന ഇന്ത്യയുടെ ദുരവസ്ഥ.
ഗുജറാത്ത് കലാപം അന്വേഷിക്കാന്‍ മോദി സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് നാനാവതി കമ്മീഷനെ നിയോഗിച്ചു. ഗുജറാത്ത് കലാപത്തില്‍ മുന്‍ മുഖ്യമന്ത്രിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ അന്നത്തെ മന്ത്രിമാര്‍ക്കോ പങ്കില്ലെന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്. കലാപം ഇളക്കിവിട്ടതിലും ആളിക്കത്തിച്ചതിലും മോദിക്കും അദ്ദേഹത്തിന്റെ മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന ആരോപണം തെളിയിക്കുന്ന ഒരു തെളിവും ഇല്ലെന്നു റിപ്പോര്‍ട്ട് പറയുന്നു. മുന്‍ ഗുജറാത്ത് ഡി.ജി.പിയും മലയാളി പൊലീസ് ഓഫീസറുമായ ആര്‍.ബി ശ്രീകുമാര്‍, മറ്റു മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍മാരായ രാഹുല്‍ ശര്‍മ്മ, സഞ്ജീവ് ഭട്ട് എന്നിവര്‍ ഗുജറാത്ത് സര്‍ക്കാറിനെതിരെ നല്‍കിയ തെളിവുകളെല്ലാം കമ്മീഷന്‍ തള്ളിക്കളഞ്ഞു. ഇവര്‍ക്കെതിരെ വകുപ്പ്തല അന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു. കലാപം ആളിപ്പടരാനിടയാക്കിയത് പൊലീസിന്റെ വീഴ്ചയാണെന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്.
സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ നേതൃനിരയിലേക്ക് ഉയരാനും തുടര്‍ന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയാവാനും നരേന്ദ്ര മോദിക്ക് വഴിയൊരുക്കിയത് ഗുജറാത്ത് കലാപമായിരുന്നു. ഭരണകൂട ഭീകരതയിലൂടെ ഒരു രാജ്യം ഫാസിസ്റ്റ്‌വല്‍കരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, കലാപത്തിനു നേതൃത്വം കൊടുത്തവര്‍ തന്നെ അധികാര കസേരകളിലിരിക്കുമ്പോള്‍, ഇരകളുടെ നീതി തേടിയുള്ള യാത്ര വെറുതെയാവും എന്ന കാര്യം ഏതാണ്ടുറപ്പാണ്.